അരയിൽ വലിയ കത്തിയും കൈയ്യിൽ നീളമുള്ള മുളവടികളും അവർ പിടിച്ച് അവിടെയുലാത്തുന്നു.
മാളികയുടെ വലിയ ഇരുമ്പു കവാടത്തിനു മുന്നിലായി പരിപാടി കാണുവാനും വേഴ്ച നടത്താനുമുള്ള ശീട്ട് എടുക്കാൻ നാലോളം കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്..
അമ്രപാലിയുടെ നൃത്തത്തിനുള്ള ശീട്ട് എടുക്കാൻ പ്രത്യേകമായി കൗണ്ടർ.
അതിനു നേതൃത്വം നൽകുന്നത് തിമ്മയ്യന്റെ ആളുകളും.
അരുണേശ്വരം പോലീസ് സ്റ്റേഷനിൽ നിന്നും പേരിനായി അഞ്ചോളം കോൺസ്റ്റബിൾമാരെ അവിടെ സുരക്ഷാചുമതലയ്ക്ക് നിയോഗിച്ചിട്ടുണ്ട്.
അന്ന് തിമ്മയ്യനും മാവീരനും എസ് ഐ ഗുണശേഖരനും രാഷ്ട്രീയക്കാരും കച്ചവടക്കാരും അടക്കം അന്നാട്ടിലെ പ്രധാനികൾ എല്ലാവരും പ്രധാനകാഴ്ചക്കാരായി വരുന്നുമുണ്ട്.
ഗ്രീഷ്‌മോത്സവമായതിനാൽ അവിടെയുള്ള വേശ്യകളെ കൂടാതെ മറ്റു ദേശങ്ങളിൽ നിന്നും വേശ്യകളെ മാളികയിൽ നിയോഗിച്ചിട്ടുണ്ട്.
അവർ മൂന്നിലൊന്നു നിരക്കിൽ മുത്യാരമ്മയ്ക്ക് കമ്മീഷനും മുറിവാടകയും കൊടുക്കേണ്ടതായതുണ്ട്.
നൃത്ത നാടക വേദികളിൽ ആവേശം കൊഴുക്കുമ്പോൾ അവതരിപ്പിക്കുന്നവർക്ക് ധനികരായ കാണികൾ പണം എറിഞ്ഞു നൽകും, അങ്ങനെ കിട്ടുന്നതിൽ ഒരു അഞ്ചിൽ രണ്ടു വിഹിതം മുത്യാരമ്മയ്ക്ക് ഉള്ളതാണ്.
പുറമെ നിന്ന് വന്നു അവിടെയുള്ളിൽ കച്ചവടം നടത്തുവാൻ വിഹിതം നൽകേണ്ടതായുണ്ട്.
ആളുകൾ തിക്കിയും തിരക്കിയും ശീട്ടുകൾ എടുക്കുന്നതും കാണാം.
തൊട്ടപ്പുറമുള്ള മൈദാനത്ത് കാളവണ്ടികൾ , കുതിരവണ്ടികൾ, കാറുകൾ , ജീപ്പുകൾ, സൈക്കിൾ , മോപ്പഡ് അടക്കമുള്ള വാഹനങ്ങൾ അടുക്കും ചിട്ടയുമായി പാർക്ക് ചെയ്തിട്ടുമുണ്ട്.
അവിടേക്കാണ് ആദിയും ഗോപിയും ജീപ്പുമായി വന്നത്,
ജീപ്പ് അവിടെ പാർക്ക് ചെയ്ത് ഇരുവരും ഇറങ്ങി.
“ശീട്ട് നേരത്തെ എടുത്തു വെച്ചത് കൊണ്ട് തിക്കിലും തള്ളിലും പെടണ്ട” ഗോപി കൈയുയർത്തി ഒന്ന് ഒന്ന് വലിഞ്ഞു ആദിയെ നോക്കിപറഞ്ഞു.
“എന്നാലും ഗോപ്യേ,,താനിത് എങ്ങനെ ഒപ്പിച്ചു?”
“ഞാനൊരു ഡോക്ടറല്ലേ, അപ്പൊ ഇതൊക്കെ സാധിക്കും മിസ്റ്റർ”
“ഓ,,അങ്ങനെയൊക്കെ ഗുണങ്ങൾ ഉണ്ടല്ലേ,,,ന്റെ ഭാഗ്യം”
“വാ,,,വാ ,,അതെ തന്നോട് ആദ്യമേ ഞാനൊരു കാര്യം പറഞ്ഞേക്കാം”
“എന്താ?”
“നമ്മളിവിടെ നല്ലവരോ യോഗ്യരോ വിനയകുലീനരോ ആയി വന്നതല്ല, ആടലും പാടലും കാണാനും എല്ലാം കണ്ടു ആസ്വദിക്കാനുമൊക്കെയായി വന്നതാ, ആ ബോധ്യമുണ്ടാകണം, അല്ലാതെ ഉള്ളിൽ കയറിയിട്ട് വലിയ നല്ല പിള്ള ചമയാൻ നിൽക്കരുത്,,,മനസ്സിലായല്ലോ” ഗോപി കർചീഫ് എടുത്തു മുഖം തുടച്ചു കൊണ്ട് ആദിയോട് പറഞ്ഞു.
“ഹ്മ്മ്,,,ഞാനിതൊക്കെ ഒന്ന് നോക്കി കാണാനായി വന്നതാ,,കുറച്ചു കാലം മുൻപ് ഞാൻ മിഥിലയിൽ നാട്യറാണി വനറോജയുടെ സെക്സി നൃത്തം കണ്ടിട്ടുണ്ട്”
“ഉവ്വോ,,അപ്പൊ മുൻപരിചയമുണ്ട്, അത് നന്നായി,,,എന്നാ നടന്നോ”
“ഉവ്വ് ഗോപിക്കുട്ടൻ തമ്പുരാനേ,,അങ്ങ് മുന്നേ നട,,അങ്ങയുടെ ദാസനായി ഞാൻ പിന്നാലെ നട,,ഗമിച്ചാലും മഹാപ്രഭോ”