മിഴി 20

കാര്യമെന്തെന്നോ, തന്റെ പേരെങ്ങനെ മനസ്സിലാക്കിയെന്നതടക്കമുള്ള ജാസിമിന്റെ ചോദ്യശരങ്ങൾ ചെവികൊള്ളാതെ അവൾ സംസാരിച്ചു തുടങ്ങിയിരുന്നു…

” ഇക്കാ.. കുറേകാലം കണ്ണുപൊട്ടിയെന്ന പഴിയിലും സഹതാപങ്ങളിലും സമൂഹത്തിനിടയിൽ ജീവിക്കേണ്ടി വന്നു..
ഈ ലോകം കണ്ടാസ്വദിക്കാനല്ല മറിച്ചൊരിക്കലെങ്കിലും എന്റൂപ്പയെയും ഉമ്മയെയും കാണാൻ കൊതിച്ചിരുന്നു..

കിട്ടാക്കനി പോലെ കിട്ടിയ കുട്ടിയെ പ്രാണനായി സ്നേഹിച്ചവരാ, കൈപിടിച്ച് നടത്തിയവരാ,കഥകളേറെ പറഞ്ഞവരാ, ഇരുൾ മൂടിയ ജീവിതത്തിനു വെളിച്ചമായി നിന്നവരായിരുന്നവർ, ഒടുവിലെന്റെ ആഗ്രഹം സഫലമായി അധികനാൾ കഴിയും മുമ്പ് ക്രൂരമായ വിധി മറ്റൊരർത്ഥത്തിൽ എന്നെ പിന്തുടരാൻ തുടങ്ങിയിരുന്നു…

തലയിൽ മറച്ച തട്ടമവൾ അൽപം പിന്നിലേക്ക് വലിച്ചപ്പോൾ കണ്ട കാഴ്ച്ചയിൽ ജാസിമിന് സ്തബ്ധനായി നിൽക്കേണ്ടി വന്നു..

ഒരു ചെറു പുഞ്ചിരിയോടെ മുടി ലവലേശമില്ലാത്ത ആ തലയിലേക്ക് വിരലുകളോടിച്ചവൾ പറഞ്ഞു

” ക്യാൻസറാണ്…”

വിധിയെന്നെ പലകുറി തളർത്താൻ ശ്രമിക്കുമ്പോഴും തല കുനിച്ചിരിക്കാൻ ക്ഷീലിച്ചിട്ടില്ല, കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഉപ്പയുടെ പ്രതീക്ഷകളെയും ഉമ്മയുടെ സ്വപ്നങ്ങളെയും തല്ലിക്കെടുത്താൻ ശ്രമിച്ചിട്ടില്ല..ഈ നസ്രിയെ ജീവിപ്പിക്കാനാവശ്യമായ തുക കണ്ടെത്താൻ ഉപ്പയ്ക്ക് കിടപ്പാടം പോലും പണയപ്പെടുത്തേണ്ടി വന്നു…”

ഒരുപാടുപേരുടെ കണ്ണീരുകൾക്കുമേൽ മനസ്സലിയാതെ പോയ ജാസിമന്നാദ്യം ആ പെൺകുട്ടിയുടെ വേദനകളിലും തിളങ്ങി നിന്ന കണ്ണുകളിലേക്ക് നോക്കിയറിയാതെ ഒരിറ്റു കണ്ണുനീർ പൊഴിക്കേണ്ടി വന്നു..

ട്രെയിൻ പുറപ്പെടുവാനുള്ള സൈറൻ മുഴങ്ങിയിരിക്കുന്നു, വിഷാദങ്ങൾ നിറഞ്ഞ അവളുടെ മുഖമുയർത്തി ജാസിമിനോട് യാത്ര പറഞ്ഞു തിരികെ സ്റ്റെപ്പുകളിലേക്ക് കയറവേ..

ജാസീ..ദേ ഇങ്ങട് നോക്കിയേ എന്റെ ഈ കണ്ണുകളിലേക്ക് !!!

“ജാസിയുടെ പ്രിയപ്പെട്ട കുഞ്ഞനുജത്തി ജാഷിയുടെ ദാനമായി കിട്ടിയ ഈ കണ്ണുകളിലൂടെയാണിന്നു ഞാൻ ലോകം കാണുന്നത്,ന്റെ ഉപ്പയെയും ഉമ്മയെയും കാണുന്നത്..”