മോഹനഹേമന്തം 9

Views : 1100

ആരുമില്ലാത്തവർക്ക് മരണം തുണ! ആരോ അവളുടെ ഉള്ളിൽ ഇരുന്നു പിറുപിറുക്കുന്നതായി ഹേമയ്ക്ക് തോന്നി. ‘അതെ, ശെരിയാണ്! മരണം. അതാണ് ഇനി താൻ കഴിക്കേണ്ട മരുന്ന്. ഈ മനം മടുപ്പിക്കുന്ന ഏകാന്തത, സഹതാപത്തിന്റെ കഴുകൻ കണ്ണുകൾ. വീണ്ടും വീണ്ടും തികട്ടി വന്നു നെഞ്ച് പിളർക്കുന്ന ഗതകാല സ്മരണകൾ. ആ ഒരുമിച്ചുള്ള നിമിഷങ്ങൾ. വയ്യ! ആർക്കും ഭാരമാകാതെ ഒരു തൂവൽ പോലെ ഒഴുകി നടക്കണം.’

അങ്ങനെ ഒരു മദ്ധ്യാഹ്നത്തിൽ അമ്മ പുറത്തു പോയ സമയം. എല്ലാം നിശ്ചയിച്ചുറപ്പിച്ച പോലെ ഹേമ വാതിൽ അടച്ചു. മുറിയിലെ ഫാനിൽ ഒരുക്കിയ കഴുമരത്തിലേക്ക് അവൾ നിർവികാരയായി നോക്കി. ചേട്ടൻ തന്റെ പിറന്നാൾ ദിനത്തിൽ വാങ്ങിത്തന്ന അതേ ചുമന്ന ചുരിദാറിന്റെ ഷാൾ!.

~~~~~~~~~~~~~

“മാഡം, മാഡം, സ്ക്കൂളെത്തി.”

ഡ്രൈവർ വിളിച്ചപ്പോഴാണവർ കണ്ണ് തുറന്നത്. ഡൽഹി യാത്രയുടെ ക്ഷീണം കാരണം അറിയാതെ മയങ്ങിപ്പോയി.

കാറിൽ നിന്നും ഇറങ്ങിയ അവരെ സ്കൂൾ അധികൃതർ സ്വീകരിച്ചു വേദിയിലേക്കു ആനയിച്ചു.

സ്കൂൾ ആഡിറ്റോറിയം കുട്ടികളും രക്ഷിതാക്കളും കൊണ്ട് നിറഞ്ഞിരിക്കുന്നു. മൈക്കിൽ നിന്നും സ്വാഗത പ്രാസംഗികന്റെ അനൗൺസ്‌മെന്റ് മുഴങ്ങി.

“പ്രിയരേ. എല്ലാവരും കാത്തിരുന്ന നമ്മുടെ വിശിഷ്ടാതിഥി, ഈ സ്കൂളിലെ പൂർവ്വവിദ്യാർഥിനി കൂടിയായ ശ്രീമതി. ഹേമ മോഹൻ ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്. മാഡത്തെക്കുറിച്ച് നിങ്ങളോടു കൂടുതൽ പറയണ്ട ആവശ്യം ഇല്ലല്ലോ! പ്രമുഖ സാമൂഹിക പ്രവർത്തകയും, എഴുത്തുകാരിയും, കാൻസർ വെൽഫെയർ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകയും, വനിതാകമ്മീഷൻ അംഗവും കൂടിയായ ഇന്നു നമ്മുടെ സ്കൂൾ അങ്കണത്തിൽ വിദ്യാർഥികൾക്കായുള്ള ഈ ത്രിദിന കൗൺസിലിങ് പരിപാടിയിൽ ഭാഗഭാക്കാകാൻ എത്തിച്ചേർന്നതിൽ നിങ്ങളെപ്പോലെ ഞാനും ഏറെ സന്തോഷവാനാണ്!. മികച്ച സാമൂഹിക പ്രവർത്തകയ്ക്കുള്ള ദേശീയ പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്നും കഴിഞ്ഞ ദിനം ഏറ്റുവാങ്ങിയ ഹേമ മാഡത്തിന്റെ വാക്കുകൾ നമുക്കിനി ശ്രവിക്കാം.”

ഹേമ സംസാരിക്കുവാൻ എഴുന്നേറ്റപ്പോൾ സദസ്സിൽ നിന്നും നിറഞ്ഞ കരഘോഷം മുഴങ്ങി.

“ബഹുമാന്യരേ, പ്രിയ വിദ്യാർഥി-വിദ്യാർഥിനി സഹോദരങ്ങളേ. ഈ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്. അധികം സംസാരിച്ചു നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. ഏതാനും കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ. നമ്മുടെ നാട്ടിലെ അഭ്യസ്‌തവിദ്യരായ യുവജനങ്ങൾക്കും, അതുപോലെ വിദ്യാർഥികൾക്കും ഇടയിൽ ആത്മഹത്യാപ്രവണത കൂടി വരുന്ന ഈ കാലത്തിൽ ഈ കൗൺസിലിങ് പരിപാടിക്ക് വളരെയധികം ആനുകാലിക പ്രസക്തി ഉണ്ട്.”

“സ്വയം ജീവൻ എടുക്കൽ കൂടിക്കൂടി വരുന്ന ഈ കാലത്തു, നിങ്ങളോടുള്ള എന്റെ എളിയ വാക്കുകൾ; സ്വയം പരിഹാസ്യരാകുമ്പോഴും, പ്രണയ നൈരാശ്യം ഉണ്ടാകുമ്പോഴും, മറ്റുള്ളവർ കുറ്റവാളികളും തെറ്റുകാരുമാക്കി മുദ്രകുത്തുമ്പോഴും ആത്മഹത്യ എന്ന മുനമ്പിലേയ്ക്ക് ഓടിയൊളിക്കാതിരിക്കുക. നിങ്ങളുടെ ജീവിതം, പ്രത്യേകിച്ചും ഈ യുവത്വം. അതൊരു പൂക്കാലമാണ്. വന്മരമായി വീടിനും നാടിനും തണലാവാൻ, അഭിമാനമാവാൻ പ്രാപ്തിയുള്ളവരാണ് നിങ്ങളോരോരുത്തരും!. നിങ്ങളിലെ നൈർമല്യവും, നിഷ്കളങ്കതയും ചൂഷണം ചെയ്യുവാനും ,നിങ്ങളെ മുളയിലേ നുള്ളുവാനുമായി ശ്രമിക്കുന്നവർ തീർച്ചയായും ഉണ്ടാവും. അത്തരക്കാരുടെ പരിഹാസങ്ങൾക്കും, ആരോപണങ്ങൾക്കും മുന്നിൽ തളരരുത്. സമൂഹത്തിന്റെ വിലയിരുത്തലുകൾ ഭയന്ന് മരണത്തിലേയ്ക്ക് ഓടിയൊളിക്കരുത്. വാശിയോടു ജീവിച്ചുകാണിക്കുക. നിങ്ങളെ കുറ്റപ്പെടുത്തുന്നവർ പോലും ഒരുനാൾ നിങ്ങളെ അംഗീകരിക്കും.”

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com