മാർഗഴി [നിള] 81

“യൂസർ ഐഡിയും പാസ്വേർഡും.” വായിനോട്ടമൊതുക്കി ഞാൻ ഗൗരവത്തിലായി.

 

ആളൊരു ഞെട്ടലോടെ നോക്കുന്നു.

ഉറക്കത്തിൽ നിന്നുമുണർന്ന് ഒന്നും മനസ്സിലാകാതെ അന്തം വിട്ടുകൊണ്ടുള്ള ഇരിപ്പില്ലേ.. അതേ നോട്ടം.

ശ്രീയേട്ടൻ ഈ ലോകത്തൊന്നുമല്ലായിരുന്നു എന്ന് തോന്നി.

 

“എന്താ മാഡം.. കേട്ടില്ല.” ചിലച്ച ശബ്ദം.

 

മാഡമോ!

പരിഭവത്തോടെ ഞാനോർത്തു.

 

“ജിഎസ്ടിയുടെ യൂസർ ഐഡിയും പാസ്വേർഡും വേണം.” ഞാൻ സാവധാനത്തിൽ പറഞ്ഞു കൊടുത്തു.

 

അടുത്തായി നിലത്തു വച്ചിരിക്കുന്ന ബാഗിൽ നിന്ന് വെപ്രാളത്തോടെ ഒരു ഡയറിയെടുക്കുന്നതും വിറയാർന്ന വിരലുകളോടെ പേജുകൾ മറിക്കുന്നതും എനിക്ക് നേരെ ടേബിളിൽ അവ വയ്ക്കപ്പെടുന്നതും ഒരു കുട്ടിയുടെ ആകാംഷയോടെ കണ്ടിരുന്നു.

 

ചെറിയ അക്ഷരത്തിൽ ഉരുട്ടിയെഴുതിയ നിലയിലാണ് ജിഎസ്ടിയുടെ ഐഡിയും പാസ്വേർഡും കിട്ടിയത്.

 

ഞാനത് ലാപ്പിലെ നോട്പാഡിലേക്ക് പകർത്തി.

 

“ഇൻപുട് ക്ലെയിം ചെയ്തതിന്റെ വർക്കിങ്സ് ഉണ്ടോ?”

 

തലയാട്ടിക്കാണിച്ചു.

 

സംസാരിച്ചാൽ വായിൽ നിന്നും മുത്തു പൊഴിയുമോ ആവോ!

 

“അതൂടെ വേണം.”

ഞാൻ അടുത്ത നിർദ്ദേശം കൂടി നൽകി.

 

വീണ്ടുമൊരു തിടുക്കം പ്രവർത്തികളിൽ നിറഞ്ഞു നിന്നു.

 

കടക്കണ്ണാൽ എന്റെ നോട്ടം വീണ്ടുമാ രൂപത്തെ അളന്നു.

 

കർച്ചീഫ് കൊണ്ട് മുഖത്തെ വിയർപ്പ് ഒപ്പുന്നു,

പെൻഡ്രൈവ് ലാപ്പിൽ കണക്ട് ചെയ്യുന്നു.

മൗസിൽ ഇടവേളയില്ലാതെ ക്ലിക്ക് ചെയ്യുന്നു.

ഇതൊക്കെ കഴിഞ്ഞ് ഒളിമ്പിക്സിൽ ഓടാൻ പോകാനുണ്ടെന്ന് തോന്നിക്കുന്ന വേഗവും.

 

പ്രണയിക്കുന്ന പുരുഷനെ കാണാൻ എന്തൊരു ഭംഗിയാണെന്ന് ഞാനോർത്തു.

കവികൾ ആരും വർണ്ണിച്ചു കണ്ടില്ല.

ഒരു കെടാ വിളക്കിലെ വിറയാർന്ന ദീപം പോലെ ജ്വലിക്കുന്നൊരുവൻ.

 

കേവലം കുറച്ചു മണിക്കൂറുകൾ കൊണ്ട് എന്ത്‌ മായയാണ് ഉള്ളിൽ നടക്കുന്നതെന്നറിയാതെ ഞാൻ വലഞ്ഞു.

 

ശ്രീയേട്ടനെ നോക്കിയിരിക്കാൻ തോന്നുന്നു.

മങ്ങിയ നിറമുള്ള തൊലിയിൽ വരച്ചു ചേർത്ത കണ്ണുകളും മൂക്കും ചുണ്ടും.

മീശയ്ക്കൊപ്പം വെട്ടിയൊതുക്കിയ താടിയും.

ഫോർമൽസ് ആണ് വേഷം.

 

പ്രത്യേകതകളൊന്നുമില്ലാത്ത രൂപം.

സാധാരണയൊരു പുരുഷൻ.

 

ഭ്രമിച്ചിരിക്കാൻ മാത്രമെന്താണെന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു.

ഓഫീസിലെ മറ്റു പെൺകുട്ടികൾ ആളോട് സംസാരിക്കുമ്പോൾ, തിരിച്ചു ചിരിച്ചു വർത്തമാനം പറയുമ്പോഴൊക്കെ എന്റെയുള്ളിലൊരു ഉഷ്ണക്കാറ്റ് വീശുന്നുണ്ടായിരുന്നു.

 

എന്നോട് മാത്രേ ഉള്ളൂ സംസാരിച്ചാൽ മുത്തു പൊഴിയുന്ന ഭാവം.

 

വൈകുന്നേരം അഞ്ചു മണിയോടെ ഇറങ്ങാൻ ബാഗ് ഒതുക്കുമ്പോൾ ഞാൻ ഭംഗിയിൽ ചിരിച്ചു കാണിച്ചു.

 

“നാളെ കാണാം ശ്രീയേട്ടാ…” മനഃപൂർവമായിരുന്നു അങ്ങനെ വിളിച്ചത്.

ആ ഞെട്ടലൊന്ന് കാണാൻ.

മറന്നിട്ടില്ലെന്ന് അറിയിക്കാൻ.

 

പകച്ചിരുന്ന ഭാവം കണ്ട് നാവ് ഉൾക്കവിളിൽ കുത്തി മുഴപ്പിച്ച് ഞാൻ തിരിച്ചു നടന്നു.

5 Comments

  1. തിരിച്ചുവരവ് ഗംഭീരമാക്കി

  2. Very long time back. Thanks. Story Good ?…

  3. ♥️♥️♥️♥️♥️♥️

  4. After a Long Break

  5. After a long break…

Comments are closed.