അപരാജിതൻ -45 5514

അവനെ ഉപ്പാപ്പ അടുത്തിരുത്തി കൈകളിൽ തലോടിയപ്പോൾ ചർമ്മത്തിൽ ഉയർന്നു നിൽക്കുന്ന തിണർപ്പുകളിൽ അദ്ദേഹത്തിന്റെ കൈ പതിഞ്ഞു.

“എന്താ ,,എന്താ മോനെ ഇത് ?” അദ്ദേഹം കൈ കൊണ്ട് അവന്റെ കവിളിലും മുഖത്തും തലോടി.

മുഖത്തെ നീരും തിണർപ്പും അദ്ദേഹം ശ്രദ്ധിച്ചു.

“അയ്യോ ,,റബ്ബേ ഇതെന്താ , എന്താ എന്റെ മോന് പറ്റിയത്?”

“ഉപ്പാപ്പ ,,ഒന്നൂല്ല ,,ഒന്ന് വീണതാ”

“കള്ളം പറയല്ലേ ,,തമ്പുരാൻ പൊറുക്കില്ല , എന്താ പറ്റ്യേ ന്റെ കുട്ടിക്ക് ”

അമീറിന് സംഭവിച്ചത് എല്ലാം ഉപ്പാപ്പയോട് പറയേണ്ടി വന്നു.

സങ്കടത്തോടെ അദ്ദേഹം എല്ലാം കേട്ട് കിടന്നു.

ഇടക്ക് വിഷമം സഹിക്കാനാകാതെ അദ്ദേഹം വിതുമ്പി.

“ഒരുപാട് നോവുണ്ടോ മോനെ ,,”

“ഇല്ല ഉപ്പുപ്പാ ,,ഉപ്പുപ്പാ കരയാതെയിരിക്ക് ,,ഇത് കാണുമ്പോ മാത്രമാണ് ഉള്ളു നോവുന്നത്”

“റബ്ബിന്റെ പരീക്ഷണങ്ങളാ മോനെ,,,മൂപ്പര് തന്നെ കാക്കട്ടെ,,മ്മടെ കുട്ടികൾ അയ്യോ ഓർക്കാൻ കൂടെ വയ്യ”

“വിഷമിക്കല്ലേ ഉപ്പാപ്പ,,എന്തേലും വഴികാണാം”

“തലൈവാരി ചൊല്ലടങ്കൻ ദയില്ലാത്ത ഒരു ഇബിലീസാ ,,,പണത്തിനു വേണ്ടി എന്ത് ഹറാമും അവൻ ചെയ്യും, അവനു ഒരാളോടും  ദയയില്ല . കൊയിലാഗനി അവിടെ ചെന്ന് പോയാൽ പിന്നൊരു തിരിച്ചു വരവുണ്ടാകില്ല റബ്ബേ ”

ഉപ്പാപ്പ വിഷമത്തോടെ കരയാൻ തുടങ്ങി.

അമീർ അദ്ദേഹത്തിന്റെ നെഞ്ചും പുറവും തടവി അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

@@@@@

 മാനവേന്ദ്ര വർമ്മൻ താമസിക്കുന്ന മാളികയിൽ:

പഞ്ചാപകേശൻ, മാനവേന്ദ്ര വർമ്മനെ വിളിച്ചുണർത്തി.

അയാൾ സുനന്ദയെ വിളിച്ചു വരുത്തി ആടി൯ വൃഷണം  ഉണക്കി പൊടിച്ച ചൂർണവും മറ്റ് ഔഷദങ്ങളും ചേർത്ത് ഇളക്കിയ പാൽ കൊണ്ട് വന്നു കൊടുക്കാൻ പറഞ്ഞു.

അവൾ , അയാൾക്ക് വേണ്ടത് കൊണ്ട് വന്നു നൽകി.

അയാളത് വാങ്ങികുടിച്ചു.

സുനന്ദയെ കെട്ടിപിടിച്ചു മാറോടു ചേർത്തവളെ അമർത്തിചുംബിച്ചു യാത്ര പറഞ്ഞു.

അവിടെ നിന്നും ഇറങ്ങി.

കാറിൽ കയറി , കൊട്ടാരത്തിനു മുന്നിലൂടെ പോയപ്പോൾ ധർമ്മസേന൯ കൈകാണിച്ചു.

കാർ നിർത്തിയപ്പോൾ അയാൾ വിൻഡോയുടെ അരികിൽ എത്തി.

“ഇളയച്ചാ,,എവിടെയെങ്കിലും പോകയാണോ?” ബഹുമാനത്തോടെ ചോദിച്ചു.

“ഹ്മ്മ്,,, മത്സരമൊക്കെ വരാൻ പോകുകയല്ലേ ,,അതിനാൽ  വൈഷ്‌ണവ ക്ഷേത്രങ്ങളിൽ ഒന്ന് ദർശനം നടത്തണം, നിങ്ങൾക്ക് വേണ്ടി മനസ്സുരുകി പ്രാർത്ഥിക്കണം,  പിന്നെ ഭജനയിലും പങ്കെടുക്കണം,,വരാൻ വൈകും ,,പോയിട്ട് വരാം”

Updated: January 1, 2023 — 6:28 pm