ഭദ്ര ആരായിരുന്നുവെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു…
എന്ത് കൊണ്ടോ അവളുടെ മനസ്സ് അതില്‍ നിന്ന് വിലക്കി…
കൂടുതലൊന്നും പാര്‍വ്വതീദേവി തമ്പുരാട്ടി പറഞ്ഞതുമില്ല…
അവരുമായി ഇടപെടുമ്പോള്‍ ശ്രീനന്ദനയ്ക്ക് കാലയവനികയ്ക്കുളളില്‍ മണ്‍മറഞ്ഞ് പോയ സ്വന്തം അമ്മയെ ഓര്‍മ്മ വന്നു….
ഒരമ്മയുടെ വാത്സല്യവും സ്നേഹവും അവരില്‍ നിന്നും ശ്രീനന്ദനയ്ക്ക് അനുഭവപ്പെട്ടു…
കോവിലകത്ത് നിന്ന് മടങ്ങാന്‍ നേരം അവളുടെ മുടിയിഴകളിലും കവിളുകളിലും സ്നേഹം സ്ഫുരിക്കുന്ന കൈവിരലുകളാല്‍ തടവി അവര്‍ പറഞ്ഞു:
“ഇടയ്ക്കിടയ്ക്ക് ഇങ്ങട് വരിക…”
അവരുടെ കണ്ണുകളിലെ വാത്സ്യം തിരിച്ചറിഞ്ഞ അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു…
മഹാദേവന്‍ തമ്പുരാനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മഴ ചെറുതായി ചാറി തുടങ്ങിയിരുന്നു…
”മഴ കൂടുതല്‍ നനഞ്ഞ് ആസ്ക്യതയൊന്നും ഉണ്ടാക്കി വയ്ക്കല്ലേ കുട്ട്യേ….”
പിറകില്‍ നിന്നും മഹാദേവന്‍ തമ്പുരാന്‍റെ വാക്കുകള്‍ കേട്ടു…
ആ വാക്കുകളിലെ കരുതല്‍ അവള്‍ തിരിച്ചറിഞ്ഞു…
അവള്‍ തിരിഞ്ഞു അദ്ദേഹത്തെ നോക്കി ഒരു ചെറിയ മന്ദസ്മിതം തൂകി ചെറിയ ചാറ്റല്‍ മഴയിലൂടെ വേഗം നടന്നു…
***************
”എനിയ്ക്കിഷ്ടപ്പെട്ടു ആ തമ്പുരാനെയും തമ്പുരാട്ടിയെയെല്ലാം…” ദേവാനന്ദിന്‍റെ വിരിമാറിലൂടെ വിരല്‍ മെല്ലെ കോറിക്കൊണ്ട് ശ്രീനന്ദന പറഞ്ഞു…
”ഏതോ മുന്‍ജന്മം ബന്ധമെന്നപോലെ ഒരു സ്നേഹം അവരോട് തോന്നുകയാ…”
”ഓഹ്… അപ്പോഴേക്കും ശ്രീനന്ദന തമ്പുരാട്ടി വടക്കേടത്ത് കോവിലകത്തെ അംഗമായോ…” ദേവാനന്ദ് അവള്‍ പറഞ്ഞത് കേട്ട് തമാശയായി പറഞ്ഞു..
കൃത്രിമ ദേഷ്യം ഭാവിച്ച് ശ്രീന്ദന അവന്‍റെ വിരിമാറിലെ രോമരാജികളില്‍ നിന്നും ഏതാനം രോമങ്ങള്‍ അവനെ വേദനിപ്പിക്കാതെ പിഴുതെടുത്തു…
”എന്താടീ ഈ കാണിക്കുന്നേ… നിനക്ക് തടവാന്‍ കുറച്ചെങ്കിലും അവിടെ ബാക്കി വച്ചേര്…”
അത് പറഞ്ഞ് അവന്‍ അവളെ കെട്ടിപ്പുണര്‍ന്ന് കട്ടിലിലേക്ക് മറഞ്ഞു…
ആരോ കാതിനരികില്‍ വന്ന് പേര് ചൊല്ലി വിളിക്കുന്നത് പോലെ…
തളര്‍ന്നുറങ്ങുന്ന ദേവാനന്ദിനെ വിട്ട് അവള്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റു…
യാന്ത്രികമായി ഒരുശക്തി അവളെ മേശയ്ക്കരികിലേക്ക് നയിച്ചു…
ട്രോയറിനുളളില്‍ ഒളിപ്പിച്ച എഴുതി തുടങ്ങിയ കടലാസ്സുകളും തൂലികയും അവള്‍ പുറത്തെടുത്തു…
ഒരു മാസ്മരിക ലോകത്ത് പെട്ടെന്നത് പോലെ അവളുടെ കൈകള്‍ മറ്റാരുടെയോ നിയന്ത്രണത്തിലെന്നവണ്ണം തൂലിക ചലിപ്പിച്ച് തുടങ്ങി…
താലേന്നാള്‍ രാത്രിയില്‍ അവസാനിപ്പിച്ചിടത്ത് നിന്നും അവള്‍ തുടങ്ങി…
”നരേന്ദ്രന്‍…. എന്‍റെ നരേന്‍…”
മഴത്തുളളികള്‍ ജാലകവാതിലിലൂടെ അകത്തേക്ക് നോക്കി കുലുങ്ങിച്ചിരിച്ചു…
ഒരു കഥ പറയാനെന്ന പോലെ….
”ഹേയ് ശ്രീ… എന്ത് ഉറക്കമാ ഇത്..”
അന്നും ശ്രീനന്ദന ദേവാനന്ദിന്‍റെ വിളി കേട്ട് വൈകിയാണ് ഉറക്കമെഴുന്നേറ്റത്…
”ഇങ്ങനെ പതിവുളളതല്ലോടാ ചക്കരെ… ഇവിടെ വന്നതിന് ശേഷം എന്ത് പറ്റി നിനക്ക്…?” ലേശം ശങ്കയോടാണ് ദേവാനന്ദ് ചോദിച്ചത്..
ദേവാനന്ദ് പറഞ്ഞത് ശരിയാണ്…
എന്നും രാവിലെ എഴുന്നേറ്റ് കുളിച്ച് ഒരുങ്ങി ഒരു കപ്പ് ചൂടു ചായയുമായി നില്‍ക്കുന്ന ശ്രീനന്ദനയെയാണ് സാധാരണ ദേവാനന്ദ് കാണാറുളളത്…
ദേവാനന്ദിനെ യാത്രയാക്കി തിരികെ മുറിയിലെത്തിയ ശ്രീനന്ദന വിറയ്ക്കുന്ന കൈവിരലുകളോടെ മേശവലിപ്പ് തുറന്നു…
അവള്‍ പ്രതീക്ഷിച്ചത് പോലെ കടലാസ്സില്‍ തലേന്നാള്‍ നിര്‍ത്തിയിടത്ത് നിന്നും കഥ വീണ്ടും തുടര്‍ന്നെഴുതിയിരിക്കുന്നു…
തന്‍റെ കൈപ്പടയില്‍ തന്നെയാണ് എഴുതിയിരിക്കുന്നതെന്ന് ഒരു ഞെട്ടലോടെ അവള്‍ തിരിച്ചറിഞ്ഞു…
”നരേന്ദ്രന്‍…. എന്‍റെ നരേന്‍… ഒരു കാലഘട്ടം കഴിഞ്ഞപ്പോള്‍ അവന്‍റെ കുട്ടിത്വം മാറിയത് പോലെ എനിക്ക് തോന്നി… അവനെ കാണുമ്പോള്‍ എന്‍റെയും…”
മെല്ലെ മെല്ലെ ശ്രീനന്ദന കഥയിലേക്ക് ലയിച്ചു ചേര്‍ന്നു…
നരേന്ദ്രന്‍…
കോവിലകത്തിന് വേണ്ടി ജീവന്‍ വരെ ത്യജിക്കാന്‍ തയ്യാറുളള കാര്യസ്ഥന്‍ മാധവമാമയുടെ മൂത്ത മകന്‍…
Super story