മൗനങ്ങൾ പാടുമ്പോൾ [ഗാബോ] 48

നീ കഴിക്കടാ. രാമേട്ടനവന്റെ പുറം തടവിക്കൊടുത്തു. പിന്നെ ചായ എന്നുപേരുള്ള റെയിൽവേയുടെ വാട്ടവെള്ളം കുടിച്ചുകൊണ്ടിരുന്നപ്പോൾ രാമേട്ടൻ മനസ്സു തുറന്നു.

കേശവാ. മൃദുവായ ആ സ്വരം കേൾക്കാൻ കേശവൻ മുന്നോട്ടാഞ്ഞിരുന്നു. നമ്മളെല്ലാം മനുഷ്യരാണ്. നീ ഈ കമ്പാർട്ട്മെന്റിൽ നോക്കിയേ. കുട്ടികൾ, അച്ഛനമ്മമാർ, ചെറുപ്പക്കാർ…എല്ലാവരും ജീവിതത്തിൽ മുഴുകിയിരിക്കുന്നു. വിപ്ലവമെന്നു പറഞ്ഞാൽ വികാരങ്ങളില്ലാത്ത ഒരേ ലക്ഷ്യം നോക്കി മുന്നോട്ടു പോവുന്നവർ എന്നൊക്കെയുള്ള ശുദ്ധ അസംബന്ധം പറയുന്ന മുരടന്മാരെ എനിക്കു കണ്ടൂടാ. ജീവിതം ജീവിച്ചുതന്നെ തീർക്കണം. എന്നാൽ നമ്മുടെ മാർഗ്ഗം മറക്കരുത്. അത്രമാത്രം.

രാമേട്ടൻ ചരിഞ്ഞുകിടന്ന് ഏതോ അമേരിക്കൻ ക്രൈം നോവൽ വായന തുടങ്ങി. പ്രസ്ഥാനത്തിന്റെ ഒരാചാര്യനായിരുന്നെങ്കിലും രാമേട്ടൻ കേശവനൊരത്ഭുതമായിരുന്നു.

വീട്ടിലെത്തി മുഷിഞ്ഞ കുപ്പായങ്ങൾ മാറ്റി ഒന്നുകുളിച്ചുഷാറായി കൈലിയുമുടുത്ത് പിന്നിലെ വരാന്തയിൽ അമ്മയോട് വർത്താനം പറഞ്ഞിരുന്ന കേശവന്റെ ചെവിയിൽ ആരോ നുള്ളി!

സാറ. അവൾ മനസ്സിന്റെ കോണിലുണ്ടായിരുന്ന കേശവന് പ്രിയങ്കരിയെ പെട്ടെന്നു പിടികിട്ടി.

ഇങ്ങുവാടീ കാന്താരീ. അവനവളുടെ കൈക്കു പിടിച്ച് മുന്നിൽ നിർത്തി. അവന്റെ നനഞ്ഞെങ്കിലും എണ്ണമയം പുരളാത്ത പപ്രശ്ശ മുടിയും പരവശമായ മുഖവും കണ്ടവൾ സങ്കടപ്പെട്ടു. ഇതു നോക്കിയേ അമ്മേ! കേശവേട്ടനാകെയങ്ങ്…അവൾക്കു മുഴുമിക്കാനായില്ല. തൊണ്ടയിടറി, കണ്ണുകൾ നിറഞ്ഞുതുളുമ്പി.

പാവം മോളു. ദേവകിയവളെ ചേർത്തു നിർത്തി മുടിയിൽ തലോടി. കണ്ടോടാ എന്റെ മോൾടെ സ്നേഹം. മേരി പോയേപ്പിന്നെ ഇവളൊറ്റയ്ക്കായി.  ഇന്നലേം വന്നിരുന്നു. നിന്നേക്കാളും അവൾക്കെന്റെ കാര്യത്തില് ശ്രദ്ധയൊണ്ട്.

എന്റെയമ്മേ! ഇവളൊരു പൂതനയല്ലേ! കാന്താരീടെ ഈ വേഷത്തിലൊന്നും വീണേക്കല്ലേ! കേശവൻ ചിരിച്ചു.

പോടാ. പൂതന ഇയാൾടെ… സാറ അവന്റെ ചുമലിലൊരു തള്ളുകൊടുത്തു. അവൻ ചിരിച്ചുകൊണ്ട് വരാന്തയിലേക്ക് മലർന്നു. ഞാൻ പോട്ടമ്മേ! സാറ ഒറ്റയോട്ടം വെച്ചുകൊടുത്തു!

എടാ! കിടന്നു ചിരിക്കുന്ന കേശവനെ നോക്കി ദേവകിയും ചിരിച്ചുപോയി. നീയെന്തിനാടാ ആ കൊച്ചിനെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കണത്! അവരകത്തേക്കു പോയി.

3 Comments

  1. Super!!!!

  2. അഭിപ്രായത്തിനും നല്ല വാക്കുകൾക്കും നന്ദി, ബ്രോ.

  3. വളരെ നന്നായിരിക്കുന്നു ബ്രോ. പ്രണയവും വിരഹവും കൂടെപ്പിറപ്പുകൾ ആണെന്ന് തോന്നുന്നു. വിരഹത്തിന്റെ വേദനയില്ലാത്ത പ്രണയം അപൂർവമായിരിക്കും . കഥ നല്ല രീതിയില് തന്നെ അവസാനിച്ചു. നല്ല കഥകളുമായി വീണ്ടും വരിക.??✌?

Comments are closed.