മൗനങ്ങൾ പാടുമ്പോൾ [ഗാബോ] 48

തിരിച്ചു നടക്കുമ്പോൾ കേശവന്റെ വാക്കുകൾ അവളയവിറക്കി. ഇനിയെന്നെങ്കിലും കാണാനൊക്കുമെന്നുതന്നെയറിയില്ല. ആന്ധ്രയിലും, ഒറീസ്സയിലും ആയിരിക്കാം അവന്റെ ദിവസങ്ങൾ… അവളറിയാതെ കണ്ണുനീരൊഴുകുന്നുണ്ടായിരുന്നു. ഭാഗ്യത്തിന് വീട്ടിൽച്ചെന്നപ്പോൾ അപ്പച്ചൻ ഉച്ചയുറക്കത്തിലും. അവൾ മുഖം കഴുകി അന്നത്തെ മധുരം മാത്രമോർക്കാൻ ശ്രമിച്ചു കിടന്നു.

മാസങ്ങൾ കഴിഞ്ഞിട്ടും കേശവന്റെ ഒരു വിവരവും ആർക്കുമില്ലായിരുന്നു. അവസാനം ദേവകി , മേരി അവധിക്കു വന്നതറിഞ്ഞ് മാത്യൂസാറിന്റെ വീട്ടിൽച്ചെന്നു.

സാറ ജീവച്ഛവമായി മാറിയിരുന്നു.

മേരീ. അവനെയേതാണ്ട് പ്രത്യേക നിയമം അനുസരിച്ചാണ് അറസ്റ്റു ചെയ്തത്. ജാമ്യം പോയിട്ട് എന്റെ മോനെവിടെയാണെന്നുപോലും ആർക്കുമറിയില്ല. അവർ വിങ്ങിപ്പൊട്ടി. കണ്ണീർ വാർക്കുന്ന സാറയെ ദേവകി ചേർത്തുപിടിച്ചു. അവളുടെ മെലിഞ്ഞ കൈത്തണ്ടകളിൽ തഴുകി.

എന്റെ മോളേ. നീ എന്റെ വീട്ടിലേക്ക് വരണ്ടവളാണ്. ഞാനെത്രമാത്രം ആഗ്രഹിച്ചതാ. നീ ഈ അമ്മ പറയണത് കേൾക്കുമോ?

ഞാനെന്താ വേണ്ടേ? സാറ പൊട്ടിക്കരഞ്ഞു. അവളുടെ രണ്ടമ്മമാരും അവളെ കെട്ടിപ്പിടിച്ചു.

മോള് മേരിയെ വിഷമിപ്പിക്കരുത്. അവൾക്ക് നീ മാത്രമേയുള്ളൂ. മാത്യൂസാറിനും പ്രായമായി. കേശവനെ നീ മറക്കണം എന്നുപറയാൻ എനിക്ക് പറ്റില്ല മോളേ. എന്നാലും നീ മേരിയെ അനുസരിക്കണം. ദേവകി കണ്ണുകൾ തുടച്ചു.

ബിഎസ്സ്സി കഴിഞ്ഞ് അവൾ മേരി കണ്ടെത്തിയ ചെറുക്കന്റെ മുന്നിൽ മിന്നുകെട്ടാൻ തലകുനിച്ചു. കേശവന്റെ ഒരു വിവരവുമില്ലായിരുന്നു. വിപ്ലവകാരികളുടെയൊപ്പം ജീവിച്ച ദേവകി മാത്രം വിശ്വാസം കൈവിടാതെ പിടിച്ചു നിന്നു. പ്രതിസന്ധികളെ ഒറ്റയ്ക്കു തരണം ചെയ്തു.

ലിസി പരിചയമില്ലാത്ത കോളനിയിലെ റോഡിലൂടെ, മെല്ലെ നടന്നു. അമ്മയോടൊപ്പം രണ്ടുദിവസം മുൻപ് മാറിയേയുള്ളൂ. ചുറ്റിലും നേരം വെളുത്തു വരുന്നു. റോഡിന്റെ ഇരുവശങ്ങളിലും ഇടവിട്ട് മരങ്ങൾ വളർന്നിരുന്നു. കറുത്ത ട്രാക്ക് സൂട്ടും കറുത്ത നൈക്കിയുമണിഞ്ഞ സുന്ദരിക്കുട്ടിയെ ജോഗിങ്ങിനിറങ്ങിയ ഒന്നുരണ്ടുപേർ ശ്രദ്ധിച്ചിരുന്നു. അവൾക്ക് നേരിയ പരിഭ്രമം ഉണ്ടായിരുന്നു.

തൊട്ടു മുന്നിൽ ഗേറ്റു തുറന്നിറങ്ങുന്ന ചാര നിറത്തിലുള്ള ട്രാക്സും വെളുത്ത, കഴുത്തില്ലാത്ത ടീഷർട്ടും ധരിച്ച ദീർഘകായനെക്കണ്ട് അവളുടെ ചലനം മന്ദഗതിയിലായി. ചുരുണ്ട മുടിയും അവിടവിടെ നര വീണ സമൃദ്ധമായ താടിയും. മിന്നൽ പോലെ കണ്ട ശാന്തമായ മുഖം.  എന്തോ അവൾക്ക് സേഫാണെന്നു തോന്നി. പുള്ളിയുടെ പിറകേ അവളും നടന്നു. ഗുഡ്മോണിംഗ് വക്കീൽ സാറേ! എതിരേ വന്ന കിഴവൻ പറഞ്ഞു.

3 Comments

  1. Super!!!!

  2. അഭിപ്രായത്തിനും നല്ല വാക്കുകൾക്കും നന്ദി, ബ്രോ.

  3. വളരെ നന്നായിരിക്കുന്നു ബ്രോ. പ്രണയവും വിരഹവും കൂടെപ്പിറപ്പുകൾ ആണെന്ന് തോന്നുന്നു. വിരഹത്തിന്റെ വേദനയില്ലാത്ത പ്രണയം അപൂർവമായിരിക്കും . കഥ നല്ല രീതിയില് തന്നെ അവസാനിച്ചു. നല്ല കഥകളുമായി വീണ്ടും വരിക.??✌?

Comments are closed.