മഴത്തുള്ളികള്‍ പറഞ്ഞ കഥ 1 [ഹണി ശിവരാജന്‍] 26

ഒരു സഹോദരി… ലക്ഷ്മി…

ഇളയത് ആയാത് കൊണ്ട് എല്ലാവരുടെയും അരുമയായി വളര്‍ന്നു.. എന്തിനും ഏതിനും കോവിലകത്ത് സ്വതന്ത്യം അവള്‍ക്ക് നല്‍കിയിരുന്നു… ഒരു പൂമ്പാറ്റയെപ്പോലെ കോവിലകമാകെ പാറി നടന്ന് പ്രകാശം പരത്തുന്ന ഭദ്ര കോവിലകത്തിന്‍റെ ഐശ്വര്യമാണെന്ന് മഹാദേവന്‍ തമ്പുരാന്‍ വിശ്വസിച്ചു…

മൂന്ന് ആങ്ങളമാര്‍ക്കും ജ്യേഷ്ഠത്തി ലക്ഷ്മിയ്ക്ക് അവള്‍ പ്രിയപ്പെട്ട അനുജത്തി ആയിരുന്നു…

ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ അവളെ ആരും വേദനിപ്പിച്ചിട്ടില്ല…

അതിനുളള സാഹചര്യവും അവള്‍ വരുത്തിയിട്ടില്ല…

കോവിലകത്തെ അടിച്ചുതളിക്കാര്‍ക്കും പുറംപണിക്കാര്‍ക്കും വരെ അവള്‍ പ്രിയങ്കരിയായിരുന്നു…

കാര്യസ്ഥന്‍ മാധവന്‍ നായര്‍ അവള്‍ക്ക് മാധവമാമ ആയിരുന്നു…

കൗമാരത്തിലേക്ക് കടന്നെങ്കിലും കോവിലകത്ത് എല്ലാവരുടെയും കണ്ണുകളില്‍ അവള്‍ ഒരു കൊച്ചു കുട്ടിയായിരുന്നു… ഒരാള്‍ക്കൊഴികെ…

വാക്കുകള്‍ ഉദ്വേഗഭരിതമായി അവസാനിച്ചിരിക്കുന്ന…

ഒരു തുടര്‍ക്കഥയെന്ന പോലെ…

കടലാസുകള്‍ ശ്രീനന്ദനയുടെ കൈകളിലിരുന്നു വിറച്ചു….

പുറത്ത് പെയ്തൊഴിഞ്ഞ മഴ അവശേഷിപ്പിച്ച് പോയ മഴത്തുളളി കിലുക്കം അവളുടെ കാതുകളില്‍ വീണ്ടും വീണ്ടും മന്ത്രിക്കുന്നു…

”ഭദ്ര…”

********************

മനസ്സിലുണ്ടായ ഒരു ഉള്‍പ്രേരണയാല്‍ ആകാം ശ്രീനന്ദന കോവിലകത്തിന്‍റെ പൂമുഖത്തിലേക്ക് കാല്‍ വച്ചത്….

ഒരു നിമിഷം കോവിലകത്തിന് മുന്നിലെ മാവിന്‍ കൊമ്പ് അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റില്‍ ഇളകിത്തുളളി…

ചാരു കസേരയില്‍ കണ്ണടച്ചു കിടന്ന മഹാദേവന്‍ തമ്പുരാന്‍ ആരുടെയോ കാല്‍പ്പതന ശബ്ദം കേട്ട് പെട്ടെന്ന് കണ്ണുകള്‍ തുറന്നു…

മുന്നില്‍ ശ്രീനന്ദനയുടെ മുഖം കണ്ടപ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ വീണ്ടും ഞെട്ടല്‍ പടര്‍ന്ന് കയറി….

അത് ശ്രീനന്ദന തിരിച്ചറിഞ്ഞു…

ശ്രീനന്ദനയുടെ മുഖത്ത് ഒരു മന്ദസ്മിതം വിടര്‍ന്നു…

കണ്ണുകളിലെ ഞെട്ടല്‍ പെട്ടെന്ന് ഒളിപ്പിച്ച് മഹാദേവന്‍ തമ്പുരാനും അവളെ നോക്കി പുഞ്ചിരിച്ചു…

”പാര്‍വ്വത്യേ… ആരായീ വന്നിരിക്കണതെന്ന് നോക്യേ…”
അദ്ദേഹം അകത്തേക്ക് നോക്കി നീട്ടി വിളിച്ചു…

ആഢ്യത്വത്തിന്‍റെ ഘനഗാംഭീര്യം ഇപ്പോഴും അദ്ദേഹത്തിന്‍റെ ശബ്ദത്തില്‍ നിറഞ്ഞ് നില്‍ക്കുന്നതായി ശ്രീനന്ദനയ്ക്ക് തോന്നി…

”ഇരിക്ക്യ കുട്ട്യേ…” മഹാദേവന്‍ അങ്ങനെ പറഞ്ഞെങ്കിലും അദ്ദേഹത്തെ ആദരവോടെ നോക്കി നില്‍ക്കുകയാണ് ശ്രീനന്ദന ചെയ്തത്…

”ആരേ…”
അകത്ത് നിന്ന് പറഞ്ഞു കൊണ്ട് പുറത്തെത്തിയ പാര്‍വ്വതിദേവി തമ്പുരാട്ടിയുടെ കണ്ണുകള്‍ ശ്രീനന്ദനയുടെ മുഖത്ത് തറഞ്ഞു നിന്നു…

അവരുടെ കണ്ണുകളില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വികാരങ്ങള്‍ മിന്നിമറഞ്ഞു…

അവരുടെ കണ്ണുകള്‍ ഈറനണിഞ്ഞുവോ….

”എന്തായിത് പാര്‍വ്വത്യേ… അകത്തേക്ക് ക്ഷണിക്ക്യാതെ ആ കുട്ടീടെ മുഖത്ത് നോക്കി നീ മനോരാജ്യം കാണുകയാണോ…”

”വരൂ കുട്ട്യേ…”
കണ്ണുകളില്‍ മിന്നിമറഞ്ഞ ഭാവം മറച്ച് മുഖത്ത് ഒരു പുഞ്ചിരി പടര്‍ത്തി അവര്‍ അവളുടെ കരം ഗ്രഹിച്ച് കോവിലകത്തിന് അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി….

ശ്രീനന്ദന കണ്‍മുന്നില്‍ നിന്നും മറഞ്ഞതും മഹാദേവന്‍ തമ്പുരാനില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസമുയര്‍ന്നു…

കോവിലകത്തിന്‍റെ അകത്തളങ്ങളെല്ലാം ഒരു കോട്ടവും വരുത്താതെ സംരക്ഷിച്ച് പോകുന്നതില്‍ ശ്രീനന്ദനയ്ക്ക് അതിശയം തോന്നി…

കൊത്തുപണികള്‍ നിറഞ്ഞ ചുമരുകളിലൂടെയവള്‍ കണ്ണുകളോടിച്ചു….

”ഇവിടെ തമ്പുരാനും തമ്പുരാട്ടിയെയും കൂടാതെ വേറെ ആരാ ഉളളത്…”
ഇടയ്ക്ക് അവസരം കിട്ടിയപ്പോള്‍ ശ്രീനന്ദന ചോദിച്ചു…

”ഞങ്ങളും അടുക്കള പണിക്കാരുമല്ല്യാതെ വേറെ ആരൂല്ല്യ കുട്ട്യേ… അഞ്ച് മക്കളുണ്ടേയ്… ഓരോരുത്തരും അവരുടേതായ വഴിക്ക്യ പോയി…” ഒരു സങ്കടം അവരുടെ മുഖത്ത് പടര്‍ന്നു…

”അഞ്ച് മക്കള്‍…!!!”
ആ വാചകം അവളുടെ ഉളളില്‍ തറച്ച് ഒരു ഞെട്ടല്‍ അവളുടെ ശരീരമാകെ വ്യാപിച്ചു…

അവളുടെ മനസ്സിലേക്ക് കടലാസ്സില്‍ എഴുതിക്കുറിച്ചിരുന്ന ഏതാനം വാചകങ്ങള്‍ ഒരു യഥാര്‍ത്ഥ്യമെന്നത് പോലെ കടന്ന് വന്നു…

1 Comment

Comments are closed.