മോഹനഹേമന്തം 9

Views : 1100

ചികിത്സാച്ചെലവുകൾ ഭീമമായി വന്നു. രണ്ടുപേരുടെയും വരുമാനം നിലച്ചതോടെ അമേരിക്കയിലെ സഹോദരി മാത്രമായി ആശ്രയം. അവർ കയ്യയച്ചു സഹായിച്ചു കൊണ്ടിരുന്നു.

“എനിക്ക് മരിക്കാൻ പേടി ഇല്ല! പക്ഷേ എനിക്കെന്തെങ്കിലും സംഭവിച്ചാൽ. തന്റെ കാര്യം ആലോചിക്കുമ്പോളാ” ഒരു രാത്രി മോഹൻ ഹേമയോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“ഒന്നും വരില്ല ചേട്ടാ. എന്റെ ചേട്ടൻ പഴയ പോലെ തിരിച്ചു വരും” ഹേമ അയാളുടെ തലയിൽ തലോടി.

“അമേരിക്കയിൽ സായിപ്പ് കാത്തിരിപ്പുണ്ടാവും.”

“ഉം ഇന്നലെ കൂടി വിളിച്ചതേ ഒള്ളൂ” ഹേമ പുരികം ചുളിച്ചു ചിരിച്ചു.

“ഹഹ” മോഹൻ കുറെ ദിവസങ്ങൾക്ക് ശേഷം ഒന്ന് ചിരിച്ചു.

“ശെരി ശെരി. ഇനി നല്ല കുട്ടിയായി ഉറങ്ങിക്കേ” അവൾ പറഞ്ഞു.

മോഹൻ പതിയെ ഉറക്കത്തിലായി. ഹേമയുടെ ഒരു കണ്ണുനീർതുള്ളി അയാളുടെ കൈ നനയിച്ചു. രാത്രി ഏറെ കഴിഞ്ഞപ്പോൾ അയാളുടെ കട്ടിലിനരുകിൽ തല വെച്ചു ഹേമയും അറിയാതെ മയങ്ങി.

നേരം വെളുക്കവേ മോഹന്റെ ശ്വാസോച്ഛാസം ദ്രുതഗതിയിലായി.ഞെട്ടിയുണർന്ന ഹേമ അയാളെ ചേർത്ത് പിടിച്ചു. അവളുടെ കയ്യിൽ മുറുകെ പിടിച്ചു അയാൾ ഹേമയെ നോക്കി. പെടുന്നനെ ആ ശരീരം ഒന്നു പിടഞ്ഞു!പിന്നീടത് നിശ്ചലമായി. അവളുടെ വാക്കുകൾ അക്ഷരംപ്രതി അനുസരിച്ചു അയാൾ ഉറക്കത്തെ പുൽകി. പക്ഷേ എന്നെന്നേക്കുമായി…

ഒരു നിലവിളിയോടെ ഹേമ ബോധരഹിതയായി.

~~~~~~~~~~~~~~~

(ഒരാഴ്ച്ചയ്ക്ക് ശേഷം)

“ആഹ് വല്യേട്ടനോ. ഞാൻ കരുതി വേറെ ആരെങ്കിലും ആവുമെന്നു. വാ ഇരിക്ക്. ഞാൻ ചായ എടുക്കാം.”

“ഒന്നും വേണ്ട. അവൾ എവിടെ ഹേമ?”

“മുറിയിൽ ഒണ്ട് , കതകടച്ചിട്ടു ഒരേ ഇരിപ്പാ. ഞാൻ വിളിക്കാം”

“ഏയ് വേണ്ട ഞാൻ പോയി കണ്ടോളാം”

അമ്മാവൻ കതകിൽ മുട്ടിയപ്പോൾ ഹേമ വാതിൽ തുറന്നു.

“എന്തൊരു കോലമാ മോളെ ഇത്! ആകെ ക്ഷീണിച്ചല്ലോ. ഭക്ഷണവും ഒറക്കവും ഒന്നും ഇല്ലെന്ന് അമ്മ പറയുന്ന കേട്ടല്ലോ”.

“ഉം” ഹേമ അർത്ഥഗർഭമായി മൂളി.

“ഈ അമ്മാവനോട് നിനക്കു നീരസം ഉണ്ടാവും” അമ്മാവന്റെ തല കുനിഞ്ഞു.

“ഹേയ്, എന്തിനു അമ്മാവാ. എനിക്ക് ആരോടും വെറുപ്പ് ഇല്ല”

“ഞങ്ങൾ… അല്ല ഞാൻ ആണല്ലോ ഈ ബന്ധത്തിന് നിന്നെ നിർബന്ധിച്ചത്. ഇതല്ല മറ്റൊരാൾ ആയിരുന്നെങ്കിൽ….”

“എല്ലാം അനുഭവിച്ചു എരിഞ്ഞു തീരാനാവും ഈ ജീവിതം അമ്മാവാ. അതിൽ ആരോടും പരാതിയില്ല.”

“മോളെ.”

“അതെ അമ്മാവാ. അല്ലായിരുന്നെങ്കിൽ എന്നെയും കൂടെ കൊണ്ടുപോകാതെ ചേട്ടൻ മാത്രം” വാക്കുകൾ മുറിഞ്ഞു ഹേമ വിതുമ്പി.

“വിഷമിക്കരുത് എന്ന് ഞാൻ പറയുന്നില്ല മോളെ. എന്നാൽ നീ ഒറ്റക്ക് ആണെന്ന തോന്നൽ വേണ്ട. എല്ലാം ശെരിയാവും. ഞങ്ങൾ ഒക്കെ എന്നും ഉണ്ടാവും നിന്റെ കൂടെ.”

ഹേമയുടെ മനസ്സിൽ ആശയുടെ ഓളങ്ങൾ സൃഷ്ടിക്കുവാൻ അമ്മാവന്റെ ആശ്വാസവാക്കുകൾക്ക് പോലും കഴിഞ്ഞില്ല. ജീവിതം ഒരു തീരാവേദനയായി അവൾക്ക് തോന്നി. ‘തന്റെ ജീവിതാഭിലാഷങ്ങൾക്ക് മേൽ കരിമ്പടം മൂടിക്കഴിഞ്ഞു. താൻ കരുതുകയും ബഹുമാനിക്കുകയും ചെയ്തുപോന്നു ചേട്ടന്റെ ബന്ധുക്കൾ പോലും തന്നെ ഇന്ന് അറപ്പോടെ നോക്കുന്നു. ചേട്ടന്റെ മരണദൂതിയായി എത്തിയൊരു വിഷസർപ്പമായി തന്നെ അവർ കാണുന്നു. എന്നാൽ അവർ മനസിലാക്കുന്നില്ല. സ്വന്തം ജീവൻ കൊടുത്തും താൻ അദ്ദേഹത്തെ രക്ഷിക്കുമായിരുന്നു. പക്ഷേ! എല്ലാം ഒരു ഞൊടിക്കുള്ളിൽ കഴിഞ്ഞു. തനിക്കാരുമില്ല.’

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com