മാർജ്ജാരം 12

Views : 910

” പല്ലവീ ഇങ്ങ് വന്ന് കർട്ടൻ നിവർത്തിയിട്. പൂച്ചയെ എടുത്ത് നിലത്തേക്ക് നിർത്ത്” അവർ പറഞ്ഞു.

ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു വെക്കേഷൻ സമയത്തായിരുന്നു പൂച്ചയെ അവിടേക്ക് കൊണ്ടു വന്നത്. അവധിക്കാലം ആസ്വദിക്കാൻ നാട്ടിലുണ്ടായിരുന്ന പേരക്കുട്ടികൾക്കെല്ലാം പൂച്ചക്കുട്ടിയെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായി. സിന്ധുദുർഗിൽ നിന്ന് മുംബൈയിലെ ബന്ധുവീട്ടിലേക്കുള്ള യാത്രയിൽ, കാറിൽ വച്ച്, അമ്മയുടെ ടാബിൽ വെറുതെ തിരയുമ്പോഴാണ് കുട്ടികൾ അത് കണ്ടത്. മുംബൈയിൽ നടക്കുന്ന അഡോപ്റ്റത്തോണിനോടനുബന്ധിച്ച് ഒരു ഓൺലൈൻ പരസ്യം,

‘സുന്ദരിയും ആരോഗ്യവതിയും ഒന്നരമാസം പ്രായമുള്ളതുമായ പൂച്ചക്കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാൻ താല്പര്യമുള്ളവർ വിളിക്കുക’

കൂടെ ചേർത്തിരുന്ന ഫോട്ടോകൾ കണ്ടപ്പോൾ അൻജിതയുടെ മക്കൾ ഹൻസിനിയും സ്വർദ്ദുനിയും വാശി പിടിച്ചു,

“പൂച്ചക്കുഞ്ഞിനെ നമുക്ക് അഡോപ്റ്റ് ചെയ്യാമമ്മേ. എന്ത് ഭംഗിയാ അതിനെക്കാണാൻ!”

കൂടെയുണ്ടായിരുന്ന കസിൻ സൻവിദ് ടാബ് വാങ്ങി പൂച്ചശാസ്ത്രം തേടി വിക്കിപീഡിയായിലേക്കിറങ്ങി.

” പൂച്ച. ഫെലിസ് കാറ്റസ്. കിംഗ്ഡം അനിമേലിയ. ഫൈലം കോർഡേറ്റാ, ക്ലാസ്സ് മാമ്മേലിയ, ഓർഡർ കാർണിവോറാ…. ”

എല്ലാവരും കേൾക്കെ അവൻ വിളിച്ചു പറഞ്ഞു. പൂച്ചക്കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിക്കാം എന്നതിനെക്കുറിച്ചായിരുന്നു പിന്നെയവന്റെ പര്യടനം.

തൂവെള്ള പൂച്ചക്കുഞ്ഞ്. കുഞ്ഞിക്കാലുകൾ, ഇളംചെവി, ചെറുമീശ, അറ്റത്തേക്ക് പോകുന്തോറും കനം കൂടുന്ന മനോഹരമായ വാൽ.

ഒരു മാസം കഴിഞ്ഞ് നമ്മൾ തിരിച്ചു പോകില്ലേ. അപ്പോഴോ എന്നു ചോദിച്ചിട്ടൊന്നും കുട്ടികളടങ്ങിയില്ല. പറഞ്ഞ സ്ഥലത്തുപോയി പൂച്ചക്കുട്ടിയെ ഏറ്റുവാങ്ങേണ്ടി വന്നു.

തിരികെ സിന്ധുദുർഗിലെത്തി അമ്മൂമ്മയെ കണ്ടപ്പോൾ ഹൻസിനിയും സ്വർദ്ദുനിയുംകൂടി തുള്ളിച്ചാടി ഒരേ സ്വരത്തിൽ പറഞ്ഞു:

” അമ്മുമ്മേ ഞങ്ങളൊരു കൂട്ടുകാരിയേയും കൂടി കൂട്ടിയിട്ടുണ്ട്” ഇതിനോടകം നിമ്മിയെന്നോ മറ്റോ പേരിട്ട പൂച്ചക്കുഞ്ഞിനെയെടുത്ത് അമ്മൂമ്മയുടെ മടിയിലേക്ക് വച്ചുകൊടുത്തു.

“കൊള്ളാല്ലോ കൂട്ടുകാരി.. പക്ഷെ പോകുമ്പോൾ നിങ്ങളെങ്ങനെയിതിനെ കൊണ്ടുപോകും? ഫ്ലൈറ്റിൽ സമ്മതിക്കുമോ?”

” പിള്ളേരുടെ കമ്പമൊക്കെ കുറച്ചുനാൾ കഴിയുമ്പോൾ പോകില്ലേമ്മേ. അല്ലെങ്കിൽ തന്നെ അവിടെയില്ലാത്തതാണോയിത്. ഡാഡിയുണ്ടായിരുന്നേൽ വളരെ സന്തോഷമാകുമായിരുന്നു. ഡാഡിക്കായിരുന്നല്ലോ പക്ഷികളോടും മൃഗങ്ങളോടുമൊക്കെ അത്രയ്ക്ക് സ്നേഹം” മകൾ പറഞ്ഞു.

പൂച്ചക്കുഞ്ഞ് എല്ലാവരോടും എളുപ്പമിണങ്ങി. പന്തു തട്ടിക്കളിക്കുകയും മുറ്റത്തെ മരത്തിൽ അള്ളിപ്പിടിച്ചു കയറുകയും ചെയ്യുന്ന നിമ്മിയെ കണ്ടപ്പോൾ കുട്ടികൾക്ക് കൗതുകമായി. അയലത്തെ നായയെ കണ്ടാൽ പൂച്ച ദേഹം വളച്ച് രോമമെല്ലാം എഴുന്നേൽപിച്ച് ഒരു നില്പ് നിൽക്കും. എന്നിട്ട് വീടിനുള്ളിലേക്ക് ഓടിയൊളിക്കും. അണ്ണാനോ മറ്റോ വീടിനുള്ളിലേക്ക് കയറി വന്നാൽ ചാടിപിടിക്കാനായി പിന്തുടർന്നോടും. ജനാലയ്ക്കരികിൽ കൂടുകെട്ടിയ കുരുവികളെ പിടിയ്ക്കാനെന്നവണ്ണം സോഫയിൽ നിന്നുയർന്നു ചാടും. നീത്തായുടെ മുറിയിലേക്ക് ചെന്ന് ബുക്ക്ഷെൽഫിലേക്ക് അള്ളിപ്പിടിച്ച് കയറി അവരെഴുതിയ ബുക്കുകളുടെമേൽ കിടന്നുറങ്ങും.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com