മാർഗഴി [നിള] 81

സ്റ്റേഷൻ എത്തിയപ്പോൾ ബുള്ളറ്റിൽ നിന്നും പിടി വിട്ട് തിരിഞ്ഞു നോക്കാതെ തന്നെ അകത്തേക്ക് ഓടി.

തിരിഞ്ഞു നോക്കാതെ തന്നെയറിയാം.

അവിടെത്തന്നെ നിൽപ്പുണ്ടാവുമെന്ന്.

ട്രെയിൻ ഇവിടം വിട്ട ശേഷം മാത്രമേ വിജയ് മടങ്ങിപ്പോവൂ എന്ന്.

 

നടന്നു വരാൻ അറിയാഞ്ഞിട്ടല്ല.

പണ്ടെന്നോ തുടങ്ങിയ ശീലമാണ് എന്റെ യാത്രകളിൽ വിജയൊരു പ്രേതത്തെപ്പോലെ കൂട്ടു വന്നു തുടങ്ങിയത്.

 

വെയർ ഈസ് മൈ ട്രെയിൻ എന്ന ആപ്ലിക്കേഷനിൽ നോക്കിയപ്പോൾ ട്രെയിൻ എത്താറായിട്ടുണ്ട്.

ചിന്തകൾക്ക് താൽക്കാലികമായൊരു വിരാമമിട്ട് നിന്നു.

 

ട്രെയിൽ എത്തി കിട്ടിയ സീറ്റിലിരുന്നപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്.

സ്റ്റേഷൻ വിട്ടു നീങ്ങുന്ന ട്രെയിനിൽ ഒരു പരകായപ്രവേശം നടക്കാറുണ്ട്.

ഞാൻ ഞാനായി ജീവിക്കുന്നത്, എന്റെ നിഴലിൽ ഒട്ടിച്ചേരാറുള്ളൊരു നിഴലിനെ വേർപ്പെടുത്തി ഭാരമൊഴിക്കുന്ന നിമിഷമാണത്.

 

വിന്റോസീറ്റിന്റെ ജനൽപ്പടിയിൽ ഇടം കൈയ്യൂന്നി അലക്ഷ്യമായി കണ്ണയച്ചിരുന്നു.

 

എന്റെ പ്ലസ്ടു കാലം മുതൽ ഒഴിയാബാധ പോലെ കൂടെ വരുന്ന വിജയ്.

 

ഒട്ടുമിക്ക കൗമാരക്കാരികൾക്കും പറ്റുന്നൊരു അബദ്ധം എനിക്കും സംഭവിച്ചു.

 

പതിനേഴാം വയസ്സ്.

മധുരപ്പതിനേഴ്.

മനസ്സിലും സിരകളിലുമെല്ലാം എതിർലിംഗത്തോട് തോന്നുന്ന ആകർഷണം പഞ്ചാരപോലെ ഒഴുകുന്ന പ്രായം.

നെല്ലും പതിരും തിരിച്ചറിയാതെ കാണുന്നതിനെയെല്ലാം കളങ്കമില്ലാത്ത പ്രണയത്തോടെ സമീപിക്കും.

ഏത് പാതയും സ്വീകരിക്കും.

എത്ര വേണമെങ്കിലും പട വെട്ടും.

 

അത്തരമൊരു പ്രണയം എനിക്കും തോന്നിത്തുടങ്ങി.

 

ക്ലാസ്സിലെ മിടുക്കനായ ശ്രീഹരിയോട്.

 

എല്ലാവരുടെയും ഹരിയെ ശ്രീയേട്ടനെന്ന് ചൊല്ലിത്തുടങ്ങിയൊരു പ്രണയലേഖനം ഞാനുമെഴുതി.

പ്രണയിക്കുന്ന പുരുഷനെ പേര് വിളിക്കുന്നതെങ്ങനെയെന്നൊരു ചിന്തയായിരുന്നു.

 

ശ്രീയേട്ടാ…

ആതിര രാവ് നിദ്ര പുൽകാത്തത് നിന്നെയോർത്താണ്.

മാർഗഴിയിലെ പെൺകൊടി കുളിർന്നു പോയത് നിനക്കുവേണ്ടിയാണ്.

അവളുടെ അധരങ്ങൾ തിരുവെമ്പാവെ ചൊല്ലിയത് നിനക്കുള്ള നിവേദ്യമാണ്.

അവൾ ചൂടിയ പാതിരാപ്പൂ വാടാതെ നിന്റെ ഗന്ധമാണ് പൊഴിച്ചത്.

 

മാർഗഴി മാസത്തിലായിരുന്നു ആദ്യയെഴുത്ത്.

 

ക്ലാസ്സിൽ ആരുടേയും കണ്ണിൽപ്പെടാതെ രഹസ്യമായി ശ്രീഹരിയുടെ ബാഗ് തുറന്നു.

അലസമായി നിക്ഷേപിച്ചാൽ അവന്റെ സുഹൃത്തുക്കളിൽ ആരെങ്കിലും കാണുമോ എന്ന ഭയം.

ബാഗിനുള്ളിൽ ഭദ്രമായിരുന്ന കാസറ്റിന്റെ പെട്ടി അപ്പോഴാണ് കണ്ടത്.

തുറന്നതിൽ വച്ചടച്ചു.

 

പലപ്പോഴായി നാലോ അഞ്ചോ കത്തുകൾ കൂടിയെഴുതി കാസറ്റിൽ അടച്ചു വച്ച് നൽകിയപ്പോൾ പൊതുവെ പെൺകുട്ടികളുടെ മുഖത്ത് പോലും നോക്കാത്ത ശ്രീഹരി എന്നെ നോക്കി പുഞ്ചിരിക്കാൻ തുടങ്ങിയിരുന്നു.

 

പേര് വയ്ക്കാഞ്ഞിട്ടും കത്തിലെ തമിഴ് പരാമർശങ്ങളും എഴുത്തിനോടുള്ള കമ്പവുമൊക്കെ കൊണ്ട് ഞാനായിരിക്കും ആളെന്ന് അവൻ ഊഹിച്ചു കാണണം.

 

ആ മുഖത്തെ സാഹോദര്യം അനുരാഗമായി ഞാനും ധരിച്ചു.

 

മാസം രണ്ട് കടന്നു.

 

5 Comments

  1. തിരിച്ചുവരവ് ഗംഭീരമാക്കി

  2. Very long time back. Thanks. Story Good ?…

  3. ♥️♥️♥️♥️♥️♥️

  4. After a Long Break

  5. After a long break…

Comments are closed.