ജ്വാല 18

‘അവൻ അച്ഛനെ ആഗ്രഹിക്കുന്നു.. സ്ക്കൂളിൽ പോയി തുടങ്ങിയതിനു ശേഷം സ്ഥിരം പല്ലവിയാണ് അച്ഛൻ’.

വീട്ടിലെത്തിയിട്ടും ജ്വാല പതിവിൽ കൂടുതൽ അസ്വസ്ഥയായിരുന്നു.രാച്ചിയമ്മ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചെങ്കിലും അവൾ സ്നേഹത്തോടെ നിരസിച്ചു.രാത്രി, കനത്ത ഇടവപ്പാതി, തുറന്നിട്ട ജനലിൽ കൂടി കാറ്റ് അകത്തേക്ക് വീശുന്നു. അവൾ ജനൽ കുറ്റിയിട്ട് മോനെ ഉറക്കി വൃത്തിയായി പുതപ്പിച്ചു. അലമാര തുറന്ന് ചില്ലിട്ട ഒരു ഫോട്ടോ എടുത്ത് കണ്ണിമ ചിമ്മാതെ അവൾ നോക്കി നിന്നു. അവളുടെ കണ്ണിൽ നിന്നും വീണ കണ്ണീരിൽ ആ ചിത്രത്തിന്റെ ഫ്രെയിം നനഞ്ഞു.

‘മോനു തെറ്റിയിട്ടില്ല; ഇതേ മുഖച്ഛായ തന്നെയായിരുന്നു ബീച്ചിൽ ഇന്ന് കണ്ട മനുഷ്യനും..’

അവൾക്ക് ഹൃദയത്തിന് വല്ലാതെ ഭാരം അനുഭവപ്പെട്ടു; നിയന്ത്രണമില്ലാതെ കണ്ണീർ ഒഴുകി.ചിത്രം അലമാരയിൽ തിരികെ വച്ച് അവൾ കിടക്കയിൽ കമിഴ്ന്ന് കിടന്നു; തലയിണയിൽ മുഖമമർത്തി വിങ്ങിക്കരഞ്ഞു.പുറത്ത് അപ്പോഴും ഇടിയും മിന്നലുമായി പേമാരി കനക്കുകയായിരുന്നു.

‘ആരോരുമില്ലാത്തവരായി താനും തന്റെ മകനും ഈ തമിഴ്നാട്ടിൽ..അച്ഛൻ, അമ്മ, കുഞ്ഞനിയത്തി കാണാൻ കൊതിച്ചിട്ടുണ്ട് പലപ്പോഴും..’

ഓർമ്മകളുടെ ഒഴുക്കിൽ പെട്ട അവളുടെ വഞ്ചിയുടെ ദിശതെറ്റി തൃശ്ശൂരിലെ അവളുടെ വീട്ടിലെത്തി.

‘അച്ഛനും അമ്മയും അനിയത്തിയും സന്തോഷമായിരുന്നു ആ കാലം..എം.കോമിനു പഠിക്കുമ്പോളാണ് ‘എബി’യെ പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിലേക്ക് ചേക്കേറിയപ്പോഴേക്കും പിരിയാനാവാത്ത വിധം വല്ലാത്ത ആത്മബന്ധം ഉടലെടുത്തിരുന്നു. അന്യമതസ്ഥനെ പ്രേമിച്ചതിന് അച്ഛനും അമ്മയും മാറി മാറി ഉപദേശിച്ചു;ആ ഉപദേശങ്ങൾ പിന്നീട് മർദ്ദനങ്ങളിലേക്ക്, പട്ടിണിയിലേക്ക് വഴിമാറി.

എം.കോം. ഫൈനൽ പരീക്ഷ കഴിഞ്ഞ് എബിയോടൊപ്പം വീട്ടുകാരെ വെറുപ്പിച്ച് തമിഴ്നാട്ടിലെ കോടാമ്പാക്കത്തേക്ക് ഒളിച്ചു കടന്നു.എബിയുടെ വീട്ടിലും തനിക്ക് സ്ഥാനം ലഭിച്ചില്ല.അവൻ, പാരലൽ കോളേജുകളിൽ ഓടി നടന്ന് പഠിപ്പിക്കുമ്പോളും തനിക്ക് സ്നേഹത്തിനും ഭക്ഷണത്തിനും ഒരു കുറവും വരുത്തിയില്ല.കോടാമ്പാക്കത്തെ വാടക വീട്ടിൽ അവൻ,സ്വർഗ്ഗതുല്യമായ ജീവിതം സമ്മാനിച്ചപ്പോൾ അച്ഛന്റേയോ അമ്മയുടേയോ കുറവ് താൻ അനുഭവിച്ചില്ല. എബിയുടെ നിർബന്ധത്താൽ സി.എ. എൻട്രൻസ് പാസ്സായപ്പോൾ ബാങ്ക് ടെസ്റ്റുകൾ എഴുതാൻ അവൻ പ്രേരിപ്പിച്ചു.

3 Comments

  1. Super!!!

  2. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

  3. നല്ലൊരു കഥ, ഇത് അധികമാരും ശ്രദ്ദിക്കാതെ പോയ വിഷമവും ഉണ്ട്…

Comments are closed.