തിരമാലകളുടെ കഥ 34

Views : 4808

“പണ്ടീ കടലിനടിയിൽ വലിയൊരു കൊട്ടാരവും,അവിടെ ഒരു രാജകുമാരിയും ഉണ്ടായിരുന്നത്രെ..!

പാട്ടും,നൃത്തവുമൊക്കെ അറിയുന്ന സുന്ദരിയായായൊരു രാജകുമാരി.

അവൾ വളർന്ന് വലുതായപ്പോൾ കൊട്ടാരത്തിലെ പാട്ടുകാരനുമായി പ്രണയത്തിലായി.പിന്നെയവര്‍ പാട്ടും,നൃത്തവുമായി ആഴിയുടെ അടിതട്ടുകളില്‍ പ്രണയത്തിന്‍റെ പറുദീസകള്‍ ഒരുക്കി.

പക്ഷെ വൈകാതെ അവരുടെ പ്രണയത്തിന്‍റെ വാര്‍ത്ത രാജാവിന്‍റെ കാതുകളിലെത്തി.അദ്ദേഹം ഒരു മാന്ത്രികനെ കൊണ്ട് പാട്ടുകാരന്‍റെ ഓർമ്മകളെ അറുത്തെടുത്ത് കടല്‍ കരയിലെ ഒരു ഇരുട്ടറയിൽ ബന്ധനസ്ഥനാക്കിയിട്ടു.

വിവരമറിഞ്ഞ് ദു:ഖിതയായ രാജകുമാരി പാട്ടുകാരനെ തേടി കരയിലേക്ക് യാത്ര തിരിച്ചു.പക്ഷെ രാജാവ് അവളുടെ തടയുകയും, തടവിലാക്കുകയും ചെയ്തു.

കാലം കടന്ന് പോയി…..

ഒടുവിലൊരുനാൾ ഏകാന്തതയില്‍ മനം മടുത്ത രാജകുമാരി കടലിന്‍റെ കയങ്ങളിലൊന്നില്‍ തന്‍റെ ജീവൻ ഉപേക്ഷിച്ചു.പെടുന്നനെ കരയിലെ ഇരുട്ടറയില്‍ നിന്ന്‍ പാട്ടുകാരന്‍റെ ശബ്ധമൊരു കൊടുംകാറ്റായി കടലിന്‍റെ കയങ്ങളിലേക്ക് ആഞ്ഞ് വീശി.തുടര്‍ന്ന്‍ അവരുടെ പ്രണയത്തിന്‍റെ ശേഷിപ്പുകൾപോലെ അനേകായിരം കടൽ തിരകള്‍ ആഴിയുടെ ആഴങ്ങളിൽനിന്ന് ഉയർന്നു പൊങ്ങി…കരയിലേക്ക് ഒഴുകി.

അന്നുമുതൽ രാജകുമാരിയുടെ ആത്മാവ് തിരമാലകളായി പാട്ടുകാരനെ തേടി കടൽക്കരകളിലേക്ക് ഒന്നൊഴിയാതെ വന്നു തുടങ്ങി.ഓരോ യാത്രകളിലും അവൾ തോറ്റുകൊണ്ടിരുന്നു,പക്ഷെ അതവളെ തളർത്തിയില്ല.

എല്ലാ തടസ്സങ്ങളെയും ഭേദിച്ച് ഒരിയ്ക്കൽ വിജയിക്കാമെന്ന പ്രതീക്ഷ അവളുടെ തോൽവികളുടെ വേദനയെ ഇല്ലാതാക്കി.

ഇന്നും ഓരോ കടൽ കരകളിലും പാട്ടുകാരനെ തേടി പരാജയങ്ങള്‍ മറന്ന് അവള്‍ കൂടുതൽ ശക്തിയോടെ തിരമാലകളായി ഒഴുകിയെത്തുന്നു.വിജയത്തിനായി………..”

അമ്മ ശകുന്തളയുടെ കൈപിടിച്ചു കടലിലേക്ക് ഇറങ്ങി നിന്നു.

തിരമാലകൾ ഒന്നൊന്നായി അവരുടെ പാദങ്ങളെ വന്ന്‍ തലോടി കടന്നുപോയി.
ശകുന്തള ഓരോ തിരമാലയിലും രാജകുമാരിയുടെ വിജയത്തിനോടുള്ള അടങ്ങാത്ത പ്രണയവും,വാശിയും തിരിച്ചറിഞ്ഞു.

ആഞ്ഞടിച്ചൊരു തിരമാലയുടെ ശക്തിയിൽ ശകുന്തള താഴേക്ക് വീണു.അവളെ പിടിക്കാനുള്ള ശ്രമത്തിൽ അമ്മയും അവള്‍ക്കൊപ്പം വീണു.
നനഞ്ഞ വസ്ത്രങ്ങളുമായി അമ്മ പെട്ടന്ന്‍ ചാടിയെഴുനേല്‍ക്കുന്നത് കണ്ടപ്പോള്‍ ശകുന്തള അറിയാതെ ചിരിച്ചുപോയി. പിന്നെയവൾ പൊട്ടിചിരിച്ചുകൊണ്ട് അമ്മയെ പിന്നെയും,പിന്നെയും വെള്ളത്തിലേക്ക് തള്ളിയിട്ടു.
തിരമാലകളുടെ ഇരമ്പലുകൾക്ക് മുകളിൽ അവരുടെ പൊട്ടിച്ചിരികൾ മുഴങ്ങി.

വൈകുന്നേരമായപ്പോള്‍ അവര്‍ കടല്‍ക്കരയില്‍ നിന്ന്‍ തിരികെ നടക്കാന്‍ തുടങ്ങി.

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com