അവൾ – ഹഫീസയുടെ കഥ 27

പൊലീസുകാരി മാധവി കൗർ ഒരു ഗ്ളാസ്സിൽ നിറയെ വെള്ളം കൊണ്ട് കൊടുത്തു. അത് വാങ്ങി ഒരിറക്ക് കുടിച്ചിട്ട്, അവൾ തന്റെ കൈകൾ നീട്ടി , കുപ്പായകൈ തെറുത്തു കയറ്റി കാണിച്ചിട്ട് പറഞ്ഞു , “അവനെ കൊന്നത് ഞാൻ തന്നെ ആണ്, ഒറ്റയ്ക്ക്, ഈ കൈകൾ കൊണ്ട്.”

“ഒന്നും ചെയ്യാനില്ലാതെ നോക്കി നിൽക്കുന്നതിന്റെ വേദന, മരണത്തെക്കാൾ ഭീകരമാണ്. എനിക്കിനി ബാക്കി എന്തുണ്ട് ? കൊലക്കയർ മാത്രമാകാം. ഭയമില്ല. പറയാം, നിങ്ങൾക്ക് മുൻപിൽ മാത്രമല്ല. മനുഷ്യാവകാശ പ്രവർത്തകർ പുറത്തതുണ്ടല്ലോ. അവരെയും വിളിക്കണം. പോലീസുകാർ ഞാൻ പറയുന്നതെല്ലാം എഴുതിയെന്ന് വരില്ല.” ഹഫീസ, തലയിലെ കോറ തുണി വലിച്ചു പിടിച്ചു, താഴേക്ക് നോക്കി നിന്നു.

ഹഫീസയ്ക്ക് പറയാനുള്ളത് എന്താകും എന്ന് ദത്താ റാം മാധവികൗർ നോട് ചോദിച്ചു. കൗർ “”ഇതൊക്കെ എന്ത്”” എന്ന മട്ടിൽ ഏതോ പഞ്ചാബി പത്രം നിവർത്തി പരസ്യങ്ങളിലേയ്ക്ക് കണ്ണ് പായിച്ചു.

ആ പോലീസുകാരൻ ഹഫീസയെ ഒരു വിധം അനുനയിപ്പിച്ച് ഇരിക്കുവാൻ പറഞ്ഞു.

അവൾ അവളുടെ കുടുംബത്തെ പറ്റി പറഞ്ഞു തുടങ്ങി.

“അലിബാഗിൽ പലഹാരക്കച്ചവടം നടത്തിയാണ് എന്റെ അബ്ബ കുടുംബം നോക്കിയിരുന്നത്. എനിക്ക് രണ്ടു സഹോദരിമാർ സഫയും മർവയും എന്റെ മൂത്തവർ, ഞങ്ങൾ മൂന്ന് പെണ്മക്കൾ. എന്റെ അമ്മി കൈകളിൽ നിറയെ മൈലാഞ്ചിയും വളകളുമണിഞ്ഞിരുന്നു, ജിലേബി, കാജു ബർഫി, ഗുജിയ എന്നിവ ഉണ്ടാക്കുന്നതിൽ അമ്മി നിപുണയായിരുന്നു. അലിബാഗിൽ നിന്നും, ഷോലാപൂരിലേയ്ക്ക് താമസം മാറിയത് തന്നെ, അല്പം പണം സമ്പാദിച്ച ഒരുത്തിയെ എങ്കിലും കെട്ടിച്ചു വിടാമല്ലോ എന്ന ആഗ്രഹത്തിലായിരുന്നു എന്നത് അബ്ബ പറയുമായിരുന്നു. എന്നും നെയ്യും, പഞ്ചസാര ഉരുക്കിയതിന്റെയും ഏലക്കയുടെയും ഒക്കെ മണം ഞങ്ങളുടെ കൊച്ചു വീട്ടിൽ നിറഞ്ഞു നിന്നിരുന്നു. ആഗ്രയിൽ നിന്നും അമ്മിയുടെ ഇളയ അനുജൻ കൊടുത്തയച്ചിരുന്ന അത്തർ പൂശി അമ്മി ഇടയ്ക്കിടെ അതി മനോഹരമായി ഒരുങ്ങി ചമയുമായിരുന്നു. വെളുത്ത കൈകളിൽ കോണുകളിൽ മെഹന്തി നിറച്ചു സഫ എന്റെ കൈകളിൽ മൈലാഞ്ചി ഇട്ടു തന്നിരുന്നു. ജീവിതം സുന്ദരമായിരുന്നു. ആർഭാടമില്ലെങ്കിലും. കൈകളിൽ ചുമന്ന മൈലാഞ്ചി ചാറു പോലെ വർണ്ണാഭമായിരുന്നു. നിങ്ങൾ വന്ന എന്റെ വീട്ടിന്റെ നാല് ചുവടപ്പുറം ഒരു നീല കെട്ടിടമില്ലേ, അതിന്റെ ഏഴാം നിലയിൽ, നാസിക്കിൽ നിന്നും വന്നു താമസമാക്കിയ, ഹിന്ദി നടൻ ആദിത്യ പഞ്ചോളിയുടെ ഛായയുള്ള അൻമോൽ ഗുപ്ത വന്നതിൽ പിന്നെ, ഞങ്ങളുടെ വീട്ടിൽ അശാന്തി പുകയാൻ തുടങ്ങി.