ബുക്ക് കൊടുക്കുമ്പോൾ “പറ്റുമെങ്കിൽ ഇന്ന് രാത്രി എനിക്കൊന്നു സംസാരിക്കണം മിസ്സ് അടിക്കാൻ കഴിയുമെങ്കിൽ അടിക്ക് ” എന്ന് നെഞ്ചിടിപ്പോടെ ആദ്യമായി ഞാൻ പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടു. കയ്യിലെ കർച്ചീഫ് കൊണ്ട് കണ്ണ് തുടച്ച് തലയാട്ടി കൊണ്ട് അവൾ ക്ലാസ്സിലേക്ക് പോകുന്നതിനിടയിൽ വരാന്തയിൽ വെച്ച് ബുക്ക് തുറന്ന് നോക്കുന്നതും ഞാൻ എഴുതിയ വരികൾ കണ്ടപ്പോൾ സന്തോഷത്തോടെ തിരിഞ്ഞു നോക്കി ചിരിച്ചതും ഇന്നും എന്റെ മനസ്സിലുണ്ട് .
ഈ സമയത്ത് സ്റ്റാഫ് റൂമിലേക്ക് വന്ന അവളുടെ ക്ലാസ് ടീച്ചറോട് അവളെ കുറിച്ച് വെറുതെ അന്വേഷിച്ചപ്പോൾ നല്ലത് മാത്രമേ പറയാനുണ്ടായിരുന്നോള്ളൂ “വലിയ വീട്ടിലെ കുട്ടിയാ അതുകൊണ്ടാവണം പാരെന്റ്സ് ഫോൺ വിളിക്കാറും അവളെ കുറിച്ച് അന്വേഷിക്കാറും കുറവാ.. അവളങ്ങനെ ഒരു കച്ചറക്കും ഇല്ലാത്തതിനാൽ അവരെ സ്‌കൂളിലേക്ക് വിളിപ്പിക്കേണ്ടതായി വന്നിട്ടില്ല. പിന്നെ സ്കൂളിലെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടിയും കൂടിയാണ് നജ്മ ., ” എന്നല്ലാം കേട്ടപ്പോൾ എനിക്ക് വല്ലാത്ത സന്തോഷമാണ് മനസ്സിൽ തോന്നിയത്.
അന്ന് ക്ളാസ്സെടുക്കുമ്പോൾ മുഴുവനും അവളായിരുന്നു മനസ്സിൽ.
‘ സന്തോഷങ്ങൾ സ്വപ്നം കാണുന്നവരെ ജീവിതത്തിൽ ലഭിച്ചാൽ അവരെ മാറ്റി നിർത്തി കളയരുതെന്നും സ്വന്തമാക്കാൻ ധൃതി കാണിക്കണം’ എന്നുള്ള വരികൾ എവിടെയോ വായിച്ചതും അവളെ പോലെയുള്ള ഒരു കുട്ടിക്ക് എന്നെ ഒരുപാട് സ്നേഹിക്കാനും, ഇഷ്ടപ്പെടാനും കഴിയുമെന്നുള്ള ചിന്തകളും കൂടിയായപ്പോൾ എന്റെ അന്നത്തെ ദിവസം പെട്ടെന്ന് തീർന്നു .
സ്കൂളിൽ നിന്നും വീട്ടിലെത്തി പതിവില്ലാതെ ഒരുപാട് പ്രതീക്ഷകളോടെ അവളുടെ വിളിയും പ്രതീക്ഷിച്ച് ഞാൻ മൊബൈലിലേക്ക് മിനുട്ടുകൾ ഇടവിട്ട് നോക്കി കൊണ്ടിരുന്നു. കൂടുതൽ വൈകാതെ അവൾ വിളിച്ചെങ്കിലും ഞാൻ ഫോൺ കട്ട് ചെയ്ത് തിരികെ വിളിച്ചു.
ആദ്യമായാണ് ഞാനൊരു പെൺകുട്ടിയെ മനസ്സ് കൊണ്ട് പ്രണയമെന്ന പേരിൽ ഇഷ്ടപ്പെടുന്നത് അതുകൊണ്ടാവണം അന്ന് അൽപ്പം സമയമെടുക്കേണ്ടി വന്നു സംസാരിച്ച് തുടങ്ങാൻ. പറയാൻ അവൾക്കൊരുപാടുണ്ടായിരുന്നു എന്നെ നല്ലോണം മനസ്സിലാക്കിയാണ് അവൾ ഇഷ്ട്ടപ്പെട്ടു പോയതെന്ന് അവളുടെ വാക്കുകളിൽ നിന്നും എനിക്ക് ബോധ്യപ്പെടുകയുണ്ടായി. വീട്ടിൽ വിഷമങ്ങൾ ഒരുപാടുണ്ടെങ്കിലും ആരെയും അറിയിക്കുകയോ മറ്റോ ചെയ്യുന്നത് ഇഷ്ടമില്ലായിരുന്നു. ഞാൻ നിർബന്ധിച്ചു പറയിപ്പിച്ചപ്പോൾ ഒരു ദിവസം കരഞ്ഞു കൊണ്ട് കുറെ പറഞ്ഞു.
ഭക്ഷണം പോലും ആ സ്ത്രീ സ്വന്തം മക്കൾക്ക് കൊടുക്കുന്നത് പോലെ ഇവൾക്ക് നൽകുമായിരുന്നില്ല അവരുടെ മക്കൾ കഴിച്ച ബാക്കിയും , ചിലപ്പോൾ വിശപ്പ് മാറാൻ പോലും ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടും അങ്ങനെ സ്വന്തം മകളായി കാണേണ്ട കുട്ടിയോട് ആ സ്ത്രീ കാണിച്ച ഒരുപാട് ക്രൂരതകൾ..