മൗനങ്ങൾ പാടുമ്പോൾ [ഗാബോ] 48

ഒന്നു മിണ്ടാതിരുന്നാട്ടെ. എപ്പഴുമോരോ ഡയലോഗുകളാ! എനിക്കിത്രേം പ്രായോമൊക്കെയായില്ല്യോ? മൂത്ത പെണ്ണിനൊരു കൊച്ചുമായി! സാറ, അമ്മയുമായി സ്ഥിരം നടത്തുന്ന സംഭാഷണത്തിന്റെ പുതിയ സ്ക്രിപ്റ്റെഴുതി.

അയ്യോടിയേ! ദാണ്ടൊരു മുനിസിപ്പാലിറ്റീടെ വേസ്റ്റ്ട്രക്ക്! അങ്ങേരടെ  ഗേറ്റും കാണാനില്ലല്ലോ. അവളോടി. ദാണ്ടങ്ങേര് ഗേറ്റും തൊറന്നു നടക്കുന്നു. മങ്ങിയ വെളിച്ചത്തിൽ ആ രൂപം മാത്രം കാണാം. അവളും പൊറകേ നടന്നു. ഇയാളിതെങ്ങോട്ടാ ഇത്രേം സ്പീഡില് നടക്കണേ! വല്ല പെണ്ണുമ്പിള്ളമാരും നടക്കാനെറങ്ങിക്കാണുമോ? അവൾ കാലുകൾ വലിച്ചുവെച്ച് നടത്തത്തിന്റെ സ്പീഡ് കൂട്ടി. പഴയ കൊച്ചുപെണ്ണല്ല താനിപ്പോൾ. കസേരയിലിരുന്ന് കുണ്ടീമൊക്കെ വലുതായി, ആകെമൊത്തം ചത കൂടി. അവൾ ശ്വാസമാഞ്ഞുവലിച്ചു. മുന്നിൽ നടക്കുന്ന നെടിയ രൂപത്തിൽ മാത്രം ശ്രദ്ധിച്ചു.

അയ്യോ! അങ്ങേരോടുന്നു! സാറയും ഓടി. ഏതാണ്ടൊക്കെ കെടന്നു കുലുങ്ങിത്തുളുമ്പുന്നു! അഞ്ചുമിനിറ്റിനകം നെഞ്ചു പൊട്ടിത്തെറിക്കുമെന്നു തോന്നി. ഒന്നു നിക്കണേ! അവസാനത്തെ ശ്വാസവുമെടുത്തവൾ വിളിച്ചു.

കേശവൻ നിന്നു. പിന്നിലാരോ വരുന്നതറിഞ്ഞിരുന്നു. ലിസിയെ കൊറച്ചു മിസ്സും ചെയ്യുന്നുണ്ടായിരുന്നു. തിരിഞ്ഞുനോക്കി. കുറച്ചു ദൂരെ ഒരു സ്ത്രീ മുട്ടുകളിൽ കൈപ്പത്തികൾ കുത്തി കുനിഞ്ഞുനിന്നു കിതയ്ക്കുന്നു. മുടിയിത്തിരിയഴിഞ്ഞ് മുഖമത്ര ക്ലിയറല്ല.

കേശവൻ മെല്ലെ അടുത്തേക്കു നടന്നു. പെട്ടെന്ന് അവർ മുഖമുയർത്തി. ഷോക്കടിച്ചു നിന്നുപോയി! വർഷങ്ങൾ പിന്നോട്ടോടി! എന്റെ പേര് പെണ്ണെന്നല്ല. സാറയെന്നാണ്! കാലുകൾ വിറയ്ക്കുന്നതുപോലെ. വശത്തുണ്ടായിരുന്ന ലാംപ് പോസ്റ്റിൽ കയ്യമർത്തി ഒന്നു സ്റ്റെഡിയായി.

സാറയുടെ കണ്ണുകൾ നിറഞ്ഞുപോയി. ഏതോ തിരശ്ശീലയ്ക്കു പിന്നിൽ മറഞ്ഞുപോയ ജീവൻ! തന്റെയെല്ലാം! ചോരക്കുഴലുകളിലൂടെ, ജീവന്റെ അവസാനത്തെ തുടിപ്പുവരെ, ഹൃദയത്തിൽ പതിഞ്ഞ് ശരീരമാസകലം ഒഴുകുന്ന വികാരം. ഇതാ കണ്മുന്നില്. അവൾ കുഴഞ്ഞുവീണു.

കണ്ണുകൾ തുറന്നപ്പോൾ ഒരു ബെഞ്ചിൽ കിടക്കുന്നു. നല്ല സുഖമുള്ള തലയിണ. മുകളിലേക്ക് നോക്കി. വികാരങ്ങളലയടിക്കുന്ന കണ്ണുകൾ! അവൾ പിടഞ്ഞെണീറ്റു. മനസ്സെത്തുന്നിടത്ത് ശരീരമെത്തുന്നില്ല! പിന്നെയും തളർന്നാ മടിയിൽ തലയമർത്തി.

സാറ. ആ മനസ്സലിയിക്കുന്ന ആഴമുള്ള സ്വരം. ഒരു മാറ്റവുമില്ല. കൈവിരലുകൾ അവളുടെ നെറ്റിയിൽ തഴുകി.

അവളാ കയ്യിൽ പിടിച്ച് ചൂണ്ടുവിരലിലൊറ്റക്കടി വെച്ചുകൊടുത്തു. ആഹ് നൊന്തല്ലോടീ! കേശവൻ കൈ കുടഞ്ഞു.

നൊന്തോ, നന്നായി. ഹൃദയമില്ലാത്ത മനുഷ്യൻ! ഞാനെന്തോരം തീയാ തിന്നത്! എന്നാലും അവളുടെ ഹൃദയമലിഞ്ഞു. അവൾ കടിച്ച കൈവിരൽ കയ്യിലെടുത്തു നുണഞ്ഞു.

3 Comments

  1. Super!!!!

  2. അഭിപ്രായത്തിനും നല്ല വാക്കുകൾക്കും നന്ദി, ബ്രോ.

  3. വളരെ നന്നായിരിക്കുന്നു ബ്രോ. പ്രണയവും വിരഹവും കൂടെപ്പിറപ്പുകൾ ആണെന്ന് തോന്നുന്നു. വിരഹത്തിന്റെ വേദനയില്ലാത്ത പ്രണയം അപൂർവമായിരിക്കും . കഥ നല്ല രീതിയില് തന്നെ അവസാനിച്ചു. നല്ല കഥകളുമായി വീണ്ടും വരിക.??✌?

Comments are closed.