അപരാജിതൻ -45 5514

@@@@@@

വേദിയിൽ മങ്ങിയ വെളിച്ചം നിറഞ്ഞു.

തിളക്കമുള്ള മഞ്ഞപട്ടുവസ്ത്രമണിഞ്ഞ വാദ്യകലാകാരൻ അരയിൽ വെച്ച് കെട്ടിയ മൃദംഗ സമാനമായ ഖോൽ വാദ്യത്തിൽ താളം മുഴക്കി വേദിയിലേക്ക് നടന്നു വന്നു ഒരു കോണിലായി നിന്നു.

പുറകെ മഞ്ഞപട്ടുവസ്ത്രമണിഞ്ഞു മറ്റൊരു വാദ്യകലാകാരൻ കഴുത്തിൽ തോക്കിയ ഡോലിയിൽ താളമടിച്ചു വേദിലേക്ക് വന്നു നടുക്കായി നിന്നു. ഖോലും ഡോലിയും ഒരുമിച്ചു താളം പകർന്നു കൊണ്ടിരുന്നു.

മഞ്ഞ ജുബ്ബയും പൈജാമയും അണിഞ്ഞു അരയിൽ ചുവന്ന പട്ടുതുണി കൊണ്ട് അരയ്ക്ക് ചുറ്റും കെട്ടി  കണ്ണെഴുതി മൂക്ക് കുത്തി കാതിൽ കമ്മലണിഞ്ഞു കാലിൽ ചിലങ്കകെട്ടി സ്ത്രൈണഭാവഹാവാദികളോടെ രണ്ടു യുവനപുംസകങ്ങൾ ഇരുരങ്ങളും വലത്തേ ഇടിപ്പിൽ വെച്ചു, കാൽപാദം ഒരേ സമയം വേദിയിൽ അമർത്തിചവിട്ടി വാദ്യങ്ങൾക്കൊപ്പം ചിലങ്കനാദം ഉയർത്തി.

ഒരു യുവഗണിക കൈയ്യിൽ ചെറുവട്ടത്തിലുള്ള ഇലത്താളം മുഴക്കി വേദിക്കു നടുവിലായി വന്നുനിന്നു.

താളത്തിനൊത്ത് ഇലത്താളം കൊട്ടി വേദിക്ക് നാല് മൂലയിലും പോയി മൂന്നു വട്ടം പ്രദക്ഷിണം ചെയ്തു നപുംസകങ്ങൾക്കൊപ്പം വന്നു നിന്നു.ആചാരം പോലെ വാദ്യഘോഷങ്ങൾ വേഗത കൂട്ടി, നപുംസകങ്ങൾ സ്ത്രൈണഭാവത്തോടെ ചിലമ്പൊലി മുഴക്കി താളം ചവിട്ടി,

യുവഗണിക ഇലത്താളം മുഴക്കി വീണ്ടും വേദിക്കു നടുവിൽ വന്നു മൂന്നു വട്ടം സ്വയം ചുറ്റി.

സകല വാദ്യമേളങ്ങളും നിന്നു.

അന്നേരം വേദിയിലെക്കുള്ള സകലപ്രകാശങ്ങളും അണഞ്ഞു.

പൂർണ്ണമായും ഇരുട്ട്.

സർവ്വരും ശ്വാസമടക്കിപിടിച്ചിരുന്നു.

എങ്ങും പൂർണ്ണനിശബ്ദത മാത്രം.

സാവധാനത്തിൽ ഉയരുന്ന ചിലങ്കാനാദം മാത്രം.

ചിൽ,,,,,,,,,,,,,,,ചിൽ,,,,,,,,,,,,,,,,,,,ചിൽ,,,,,,,,,,,,,,,,,,,,,,ചിൽ…

പിന്നെയാ നാദം നിലച്ചു.

വീണ്ടുമാ നാദം കേൾക്കുവാൻ സകലരുടെയും നെഞ്ചകങ്ങൾ തുടിച്ചു.

ഇരുട്ടിൽ മധുരമായ ചിരി മുഴങ്ങി.

ആരെയും മയക്കുന്ന ചിരി.

ഒപ്പം വേദിയിൽ കാൽ പതിഞ്ഞു വേഗം ഓടുമ്പോൾ കേൾക്കുന്ന ചിലങ്കാനാദം വേഗത്തിലായി ഉയർന്നു.

ചിൽ,,,,ചിൽ,,,,ചിൽ,,,,ചിൽ,,,,ചിൽ,,,,

ചിൽ,,,,ചിൽ,,,,ചിൽ,,,,ചിൽ,,,,ചിൽ,,,,ചിൽ,,,,

അതും നിലച്ചു.

Updated: January 1, 2023 — 6:28 pm