മാർഗഴി [നിള] 81

ഉടുപ്പിന്റെ മുൻവശത്തു തന്നെയായ കോഴിക്കാഷ്ടം കാണെ ഞാൻ അറപ്പോടെ പല്ലു ഞെരിച്ചു.

 

“അലവലാതി… നിന്നെ ഞാൻ പൊരിച്ചു തിന്നില്ലേൽ നീയെന്നെ ദേ ഇങ്ങനെ വിളിച്ചോ..” ഒന്നും സംഭവിക്കാത്ത പോലെ പോകുന്ന കോഴിയെ നോക്കി വിരൽ ഞൊടിച്ചു കാണിച്ച് ഞാൻ വെല്ലുവിളിച്ചു.

 

“നീ ആ ഉടുപ്പ് നശിപ്പിച്ചോ..” അമ്മ തമിഴ്ച്ചുവ കലർന്ന മലയാളത്തിൽ വിളിച്ചു ചോദിച്ചു.

 

പൈപ്പിന്റെ അരികിലേക്ക് ഓടി വെള്ളമൊഴിച്ചു കഴുകിക്കളഞ്ഞിട്ടും അമ്മയുടെ കലി അടങ്ങുന്നില്ല.

 

തിരിച്ച് കോഴിക്കൂടിന് അരികിലോട്ട് ഓടിയപ്പോൾ അകത്തിരുന്ന നാലെണ്ണവും പുറത്തിറങ്ങിയിട്ടുണ്ട്.

അകത്തോട്ടു കണ്ണോടിച്ചപ്പോൾ ഇട്ട രണ്ടു മുട്ടകളിൽ ഒരെണ്ണം ചവിട്ടിയുടച്ചിട്ടുണ്ട്.

ഒരെണ്ണം ഇല കൊണ്ട് പൊതിഞ്ഞെടുത്ത് വേഗത്തിൽ നടന്നു.

 

“സമയമെന്നാച്ചെന്ന് തെരിയുമാ?

നീ കൊഴന്തയാ..” അമ്മയുടെ അടുത്തെത്തിയപ്പോൾ എല്ലാത്തിനും കൂടിച്ചേർത്ത് തോളിൽ ഒരടി വീണു.

 

മുഷിച്ചിലോടെ ഞാൻ അകത്തോട്ടു നടന്നു.

പ്രായം ഇരുപത്തിനാല് ആയെങ്കിലും അമ്മയ്ക്കിപ്പോഴും ഞാൻ കുഞ്ഞാണ്. അതുപോലെയാണ് ദേഹം നോവിക്കുന്നത്.

 

ഏഴരയ്ക്കാണ് ട്രെയിൻ.

 

ആറര വരെയുള്ള ചടഞ്ഞിരിപ്പിന് ശേഷം പിന്നൊരു ഓട്ടപ്പാച്ചിലാണ്.

 

കുളിയും അലക്കലും ഭക്ഷണം കഴിക്കലും ഏഴുമണിക്കുള്ളിൽ പൂർത്തിയാക്കും.

പിന്നെയുള്ള പതിനഞ്ച് മിനിറ്റിൽ ഒരുങ്ങിത്തീർക്കണം.

മുടി ചീകുമ്പോൾ ഫ്രഞ്ച് ബ്രേയ്ഡ് കെട്ടി നോക്കാനൊരു മോഹം തോന്നി. ഉണങ്ങാത്ത മുടിയായതിനാൽ എന്നത്തേയും പോലെ കുളിപ്പിന്നലിലൊതുക്കേണ്ടി വന്നു.

മുഖത്ത് സൺ‌സ്‌ക്രീനും പൗഡറുമിട്ട് വാലിട്ട് കണ്ണെഴുതി ലിപ്ബാമുകൂടിയിട്ട് ഒരുക്കം പൂർത്തിയാക്കി.

പുരികങ്ങൾക്കിടയിൽ സ്റ്റിക്കർ പൊട്ട് ഒട്ടിക്കുമ്പോൾ ഉമ്മറത്ത് നിന്ന് ബുള്ളറ്റിന്റെ ശബ്ദം കേട്ടു.

 

 

അതോടെ ബാഗുമെടുത്ത് ഇറങ്ങിയോടി.

 

അരിശത്തോടെ വാച്ചിൽ നോക്കി വണ്ടിയുമായി നിൽക്കുന്നത് അമ്മയുടെ രണ്ട് സഹോദരന്മാരിൽ ഇളയവനാണ്.

വിജയ്.

കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ മുറൈ മാമൻ.

 

 

“എത്ര തവണ പറയണം.. ഏഴേകാലിന് നിനക്ക് വന്നൂടെ?

നാളെ ഞാൻ കൊണ്ട് പോവില്ല.” പതിവ് പല്ലവി ആയതുകൊണ്ട് പ്രതികരിക്കാതെ ബുള്ളറ്റിന് പിന്നിൽ കയറിയിരുന്നു.

 

ഞാൻ ബാലാമണി.

നന്ദനത്തിലെ ബാലാമണിയല്ല.

നന്ദനത്തിലെ ബാലാമണിയ്ക്ക് കെട്ടാൻ പോകുന്നവനെ ഭഗവാൻ ഉറക്കത്തിൽ കാണിച്ചു കൊടുത്തെങ്കിൽ ഇവിടുത്തെ ബാലാമണി ഉണർന്നിരുന്ന് മുഖമില്ലാത്ത രാജകുമാരനെയും സ്വപ്നം കണ്ടിരിപ്പാണ്.

വീട്ടിൽ ഞാനും അമ്മ വസന്തയും അമ്മയുടെ അനിയനായ വിജയുമാണ് താമസം.

 

അമ്മയുടെ സ്വദേശമായ തിരുനെൽവേലിയിലായിരുന്നു എന്റെ ജനനം.

പക്ഷെ ഒരു വയസ്സ് തികയും മുന്നേ അപ്പായുടെ ചിന്നവീട് അമ്മയറിഞ്ഞ് വഴക്കായി കേരളക്കരയിലോട്ട് പോന്നതാണ് ഞങ്ങൾ.

 

അമ്മയുടെ അമ്മയും അച്ഛനും ഇപ്പോഴും തിരുനെൽവേലിയിലാണ് താമസം.

എന്റെ ഭാവി അനിശ്ചിതത്തിൽ തുടരുമെന്ന് ഓർത്താവണം എന്നെക്കാളും പന്ത്രണ്ട് വയസ്സിന് മുതിർന്ന അമ്മയുടെ അനിയനുമായി വിവാഹം ഉറപ്പിച്ചു വച്ചത്.

 

വിജയ്.

ഇരവും പകലും പോലെ ഒരിക്കലും ഒന്നിച്ചു പോകാനാകാത്ത ഞാനും എന്റെ മുറൈ മാമനും.

 

വിവാഹത്തെക്കുറിച്ച് ചിന്തിക്കാനെന്നത് പോട്ടെ, ചുണ്ടത്ത് ഉമ്മ വച്ചാൽ കൊച്ച് ഉണ്ടാവുമെന്ന് വിശ്വസിച്ച പ്രായത്തിലാണ് വിജയുമായുള്ള എന്റെ കല്ല്യാണം ഉറപ്പിച്ചു വച്ചത്.

വളന്നപ്പോൾ എനിക്കയാളെ ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

തിരിച്ചും അങ്ങനെയാണെന്ന് തന്നെയാണ് വിശ്വാസം.

 

ഒരേ വീട്ടിൽ ഇത്രയും കാലം ഉറങ്ങിയുണർന്നിട്ടു പോലും മറ്റൊരു അർത്ഥത്തിലുള്ള സമീപനം ഉണ്ടായിട്ടില്ല.

എന്നാലോ സ്വാതന്ത്ര്യത്തിലേക്കുള്ള കൈ കടത്തൽ ഒരുപാടുണ്ടായിട്ടുണ്ട് താനും.

 

5 Comments

  1. തിരിച്ചുവരവ് ഗംഭീരമാക്കി

  2. Very long time back. Thanks. Story Good ?…

  3. ♥️♥️♥️♥️♥️♥️

  4. After a Long Break

  5. After a long break…

Comments are closed.