തിരമാലകളുടെ കഥ 34

Views : 4808

രാവിലെ മുതൽ തുടങ്ങിയതാണാ ഇരുപ്പ്.മഴ നനഞ്ഞുകൊണ്ടായിരുന്നു രാവിലെ അവൾ സ്കൂളില്‍ നിന്ന്‍ വന്നതും.

മഴ നനഞ്ഞ് വീട്ടിലേക്ക് നടന്ന് വരുന്ന ശകുന്തളയെ കണ്ട് അമ്മ പ്രതീക്ഷയോടെ വരാന്തയിലേക്ക് ചെന്നു.

നനഞ്ഞ് കുതിർന്നൊരു പേപ്പർ കഷ്ണം ശകുന്തള കൈയ്യിൽ ചുരുട്ടിപിടിച്ചിരുന്നു.
അമ്മയുടെ പ്രതീക്ഷയോടുള്ള നോട്ടം സഹിക്കാനാവാതെ അവളാ പേപ്പർ കൈക്കുള്ളിലേക്ക് ഒളിപ്പിച്ച് പിടിച്ചു.

“മോളെ…..ജയിച്ചോ…….?”

അവൾ മറുപടി പറഞ്ഞില്ല….,പകരം കയ്യിലിരുന്ന പേപ്പർ ഒന്ന് കൂടി കൈക്കുള്ളിലേക്ക് തിരുകി കയറ്റി.

അമ്മ പിന്നെയും പ്രതീക്ഷയോടെ അവളുടെ മുഖത്തേയ്ക്ക്തന്നെ നോക്കി.

മകളുടെ മുഖത്തെ കണ്ണുനീരിന്‍റെ നനവ് തിരിച്ചറിഞ്ഞതും മറ്റെന്തോ ഓര്‍ത്തെന്ന പോലെ അമ്മ മഴയിലേക്ക് ഇറങ്ങി നടന്നു.

പിന്നെ വേഗത്തില്‍ മൺവെട്ടിയെടുത്ത് മുറ്റത്ത് തളം കെട്ടിനിന്നിരുന്ന മഴവെള്ളം ചാല് വെട്ടി തിരിച്ചുവിട്ടു.ഒരു തടി കഷ്ണമെടുത്ത് മുറ്റത്ത് കുലച്ചു നിന്നിരുന്ന വാഴയ്ക്കൊരു താങ്ങ് കൊടുത്തശേഷം അമ്മ വീടിന്‍റെ വരാന്തയിലേക്ക് തിരിഞ്ഞു നോക്കി.

ശകുന്തള അപ്പോഴും അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും,ചുണ്ടുകൾ വിതുമ്പുന്നതും അമ്മ കണ്ടു.

‘ഞാൻ നന്നായി പഠിച്ചതാ…പക്ഷെ….കണക്കെനിക്ക്
പറ്റുന്നില്ല അമ്മാ …….ഞാന്‍പറഞ്ഞതല്ലേ ടൃൂഷനു പോകാമെന്ന്‍……ഇപ്പോള്‍ തോറ്റുപോയില്ലേ..?”

മറുപടിയൊന്നും പറയാതെ അമ്മ വരാന്തയിലേക്ക് തിരികെവന്ന്‍ തോര്‍ത്തെടുത്ത് മകളുടെ തലമുടി നന്നായി തോർത്തി കൊടുത്തു.

ശകുന്തള അമ്മയുടെ മുഖത്തേയ്ക്ക് നോക്കി.

മഴത്തുള്ളികള്‍ക്കിടയിയില്‍ പടര്‍ന്നു കയറിയ അമ്മയുടെ കണ്ണുനീരിന്‍റെ നനവ് ശകുന്തളയും തിരിച്ചറിഞ്ഞു.

പിറ്റേന്ന് മഴയൊഴിഞ്ഞൊരു പ്രഭാതമായിരുന്നു.
ശകുന്തള അപ്പോഴും അതെ ഇരുപ്പ് തന്നെ തുടര്‍ന്നു.
നേരം പുലർന്നതും,അമ്മ അയൽവക്കത്തെ വീട്ടിൽ നിന്ന് ജോലി കഴിഞ്ഞ് തിരികെയെത്തിയതും ശകുന്തള ശ്രദ്ധിച്ചില്ല.

“എല്ലാരും ജയിച്ചമ്മേ……….അപ്പുറത്തെ രാധയും ജയിച്ചു……ഞാൻ മാത്രം തോറ്റുപോയി……”

ശകുന്തള പറഞ്ഞു കൊണ്ടേയിരുന്നു.

“ഇനി ഞാൻ എങ്ങും പോകില്ല….എല്ലാരും എന്നെ നോക്കി കളിയാക്കും…….ഞാൻ പോകില്ല…..എങ്ങും പോകില്ല…..”

അവളുടെ കുഞ്ഞുമനസ്സിൽ പരാജയത്തിന്‍റെ കാര്‍മേഘങ്ങൾ ഇരുണ്ടു കൂടുന്നതും, അത് മറ്റൊരു പേമാരിയായി മകളുടെ ഭാവിയുടെ മുകളിൽ പെയ്തിറങ്ങുന്നതും അമ്മ ഭീതിയോടെ കണ്ടു.

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com