പുറത്തായി ക്യാബറെ നർത്തകി , ബൊംബൈ കോമള തിളങ്ങുന്ന അടിവസ്ത്രങ്ങളിട്ടു പുഞ്ചിരിച്ചു കുനിഞ്ഞു വണങ്ങി നിൽക്കുന്ന വലിയ കട്ട് ഔട്ട് പ്രദർശിപ്പിച്ചിരുന്നു.
അവരിരുവരും വേദിയിലേക്ക് നടക്കും നേരം
“ആ മുൻപിൽ ഇരിക്കുന്ന ആളെ കണ്ടോ?” ഗോപി ആദിയെ നിർത്തി വേദിയുടെ മുന്നിൽ ഇരിക്കുന്ന ആളെ ചൂണ്ടികാണിച്ചു ചോദിച്ചു.
ആദി വേദിയുടെ മുന്നിലായി ശിരസുയർത്തി പിടിച്ചു നിൽക്കുന്ന നരച്ച താടിയും മുടിയും ഉള്ള ഒത്ത ഉയരമുള്ള വൃദ്ധനെ നോക്കി.
“ഇയാളെന്താ സഞ്ചരിക്കുന്ന ആഭരണക്കടയാണോ ഈ കിളവൻ, കഴുത്തിലും കൈയിലും വിരലിലും ഒക്കെ എന്തോരം സ്വർണ്ണമാണ്”
ആദി അയാൾക്ക് അരികിൽ നിലത്തിരിക്കുന്ന തല മുണ്ഡനം ചെയ്തു നീളത്തിൽ ഊർധ്വപുണ്ഡ്ര തിലകം ചാർത്തി പൂണൂൽ വേഷധാരിയായ ഉയരം കുറഞ്ഞ മധ്യവയസ്കനെയും നോക്കി.
അന്നേരം
മഹതി മുത്യാരമ്മ അയാളുടെ മുന്നിൽ ചെന്ന് താണുവണങ്ങി കുമ്പിട്ടു കാൽ തൊട്ടു വണങ്ങി.
അയാൾ ഏറെ സന്തോഷത്തോടെ മുത്യാരമ്മയെ ചേർത്ത് നിർത്തി ആശ്ലേഷിച്ചു കുശലാന്വേഷണം നടത്തുന്നതും കണ്ടു.
അപ്പോളേക്കും പുറകിൽ നിന്നും ആളുകൾ തള്ളുന്നതിനാൽ അവർ നിരത്തിയിട്ട ഇരിപ്പിടങ്ങളിലേക്ക് കയറി.
മുന്നിൽ നിന്നും വലത്തേ മൂലയിൽ മൂന്നാമത് വരിയിലായി ഇരുന്നു.
ഒന്നാമത്തെ വരിയിൽ അയാൾ മാത്രമാണ് ഇരുന്നിരുന്നത്.
അത് പ്രമാണികൾക്കും പ്രധാനികൾക്കും ഉള്ള വരിയാണെന്നു മനസ്സിലായി.
“ആരാ ഈ കിളവൻ?”
“ശ്,,,,മെല്ലെ പറ” ഗോപി സ്വകാര്യം പറഞ്ഞു .
“ഓ ,,,എനിക്ക് പേടിയൊന്നും ഇല്ല ”
“അല്ലേലും തനിക്ക് ദൈവത്തെ പോലും പേടിയില്ലല്ലോ , എനിക്കറിയാം”
“ഇതാരാണ്? അത് താൻ പറയു ”
“അദ്ദേഹമാണ് മഹാനായ മാധവപുരം മാനവേന്ദ്ര വർമ്മൻ”
ആകാംക്ഷയോടെ ആദി “അതേതാ പുതിയ അവതാരം?”
“ഇങ്ങേര് പ്രജാപതി രാജവംശത്തിലെ ഒരു പെരിയമുറ തമ്പുരാനാണ്, മാധവപുരം കൊട്ടാരത്തിലാണ് താമസം”
“ഹ്മ്മ്മ്,,ഈ കക്ഷി കൊള്ളാല്ലോ ,,ഇങ്ങേര് ആളെങ്ങനെയാ ?”
“ആളെങ്ങനെയാണെന്ന് ചോദിച്ചാൽ ,,” ഗോപി ഒന്ന് നിർത്തി
“ചോദിച്ചാൽ ,,,”
“താനീ കാസനോവ എന്ന് കേട്ടിട്ടുണ്ടോ ?”
“ഉണ്ടോന്നോ,, എന്ത് ചോദ്യമാണ് ഗോപ്യേ,,,അങ്ങേരോളം പേരുകേട്ട ഒരു പെണ്ണുപിടിയനീ ലോകത്തുണ്ടോ, അത്രയും പ്രസിദ്ധനല്ലേ,,കാസനോവ”
“ആം,,,അത് തന്നെ”
“അല്ല ,,ഇയാളെ കുറിച്ച് ചോദിക്കുമ്പോ കാസനോവയുടെ കാര്യം പറയുന്നതെന്തിനാ?”
“ഞാൻ പറഞ്ഞു തീർന്നില്ല,,,ഈ കാസനോവ ഇപ്പൊ ജീവിച്ചിരിപ്പുണ്ട് എങ്കിൽ,,,ഈ ഇരിക്കുന്ന മഹേന്ദ്രപുരം മാനവേന്ദ്രവർമ്മനു മുന്നിൽ, വന്നു ഇട്ടിരിക്കുന്ന കുപ്പായമൊക്കെയൂരി. വെറുമൊരു കോണകം കെട്ടി കുമ്പിട്ട് വണങ്ങി നിൽക്കും,,ഇപ്പോ മനസിലായോ”
ആദി അല്പം നേരം ചിന്തിച്ചു.