മഞ്ഞുകാലം 2146

ക്ഷമാപണത്തോടെ വ്യക്തമായി വീണ്ടും പറഞ്ഞു, “ട്രെയിൻ പട്ടണത്തിലേക്ക്‌ മടങ്ങിപ്പോകുകയാണ്‌. നിങ്ങൾക്ക്‌ സ്ഥലം തെറ്റിയിട്ടില്ലെന്ന്‌ വിചാരിക്കുന്നു. ഇതാണ്‌ അവസാനത്തെ സ്റ്റേഷൻ”.
“ഇല്ല, തെറ്റിയിട്ടില്ല. ഞാനീ ട്രെയിനിൽത്തന്നെ മടങ്ങിപ്പോകുകയാണ്‌. ഓർമ്മിപ്പിച്ചതിന്‌ നന്ദി”. കുട്ടികളുടെ ശബ്ദത്തിൽ പുഞ്ചിരിയോടെ അവർ പറഞ്ഞു.
“ക്ഷമിക്കണം, ഞാൻ തെറ്റിദ്ധരിച്ചു.” ശുഭയാത്ര നേർന്നുകൊണ്ട്‌ തിരിച്ചുനടക്കാൻ തുടങ്ങുമ്പോൾ യാദൃശ്ചികമായി എന്റെ മിഴികൾ ആ സ്ത്രീയുടെ നഗ്നമായ കാല്പ്പാദങ്ങളിൽ പതിഞ്ഞു. എനിക്ക്‌ കണ്ണുകളെ വിശ്വസിക്കാനായില്ല. ഇത്രമാത്രം പരുക്കനായ ഒരു കാലാവസ്ഥയിൽ നഗ്നപാദങ്ങളുമായി ഒരാളെ സങ്കല്പ്പിക്കാൻ പോലും കഴിയുമായിരുന്നില്ല. സിഗ്നൽ ബോക്സിലേക്ക്‌ നടക്കുമ്പോൾ ഞാൻ ഒന്നുകൂടി പിന്നിലേക്ക്‌ തിരിഞ്ഞുനോക്കി. പുറത്ത്‌ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന തണുത്ത തെക്കൻകാറ്റിൽ ഇരുവായ്ത്തലയുള്ള വാൾ പോലെ തലങ്ങും വിലങ്ങും വീശിക്കൊണ്ടിരിക്കുന്ന ‘കാബേജ്‌ മര’ങ്ങളുടെ നീണ്ട ഇലകളിലായിരുന്നു ഇപ്പോൾ അവളുടെ നോട്ടം.

രോമകൂപങ്ങളിൽ തുളച്ചുകയറുന്ന തണുപ്പ്‌ അസഹനീയമായിരുന്നു. സിഗ്നൽ ബട്ടണിൽ വിരലമർത്തി. ചുവപ്പ്‌ ലൈറ്റ്‌ പച്ചക്ക്‌ വഴിമാറി. പ്ലാറ്റ്‌ ഫോമിൽ യാത്രക്കാരായി ആരും തന്നെയില്ലായിരുന്നു. ഡോർ കീ അതിന്റെ പഴുതിലിട്ട്‌ വലത്തേക്കൊന്ന്‌ തിരിച്ചു. എല്ലാ ഡോറുകളും അടഞ്ഞു. ഡ്രൈവർക്ക്‌ പുറപ്പെടാനുള്ള ബസറും നൽകിക്കഴിഞ്ഞു. ഇരുമ്പു ചക്രങ്ങൾ പാളത്തിൽ ഞരക്കത്തോടെ ഉരുണ്ടുനീങ്ങി. വീണ്ടും മറ്റൊരു ലക്ഷ്യത്തിലേക്ക്‌.
ട്രെയിനിന്റെ കടകട ശബ്ദത്തിനിടയിലും ഫോണിന്റെ മണിനാദം കേട്ടു. പെട്ടെന്നു നിലച്ച ശബ്ദം അതൊരു മിസ്ഡ്‌ കോൾ ആണെന്ന്‌ ഓർമപ്പെടുത്തി. ഭാര്യയുടേതാകണം, മനസ്സിൽ ചിന്തിച്ചു. കാര്യമില്ലാതെ ഇടയ്ക്കിടെ ‘നഷ്ടപ്പെടുന്ന കോളുകൾ’ ചെയ്യുന്നത്‌ അവളുടെ ശീലമായി മാറിയിട്ടുണ്ട്‌. ഇതൊരുപക്ഷേ സ്നേഹത്തിന്റെ ഓർമ്മപ്പെടുത്തലുകളാകും. തിരിച്ചു വിളിച്ചു.

“ഹലോ” മറുതലക്കൽ നിന്നും പതിഞ്ഞ ശബ്ദത്തിൽ മറുപടി വന്നു, “ഇന്ന്‌ നേരത്തെ വരുമോ?”. ഭാര്യയുടെ ശബ്ദം തികച്ചും സ്ത്രൈണമാണ്‌. കൊച്ചുകുട്ടികളുടേത്‌ പോലെ. ഞാൻ പറഞ്ഞു, “ഇന്ന്‌ താമസിച്ചേ ജോലി തീരുകയുള്ളു. ഉറക്കം കളഞ്ഞ്‌ കാത്തിരിക്കേണ്ട”.

ഏകാന്തനിമിഷങ്ങൾ അവളെ അലോസരപ്പെടുത്തുന്നുണ്ടാകും. ധാരാളമായി ശ്വാസമെടുത്തുകൊണ്ടുള്ള ഒരു മൂളൽ കേട്ടു.

‘ഉ’കാരത്തിൽ തുടങ്ങുന്ന ആ ശബ്ദത്തിന്‌ അപാരമായ ആവാഹന ശേഷിയുണ്ട്‌. നിർവചനമില്ലാത്ത വെറുമൊരു ശബ്ദം എന്നതിലുപരി ആഴവും വ്യാപ്തിയും ഏറെയുള്ള ഒരു വാചാല ഭാഷണമാണത്‌.

ഒരുനിമിഷം വാത്സല്യത്തിൽ പൊതിഞ്ഞ അനുരാഗം അവളോട്‌ തോന്നിപ്പോയി. അടുത്തായിരുന്നെങ്കിൽ ചേർത്തണച്ച്‌ നിറുകയിൽ ചുംബിച്ചു പോകുമായിരുന്നു.

വീണ്ടും പറഞ്ഞു, “കഴിയുന്നതും നേരത്തെ വരാം.”

പതിനൊന്ന്‌ മണിക്ക്‌ യാത്ര പൂർത്തിയാക്കേണ്ടുന്ന ട്രെയിൻ പതിനഞ്ച്‌ മിനിറ്റ്‌ വൈകിയാണ്‌ സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേർന്നത്‌. കാറ്റത്ത്‌ കൊഴിഞ്ഞുവീണ ഇലകൾ പാളങ്ങളിൽ ചതഞ്ഞരഞ്ഞ്‌ വഴുതലുണ്ടാക്കിയിരുന്നു. ചിലയിടങ്ങളിൽ ട്രെയിനിന്റെ വേഗത വളരെ കുറക്കേണ്ടിവന്നു. സ്ലിപ്പറി ട്രാക്കിലൂടെ ഓടുമ്പോഴുള്ള ട്രെയിനിന്റെ ശബ്ദം കാറ്റിന്റെ സീല്ക്കാരത്തിന്‌ സമാനമായിരുന്നു. ട്രെയിനിൽ നിന്ന്‌ പുറത്തിറങ്ങി സ്റ്റേഷൻ ഓഫീസിലേക്ക്‌ തിടുക്കത്തിൽ നടന്നു. ജാക്കറ്റും, ടിക്കറ്റ്‌ വാലറ്റും ലോക്കറിൽ വെച്ച്‌ പൂട്ടി. പാർക്കിംഗ്‌ ഏരിയയിൽ കൈവിരലിലെണ്ണാവുന്ന വാഹനങ്ങൾ മാത്രമേയുള്ളു. എല്ലാവരും കൂടണഞ്ഞു കഴിഞ്ഞു.

1 Comment

  1. Nice.. Vallathoru nombaram manasil….

Comments are closed.