The Shadows – 7 43

ചുരം കയറി കൽപ്പറ്റയെത്തിയപ്പോൾ രഞ്ജൻ കൈയ്യിൽ കെട്ടിയ വാച്ചിലേക്കൊന്നു നോക്കി. സമയം രണ്ടുമണി കഴിഞ്ഞ് നാല്പത്തിയഞ്ച് മിനുട്ട്.

മീനങ്ങാടി കഴിഞ്ഞ് അമ്പലവയലിൽ എത്തിയപ്പോൾ അടുത്തുകണ്ട ചെറിയ തട്ടുകടയുടെ മുമ്പിൽ കാർ നിറുത്തി ശ്രീജിത്ത് ജിനുവിന്റെ അഡ്രസ്സ് കാണിച്ചു വീട്ടിലേക്കുള്ള വഴി ചോദിച്ചു.

പുതുതലമുറയേക്കാൾ കൂടുതൽ വിവരങ്ങൾ പഴയ ആളുകളോട് ചോദിച്ചാൽ അറിയാൻ കഴിയുമെന്ന ഒരു ലക്ഷ്യവും ഉണ്ടായിരുന്നു. അല്പനേരം കടക്കാരനോട് സംസാരിച്ചു. ശേഷം അയാൾ പറഞ്ഞുതന്ന വഴിയിലൂടെ അവർ യാത്രതുടർന്നു.
വയനാടിന്റെ ദൃശ്യമനോഹാരിത ശ്രീജിത്ത് ശരിക്കും ആസ്വദിച്ചു.
ചെറിയ പോക്കറ്റ്റോഡിലേക്ക് തിരിഞ്ഞ് അവർ ജിനുവിന്റെ വീടിന് മുൻപിൽ കാർ നിറുത്തി.

പുതുതായി പണികഴിപ്പിച്ച ഇരുനിലവീട്. വീടിന് ചുറ്റും ധാരാളം കൃഷിയും മറ്റു നിറഞ്ഞു നിൽക്കുന്നുണ്ട്.
കാറിന്റെ ഡോർ തുറന്ന് അവർ മൂന്നുപേരും ഇറങ്ങി. കാറിന്റെ ശബ്ദം കേട്ടതുകൊണ്ടാകണം ഉമ്മറത്തേക്ക് ഒരു മധ്യവയസ്‌കൻ ഇറങ്ങിവന്നു. അവരെ കണ്ടപാടെ അയാൾ അകത്തേക്കുക്ഷണിച്ചു. ജിനുവിന്റെ അച്ഛനാണെന്ന് സ്വയം പരിചയപ്പെടുത്തി.
ക്രൈം ബ്രാഞ്ചിൽ നിന്നാണ്,ജിനുവിനോട് ചില കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ടെന്നു പറഞ്ഞപ്പോൾ ആദ്യം അയാൾ ഒന്നുപകച്ചു.
വന്നതിന്റെ ഉദ്ദേശം പറഞ്ഞപ്പോഴായിരുന്നു അയാൾക്ക് അൽപ സമാധാനം കിട്ടിയതെന്ന് മുഖത്തുനിന്ന് രഞ്ജന് മനസിലായി.

“സർ ഞങ്ങൾക്ക് ജിനുവിനോട് ഒന്നുസംസാരിക്കണം.”
രഞ്ജൻ തങ്ങളുടെ ആവശ്യം വീണ്ടും ആവർത്തിച്ചു.

“മോളേ, വാവേ..”
അയാൾ അകത്തേക്കുനോക്കി നീട്ടിവിളിച്ചു.
അകത്തെ മുറിയിൽനിന്ന് അവൾ ഹാളിലേക്ക് വന്നു.

വെളുത്ത് മെലിഞ്ഞ പ്രകൃതം. ഷോൾഡറിൽ നിന്നും അല്പം താഴെവരെ മുടി അഴിഞ്ഞുകിടക്കുന്നു.
രഞ്ജൻ അവളെ അടിമുടിയൊന്നുനോക്കി.

“ജിനു, അല്ലെ?”

“അതെ സർ.”

“ജിനു, എവിടെയാ വർക്ക് ചെയ്യുന്നേ?”