തിരിച്ചുള്ള യാത്രയിൽ ട്രെയിനിലിരുന്ന് വർക്ക് ചെയ്യുമ്പോൾ എന്റെയുള്ളിലൊരു മധുരപ്രതികാരവും വാശിയും നിറഞ്ഞിരുന്നു.
ഇന്ന് കൊണ്ട് ചെയ്യാനുള്ളത് ചെയ്തു തീർത്ത് സംശയങ്ങളുടെ ഷീറ്റൊരെണ്ണം എടുത്ത് നാളെ മുഴുവൻ ചോദ്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടിക്കണം.
ഇന്നെന്നോട് സംസാരിക്കാതിരുന്നതിന്റെ മുതലും പലിശയും ഞാൻ നാളെ വീട്ടുമെന്ന കുഞ്ഞൊരു പിടിവാശി.
സ്റ്റേഷനിൽ വിജയ് നിൽപ്പുണ്ടായിരുന്നു.
നിർവികാരതയോടെ ബുള്ളറ്റിന് പിറകിലിരുന്നു.
“നീ ഇപ്പോഴും എഴുതാറുണ്ടല്ലേ?”
എനിക്ക് അപകടം മണത്തു.
അന്നത്തെ കത്തിന്റെ സംഭവത്തിന് ശേഷം ഞാൻ എഴുതുന്നത് കാണുന്നത് തന്നെ ചതുർത്ഥിയാണ്.
പലപ്പോഴായി എന്തൊക്കെയോ കുത്തിക്കുറിക്കാറുള്ളതൊക്കെ ആരും കാണാതെ ഒളിപ്പിച്ചു വയ്ക്കാറുള്ളതാണ് പതിവ്.
“വിജയ്മാമ എന്തിനാ അതൊക്കെ എടുക്കാൻ പോണത്?
എനിക്കിഷ്ടമല്ല എന്റെ പ്രൈവസിയിൽ ഒരാൾ കടന്നു കേറുന്നത്.” ഞാനെന്റെ നിലപാട് വ്യക്തമാക്കി.
ഒന്നും പറഞ്ഞില്ല.
വീടിന് മുന്നിൽ വണ്ടിയൊതുക്കിയപ്പോൾ വേഗത്തിൽ മുറിയിൽ ഓടിക്കയറി.
തട്ടിലും വസ്ത്രങ്ങൾക്കിടയിലും അക്ഷരങ്ങൾ പാകിയ ഡയറിയും ഫയലിലെ താളുകളും തിരഞ്ഞു.
ശൂന്യമാണ്.
അടുക്കളയിലോട്ട് ഓടുമ്പോൾ പിന്നമ്പുറത്തു നിന്നൊരു പുകക്കുത്തൽ തലച്ചോറിൽ തുളഞ്ഞു കേറി.
തെങ്ങിൽ ചുവട്ടിലെ കനൽകെടാത്ത ചാരം നോക്കി ഞാൻ ഒരു നിമിഷം നിന്നു.
ഒരു പുനർചിന്തനത്തിന് പോലും ഇടവേള നൽകാതെ മുൻവശത്തേക്ക് തിരിഞ്ഞോടി.
ഗേറ്റ് കടന്നിറങ്ങിയ ബുള്ളറ്റ് വായുവിൽ അവശേഷിപ്പിച്ച പൊടി പടലങ്ങൾ മാത്രമായിരുന്നു കണ്ടത്.
അതിന്റെയിരമ്പൽ എന്നെയും വെല്ലുവിളിച്ചു കൊണ്ട് യാത്രയായി.
“ഇനി എന്റെ മുറിയിൽ കേറിയാൽ വിജയെ ഞാൻ കൊല്ലും.” അലറിവിളിച്ചുകൊണ്ട് അമ്മയുടെ അരികിലേക്ക് ഓടി.
“അയ്യയ്യോ.. കടവുളേ.. വാ മൂട്..
മാമാക്കിട്ടെ ഇപ്പടിയൊന്നും പേസക്കൂടാത്..”
അരുതാത്തതെന്തോ കേട്ട പോലെ അമ്മ വായ പൊത്തി.
“യേ അമ്മാ എനക്കും മട്ടും ഇന്ത മാതിരി..
മടുത്തു..” തലയ്ക്ക് കൈ കൊണ്ട് തല്ലിക്കൊണ്ട് തിരിഞ്ഞു നടന്നു.
അന്ന് വർക്ക് ചെയ്യാനുള്ള ഉത്സാഹമൊന്നും തോന്നിയില്ല.
മനസ്സ് ചത്തു പോയി.
ജലപാനം പോലുമില്ലാതെ കിടക്കയിൽ കമഴ്ന്നു കിടന്നു.
ആർക്കും പ്രശ്നമുള്ളതായി തോന്നിയില്ല.
“അവൾക്ക് വേണമെങ്കിൽ വന്നു കഴിക്കും.” ഇടയ്ക്കെപ്പോഴോ വിജയുടെ ഉയർന്ന ശബ്ദം കെട്ടു.
അമ്മയോടായിരിക്കും.
ഒഴിഞ്ഞ വയറോടെ ഉറങ്ങിയെഴുന്നേറ്റു.
അന്ന് ആരോടും മിണ്ടാതെ ഓഫീസിൽ പോകാനിറങ്ങി.
ജോലിക്കിടെ അമ്മ ഇടം കണ്ണിട്ട് നോക്കുന്നത് പല പ്രാവശ്യം ശ്രദ്ധയിൽ പെട്ടെങ്കിലും മുഖം കൊടുത്തില്ല.
ആവശ്യമുള്ളതായി തോന്നിയതുമില്ല.
ട്രെയിൻ യാത്ര കഴിഞ്ഞ്, ബസ് ഇറങ്ങി ശ്രീയേട്ടൻ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് നടന്നത് പോലും ഉത്സാഹമൊക്കെ കെട്ടാണ്.
എന്നാൽ എന്നെയും കടന്ന് ശ്രീയേട്ടന്റെ ബൈക്ക് മുന്നോട്ടു നീങ്ങിയപ്പോൾ വരണ്ട നാമ്പുകളിൽ പുതുജീവൻ വച്ചൊരു അനുഭൂതി.
യുഗങ്ങളായി തേടി നടന്നത് പോലെ എന്റെ കാലുകൾക്ക് വേഗതയേറി.
അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിലോട്ടു നടക്കുമ്പോൾ ശ്രീയേട്ടൻ സീറ്റിലിരിപ്പുണ്ട്.
അരികിലൊരു യുവതി സംസാരിച്ചു നിൽക്കുകയാണ്.
കുശുമ്പോടെ ഞാനവരെ വീക്ഷിച്ചുകൊണ്ട് കസേരയിൽ ഇരുന്നു.
എന്നെ കണ്ടതും കുട്ടിയുടെ മിണ്ടാട്ടം വീണ്ടും മുട്ടി.
“ഗുഡ് മോർണിംഗ് ശ്രീയേട്ടാ..” ഞാൻ നിറഞ്ഞു ചിരിച്ചു.
തിരിച്ചുവരവ് ഗംഭീരമാക്കി
Very long time back. Thanks. Story Good ?…
♥️♥️♥️♥️♥️♥️
After a Long Break
After a long break…