മഞ്ഞുകാലം 2146

പിന്നീടുള്ള ദിവസങ്ങളിൽ എന്റെ ഓരോ ട്രെയിനുകളിലും ഞാൻ എയ്ഞ്ചലിന്റെ സാന്നിധ്യം തിരഞ്ഞു. പക്ഷേ നിഷ്കളങ്കമായ ചിരിയോടു കൂടിയ ആ മുഖം വീണ്ടും ഒരിക്കല്ക്കൂടി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടില്ല. ആ യാത്രക്കാരിക്ക്‌ എന്തു സംഭവിച്ചു എന്ന്‌ ഞാൻ പലപ്പോഴും വേപഥു പൂണ്ടു. അവളുടെ കാമുകനെ പിരിഞ്ഞിരിക്കുവാൻ ഒരിക്കലും അവൾക്കാവില്ലായിരുന്നല്ലോ. ഒരുപക്ഷെ പെട്ടെന്നൊരു നിമിഷത്തിൽ തന്റെ ബലഹീനതയെ തിരിച്ചറിഞ്ഞ്‌ ട്രെയിൻയാത്ര അവൾ അവസാനിപ്പിച്ചിരിക്കുമോ? അതോ ശരീരത്തെ ചടപ്പിച്ച രോഗത്തിന്റെ തീവ്രത……? ഇല്ല, അത്‌ സംഭവിക്കില്ല. അങ്ങനെ ചിന്തിക്കുവാൻ മനസ്സനുവദിച്ചില്ല. പതിവുപോലെ തന്റെ നിറചിരിയുമായി കൈയിൽ തൂക്കിയ ബാഗുകളുമായി അവൾ വീണ്ടും എന്റെ മുൻപിൽ പ്രത്യക്ഷപ്പെടുമെന്നു തന്നെ ഞാൻ ഇപ്പോഴും പ്രത്യാശിക്കുന്നു.

ആകാശം ചെറുതായി മേഘാവൃതമായി കഴിഞ്ഞിരിക്കുന്നു. ഘടികാരത്തിന്റെ സൂചി ഒരു മണിക്കൂർ മുന്നോട്ട്‌ പോയത്‌ അറിഞ്ഞതേയില്ല. അന്തരീക്ഷത്തിൽ നേരിയ തണുപ്പ്‌ അനുഭവപ്പെട്ടു തുടങ്ങി. മകൾ കൈകളിലിരുന്ന്‌ ഉറങ്ങിക്കഴിഞ്ഞു. താഴ്വരയിലേക്ക്‌ വെറുതെ കണ്ണോടിച്ചു. ശൈത്യത്തിന്റെ വരവിനെ എതിരേല്ക്കാൻ ഇലകൾ പൊഴിച്ച്‌ ദിഗംബരകളായി പാതയോരത്ത്‌ നിരന്നുനില്ക്കുന്ന പോപ്ലാർ മരങ്ങളുടെ ചില്ലകളിൽ നിന്നും പെരുമ്പാമ്പിനെപ്പോലെ മലമുകളിലേക്ക്‌ ഇഴഞ്ഞു കയറിപ്പോകുന്ന ഫയർ ബ്രേക്കുകളിൽ മിഴികൾ ഉടക്കിനിന്നു. ഗൂഢമായ ഒരു വിഷാദഭാവം മനസ്സിന്റെ കോണിലെവിടെയോ ഉറപൊട്ടിയൊഴുകി. ചാരുബെഞ്ചിൽ നിന്നും എഴുന്നേറ്റ്‌ വീടിന്റെ മുൻവാതിലിനരികിലേക്ക്‌ നടന്നു. ദൂരെ മരച്ചില്ലയിൽ നിന്നും ട്യൂയിയുടെ മധുരനാദം കേട്ടുവോ? ആകാംക്ഷയോടെ തിരിഞ്ഞു നോക്കി. പക്ഷേ ആ ഗാനം നിലച്ചുകഴിഞ്ഞിരുന്നു….

THANKS

SUNIL THARAKAN

Author. From Kothamangalam. Lives in Wellington, New Zealand

CLICK HERE TO THIS Author’s MORE STORIES

1 Comment

  1. Nice.. Vallathoru nombaram manasil….

Comments are closed.