മൗനങ്ങൾ പാടുമ്പോൾ [ഗാബോ] 48

സാറ അപ്പന്റെ മരണത്തിന്റെ യാഥാർത്ഥ്യത്തിൽ നിന്നും മുഴുവനും മോചിതയായിരുന്നില്ല. ഒപ്പം രണ്ടുദിവസത്തിനകം മേരി പോവുകയും ചെയ്തതോടെ അവളുടെ സ്ഥിതി പിന്നെയും ശോചനീയമായി. കോളേജിലാകട്ടെ കേശവനെ കാണാനുമില്ലായിരുന്നു. ഒടുവിൽ മനസ്സുണ്ടായിട്ടല്ലെങ്കിലും അവൾ ഉഷയെ സമീപിച്ചു.

അതേയ്… ഒരു കാര്യം. അവൾ ശങ്കിച്ചു ശങ്കിച്ചു ചോദിച്ചു.

എന്താ കുട്ടീ? ഉഷയവളെ ഉറ്റുനോക്കി. എപ്പൊഴോ കണ്ടുമറന്നപോലെ.

അത്… പെട്ടെന്നവൾക്ക് വാക്കുമുട്ടി. അവളുടെ  മുഖം തുടുത്തു. അവൾക്കവിടെനിന്നും രക്ഷപ്പെട്ടാൽ മതിയെന്നായി. വല്ലാത്ത തിക്കുമുട്ടൽ.

ഉഷയ്ക്കവളുടെ പതറിച്ച മനസ്സിലായി. നന്നായി ചിരിച്ചുകൊണ്ട് ഉഷ സാറയുടെ കയ്യിൽ പിടിച്ചു. വരൂ.. അവളേയും കൊണ്ട് ഉഷ മരത്തണലിലെ തറയിലിരുന്നു.

എന്താ മോൾടെ പേര്? ഉഷ ചോദിച്ചു.

സാറ. അവൾക്കും ശ്വാസം നേരെവീണു.

സാറയ്ക്കെന്താ അറിയണ്ടേ? ഉഷ ചിരിച്ചു.

കേശവേട്ടനെ കണ്ടിട്ടു കൊറച്ചു നാളായി. അതറിയാനാ. അവളൊറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു.

ഇതിനാണോ സാറ ഇത്രേം മടിച്ചത്! പുള്ളി പാർട്ടി പ്ലീനത്തിനു പോയതാ. ഒരാഴ്ചത്തെ പരിപാടിയാ മൊത്തം. പിന്നേം ഒന്നുരണ്ടു സ്ഥലങ്ങളിൽ പോയിട്ടേ വരൂ.

ശരി ചേച്ചീ.. സാറ ആശ്വാസം കൊണ്ടറിയാതെ പറഞ്ഞുപോയി.

എന്നാലിനി അനിയത്തി പോയി നല്ലകുട്ടിയായി ക്ലാസിലിരുന്നു പഠിക്ക്. ഉഷ മന്ദഹസിച്ചു. ഹാപ്പിയായ സാറ വായുവിലൊഴുകി തിരികെപ്പോയി.

മീറ്റിങ്ങുകളുടെ തിരക്കുകൾക്കിടയിൽ കേശവന് ശ്വാസമെടുക്കാൻ സമയം കിട്ടിയില്ല. തിരിച്ചുചെന്ന് നടപ്പിലാക്കണ്ട സമരപരിപാടികൾ, തന്ത്രങ്ങൾ, ആകപ്പാടെ വൈകുന്നേരം വന്നു തളർന്നുകിടന്നുറങ്ങും. എന്നാലും ആ കുസൃതിപ്പെണ്ണിന്റെ മുഖം വല്ലപ്പോഴുമെങ്കിലും സ്വപ്നങ്ങളിലും, ഉണർന്നിരിക്കുമ്പോഴും മിന്നിമാഞ്ഞിരുന്നു. മധുരമുള്ള നൊമ്പരം കിള്ളി നോവിച്ചിരുന്നു. വികാരങ്ങളെ അകറ്റിനിർത്തേണ്ട വിപ്ലവകാരിയുടെ പ്രതിരോധങ്ങൾക്കു വിള്ളലേല്പിച്ച് നുഴഞ്ഞുകയറിയ വികാരങ്ങൾ..

തിരികെ ട്രെയിനിലിരുന്നപ്പോൾ കേശവൻ പുസ്തകങ്ങളൊന്നും വായിച്ചില്ല. അവന്റെയൊപ്പം യാത്ര ചെയ്ത രാമേട്ടൻ അവന്റെ സ്വപ്നം കാണുന്ന കണ്ണുകൾ ശ്രദ്ധിച്ചിരുന്നു.

എടാ മോനേ.. റെണിഗുണ്ട സ്റ്റേഷനിൽ നിന്നും കാലത്തേ ദോശയും, ചട്ണിയും ഓംലെറ്റും അകത്താക്കുന്നതിനിടയിൽ രാമേട്ടൻ ഒരു ചോദ്യമെറിഞ്ഞു. ആരാടാ നിന്റെ മനസ്സില്?

അത്..രാമേട്ടാ… ഭക്ഷണം തൊണ്ടക്കുഴലിൽ തങ്ങി കേശവൻ ചുമച്ചു. അവനിത്തിരി പരിഭ്രാന്തിയായി.

3 Comments

  1. Super!!!!

  2. അഭിപ്രായത്തിനും നല്ല വാക്കുകൾക്കും നന്ദി, ബ്രോ.

  3. വളരെ നന്നായിരിക്കുന്നു ബ്രോ. പ്രണയവും വിരഹവും കൂടെപ്പിറപ്പുകൾ ആണെന്ന് തോന്നുന്നു. വിരഹത്തിന്റെ വേദനയില്ലാത്ത പ്രണയം അപൂർവമായിരിക്കും . കഥ നല്ല രീതിയില് തന്നെ അവസാനിച്ചു. നല്ല കഥകളുമായി വീണ്ടും വരിക.??✌?

Comments are closed.