അപരാജിതൻ -45 5514

എല്ലാവരും ആ ഇരുട്ടിൽ ഇനിയെന്ത് എന്നറിയുവാനുള്ള വ്യഗ്രതയോടെ ക്ഷമകെട്ടിരുന്നു.

ഒരു പെണ്ണിന്റെ  ശ്വസോച്ഛാസം എടുക്കുന്ന സ്വരം അവിടെ കേട്ടു.

കോമളയുടെ പരിപാടിയിൽ കേട്ടതിനേക്കാൾ വ്യക്തമായി അതിലും മികച്ച രീതിയിൽ ആ ശബ്ദം കേൾക്കുന്നവന്‌ നിശ്ചയമായും ഉത്തേജനം സംഭവിക്കുമാറ് ശ്വാസഗതിവിഗതികളുടെ ശബ്ദം അവിടെ ഉയർന്നു,

വീണ്ടും മണിമുത്തുകൾ ചിതറിത്തെറിക്കും പോൽ സുന്ദരമായ ചിരിമുഴങ്ങി.

ആ ചിരിയുടെ അലയൊലികൾ കാണികളിൽ അനുരാഗമോ മോഹമോ പ്രണയമോ എന്തെല്ലാമോ വികാരങ്ങൾ അങ്കുരിപ്പിച്ചു.

വേദിയിൽ മങ്ങിയ ഒരു വെളിച്ചം മെല്ലെ മെല്ലെ നിറഞ്ഞു.

സുതാര്യമായ ഒരു അംഗവസ്ത്രം കൊണ്ട് ശിരസ്സാകെ മൂടി വേദിയിലെ നിലത്ത് ഇടംകാൽ നിലത്തു പതിപ്പിച്ചു വലം കാൽ മുട്ട് മടക്കി മുഖം താഴ്ത്തി ഒരു താരുണ്യവതി വേദിക്ക് നടുവിലായി ഇരിക്കുന്നു.

അംഗവസ്ത്രത്താൽ മുഖം മൂടിയതിനാൽ മുഖം വ്യക്തമല്ല.

സകലരും കരഘോഷങ്ങൾ മുഴക്കി.

വലം കാൽ മെല്ലെ മുന്നിലെക്ക് നീക്കി പാദം വേദിയിൽ മെല്ലെയമർത്തി അവൾ ആചാരചിലങ്ക മുഴക്കി വേദിയ്ക്ക് വന്ദനം നൽകി.

ചിൽ,,,,,ചിൽ,,,,,,,ചിൽ,,,,,,,,ചിൽചിൽചിൽചിൽചിൽ….

“അമ്രപാലി”  എന്നുറക്കെ ആവേശത്തോടെ കാണികൾ കരഘോഷം മുഴക്കി അലറിവിളിച്ചു.

തന്നെ ഒരു മാത്ര കാണാനായി മാത്രം കൊതിച്ചിരിക്കുന്ന പുരുഷ൯മാരുടെ കരഘോഷവും ആരവങ്ങളും അവളെ ഉന്മത്തയാക്കി.

വേദിക്കു പുറകിൽ നിൽക്കുന്ന താളവാദ്യങ്ങൾ മൃദുവായി സാവധാനത്തിൽ താളം മുട്ടിതുടങ്ങി.

ധാ ധിൻ ധിൻ കിടതക ധിൻ താ

ധാ ധിൻ ധിൻ കിടതക ധിൻ താ

ധിൻ താ തക ധിൻ താ താ തൂം….

ധിൻ താ തക ധിൻ താ താ തൂം….

ധനിരിസ രിസ രിസ രിസ രിസ,,,,,

വീണയും വേണുവും ദർബാരി കാനഡയിൽ ഈണം പകർന്നു.

അതിനൊത്ത് മെല്ലെ തന്റെ ശിരസ് മൂടിയ സുതാര്യമായ അംഗവസ്ത്രം അമ്രപാലി താഴ്ത്തി.

മയിൽപ്പീലികളാൽ അലങ്കാരം ചെയ്തു മയിൽപ്പേടയുടെ അംഗലാവണ്യത്തോടെ അതിസുന്ദരിയായ അമ്രപാലിയുടെ താരുണ്യം ആ വേദിയിലെ മങ്ങിയ വെളിച്ചത്തിൽ പ്രഭ ചൊരിഞ്ഞു.

സകലരും മിഴികൾ പോലുമടക്കാതെ അവളെ ശ്വാസമടക്കിപിടിച്ചു നോക്കി നിന്നു.താളത്തിനൊത്ത് അമ്രപാലി മെല്ലെ താളം ചവിട്ടി എഴുന്നേറ്റു.

മയൂരനടനവേഷത്തിൽ അതിസുന്ദരിയായ അമ്രപാലിയെ കണ്ടു മതിമറന്നു പലരും സ്വപ്നാവസ്ഥയിൽ എത്തപ്പെട്ടു.

Updated: January 1, 2023 — 6:28 pm