മോഹനഹേമന്തം 9

Views : 1100

അവളെ ചേർത്ത് പിടിച്ചതും മോഹൻ മോഹാലസ്യപ്പെട്ടു വീണതും നിമിഷാർദ്ധങ്ങൾ കൊണ്ട് സംഭവിച്ചു!.

~~~~~~~~~~~~

സ്കാനിംങ് റൂമിന് വെളിയിലൂടെ ഹേമ അങ്ങോട്ടും ഇങ്ങോട്ടും വിശ്രമമില്ലാതെ ഉലാത്തിക്കൊണ്ടിരുന്നു. എന്താണു സംഭവിക്കുന്നതെന്ന് അവൾക്ക് മനസിലാകുന്നില്ല! ‘ചേട്ടൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ട് ഇപ്പോൾ രണ്ടു ദിവസമായി. നീളുന്ന പരിശോധനകൾ, ഡോകട്ർമാരുടെ തെളിവെടുപ്പുകൾ. ബോധം വന്നപ്പോൾ ആദ്യം അന്വേഷിച്ചത് തന്നെയായിരുന്നു. ഒന്നുമില്ലാന്ന് പറഞ്ഞു കണ്ണിറുക്കിക്കാണിച്ചു. അപ്പോഴും നെറ്റിയിൽ അദ്ദേഹത്തിന്റെ വിരലുകൾ ഓടുന്നതു കാണാമായിരുന്നു. തലവേദന വിട്ടു മാറുന്നില്ല. മരുന്നുകൾ കൊടുത്തപ്പോൾ താൽക്കാലിക ശമനം ഉണ്ട്. വിശദമായൊരു ബ്രെയിൻ സ്കാൻ വേണമെന്നു ന്യൂറോളജിസ്റ് പറഞ്ഞു. അരുതാത്തതൊന്നും ആവരുതേ’ ഹേമ പ്രത്യാശിച്ചു.

“മോളെ ഹേമേ, ഡോക്ട്ടർ അകത്തേക്ക് വിളിക്കുന്നു” അമ്മാവൻ ഹേമയെ വിളിച്ചു.

“ഹേമ ഇരിക്കൂ” ഡോക്ട്ടർ പറഞ്ഞു.

“ഡോക്ട്ടർ! മോഹൻ ചേട്ടൻ” ഹേമയ്ക്ക് വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയുന്നില്ല.

“വിഷമിക്കാതിരിക്കൂ. ഇതെല്ലാം ആർക്കും എപ്പോഴും വരാം.”

“എന്തുപറ്റി ഡോക്ടർ??”

“പറയുന്നതിൽ വിഷമം ഉണ്ട്. സ്കാനിംങ് റിപ്പോർട്ട്.”

“എന്താണ് സാർ…”

“സ്കാനിങ്ങിൽ ബ്രെയിനിൽ ഒരു വളർച്ച കാണുന്നുണ്ട്.”

“ഡോക്ടർ. എന്റെ ചേട്ടൻ” ഹേമ വിതുമ്പലിന്റെ വക്കിലെത്തി.

“മരുന്ന് കൊണ്ട് മാത്രം കാര്യം ഇല്ല. റീജിയണൽ കാൻസർ സെന്ററിൽ എനിക്കറിയാവുന്ന ഒരു ഓങ്കോളജിസ്റ് ഉണ്ട്. ഞാൻ അങ്ങോട്ടേയ്ക്ക്”

“അപ്പോൾ..സാർ..”

“അതെ, ക്യാൻസറസ് ആയ ട്യൂമർ ആണ് മോഹന് ഉള്ളത്. അവിടുത്തെ ചികിത്സയാണ് നല്ലത്.”

“ഡോക്ടർ, ചേട്ടനെ രക്ഷിക്കണം. എനിക്ക് ചേട്ടൻ മാത്രമേ ഉള്ളൂ!.” ഹേമ പൊട്ടിക്കരഞ്ഞുകൊണ്ട്‌ കൈകൾ കൂപ്പി.

“ഹേമ സങ്കടപ്പെടേണ്ട. നമുക്ക് വേണ്ടതു ചെയ്യാം.”

കനലെരിയുന്ന മനസുമായി അവൾ പുറത്തേക്കിറങ്ങി. പിന്നീടുള്ള ദിനരാത്രങ്ങൾ നീറിപ്പുകച്ചിലുകളുടേതായിരുന്നു. സദാ മരുന്നിന്റെ മണം പേറുന്ന ആശുപത്രി അന്തരീക്ഷം. വേദനയിൽ അലറിക്കരയുന്ന രോഗികൾ. ജീവിതത്തിൽ ആദ്യമായി ആശുപത്രിവാസം അവൾ വെറുത്തു. ഹേമ അതിനെ രോഗികളുടെ കശാപ്പുശാലയായി കരുതി.

മോഹന്റെ നില ദിനംപ്രതി മോശമായി തുടർന്നു. വീര്യമേറിയ കാൻസർ ചികിത്സ അയാളെ ഒരു അസ്ഥിപഞ്ജരമാക്കി. തല പൊട്ടിപ്പൊളിക്കുന വേദനയുമായി അയാൾ നിരന്തരം മല്ലിട്ടുകൊണ്ടിരുന്നു. എന്നിരുന്നാലും കണ്ണുകളിലെ തിളക്കം മാഞ്ഞിരുന്നില്ല. ഊണും ഉറക്കവും ജോലിയും ഉപേക്ഷിച്ച ഹേമയുടെ നിരന്തര സാമീപ്യം അയാൾക്ക് വല്ലാത്ത ആശ്വാസം നൽകി. സ്വന്തം കുട്ടിയെ എന്ന പോലെ ഹേമ അയാളെ പരിചരിച്ചു. തന്നെ കാണാൻ വന്ന ബന്ധുമിത്രാദികളിൽ സഹതാപം അല്ലാതെ വെറൊന്നും മോഹൻ കണ്ടില്ല.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com