കൂടെവിടെ – 2 [ദാസൻ] 157

കിളി: ഞാൻ കാരണം….
ഞാൻ: ഇതു മാത്രമല്ലല്ലോ, കുറച്ചു ദിവസങ്ങളായി എനിക്ക് നല്ല സുഖം തന്നു കൊണ്ടിരിക്കുകയല്ലേ. അല്ല അറിയാൻ പാടില്ലാത്തതുകൊണ്ട് ചോദിക്കുകയാണ്. ഞാൻ ഇയാളെ വല്ലതും ചെയ്തോ? ഏതെങ്കിലും തരത്തിലുള്ള ഉപഗ്രഹം എന്നിൽ നിന്നും ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കിൽ പറയണം. ഇതുൾപ്പെടെ കുറേ സുഖങ്ങൾ എനിക്ക് തന്നത് കൊണ്ട് ചോദിക്കുകയാണ്.
അവൾ മിണ്ടാതെ അങ്ങനെ നിൽക്കുകയാണ്, മുഖത്തേക്ക് പോലും നോക്കുന്നില്ല.
ഞാൻ: ശരി പോയി കിടക്ക്, നാളെയും സുഖങ്ങൾ തരാൻ ഉള്ളതാണല്ലോ ഉറക്കം കളയണ്ട.
ഞാൻ കീറിയ തുണിയിലെ ഒരു കഷ്ണം കൂടി മുറിച്ചെടുത്തു, തറയിൽ വീണ രക്തം തുടക്കുന്നതിനിടയിൽ, എൻറെ കയ്യിൽ നിന്നും അത് വാങ്ങി അവൾ തറ തുടച്ചു. അവൾ കിടന്നിരുന്ന പായയിലും രക്തം വീണിരുന്നു, അതും തുടച്ചു. ഞാൻ മുറിക്ക് പുറത്തിറങ്ങി, മുറിയുടെ പുറത്ത് ലൈറ്റിട്ടു തിരിച്ചു വന്നു.
ഞാൻ: താഴെ പോയി കിടന്നോളൂ, ഞാൻ താഴേക്ക് വരാം.
കിളി: വേണ്ട. ഞാൻ ഇവിടെ കിടന്നോളാം. തലയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ എന്നെ വിളിക്കാമല്ലോ.
ഇവൾക്ക് ഇതെന്തുപറ്റി, ഒരു വിനീതവിധേയയായി കാണുന്നു. നാളത്തേക്ക് വല്ല കോടാലിയും കരുതി വച്ചിട്ടുണ്ടാകും.
ഞാൻ: ഇവിടെ കട്ടിലിൽ കയറി കിടന്നോളൂ, ഞാൻ താഴെ കടക്കാം.
കിളി: വേണ്ട ഞാൻ താഴെ കിടന്നോളാം.
അവൾ തറയിൽ വിരിച്ചിരുന്ന പായയിൽ കിടന്നു, ഞാൻ മുറിയിലെ ലൈറ്റ് ഓഫ് ചെയ്തു കട്ടിലിൽ കയറി കിടന്നു. ഒരു ഉറക്കം കഴിഞ്ഞപ്പോൾ തലയുടെ മരവിപ്പു മാറി വേദന തുടങ്ങി. തല വെട്ടി പൊളിയുന്നത് പോലുള്ള വേദന. കിടക്കാൻ പറ്റാത്ത വേദന, എഴുന്നേറ്റിരുന്നു. അവൾ കിടന്നിരുന്ന ഭാഗത്തേക്ക് നോക്കിയപ്പോൾ, ഷീറ്റ് പുതച്ച് ഓപ്പോസിറ്റ് സൈഡ് ചരിഞ്ഞു കിടന്നുറങ്ങുന്നു. നല്ല ഗാഢനിദ്രയിൽ ആണ്, ഈ ആളാണ് എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിക്കണം എന്ന് പറഞ്ഞത്. ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു മുറിക്ക് പുറത്തിറങ്ങി, ഹാൾ പോലുള്ള മുകളിലെ ഭാഗത്ത് നടക്കാൻ തുടങ്ങി. നടക്കുമ്പോൾ തല വിങ്ങുന്നതു പോലെ. അവിടെ കിടന്നിരുന്ന തുണിയുടെ ചാരുകസേരയിൽ മുറിയിൽ നിന്നും തലയണ എടുത്തു കൊണ്ടു വന്ന്, തല ഭാഗത്ത് വെച്ച് അതിൽ ഇരുന്നു. കുറച്ചുനേരം ഇരുന്നപ്പോൾ തലയുടെ വേദന കുറയുന്നതുപോലെ തോന്നി. ചാരുകസേരയുടെ കയ്യിൽ കാലെടുത്തുവെച്ച് സുഖമായി അങ്ങനെയായിരുന്നു. കൺപോളകളെ ഉറക്കം മാടിവിളിച്ചു.

നെറ്റിയിൽ തണുത്ത കര സ്പർശമേറ്റ അപ്പോഴാണ് ഉണർന്നത്. കണ്ണുതുറന്നു നോക്കുമ്പോൾ കിളി നെറ്റിയിൽ തൊട്ടു നോക്കുന്നു, കയ്യിൽ ഒരു സ്റ്റീൽഗ്ലാസ് ഉണ്ട്. ഞാനുണർന്നപ്പോൾ എൻറെ നേരെ അത് നീട്ടി.
ഞാൻ: എനിക്കാണോ? എന്താണ് വല്ല വിഷവും ആണോ?
കിളിയുടെ മുഖം പെട്ടെന്ന് മ്ലാനമായി.
ഞാൻ: ഞാൻ ഒരു ദിവസം മുഴുവൻ ഇവിടെ പട്ടിണി കിടന്നിട്ട് ഒരു തുള്ളി വെള്ളം തരാത്ത ആളാണ്. എന്നോട് വേണോ എന്ന് പോലും ചോദിച്ചില്ല. അങ്ങനെയുള്ള ഒരാൾ പെട്ടെന്ന് ഇങ്ങനെ കൊണ്ടുവരുമ്പോൾ ആർക്കായാലും സംശയം തോന്നും.
അവൾ ചായ ഗ്ലാസ് ഒരു കവിൾ കുടിച്ചിട്ട്, ആ ഗ്ലാസ് കസേരയുടെ കയ്യിൽ വച്ച് ദേഷ്യത്തിൽ നടന്നു താഴേക്ക് പോയി. അതിൽ വിഷമില്ല എന്ന് കാണിക്കാൻ വേണ്ടി ആയിരിക്കും, ഒരു കവിൾ കുടിച്ചു കാണിച്ചത്. ഞാൻ ചായ എടുത്തു കുടിച്ചു, ഗ്ലാസ്സുമായി താഴേക്ക് ചെന്നു ഡൈനിംഗ് ടേബിളിൽ അതുവെച്ചു. സമയം നോക്കുമ്പോൾ 8:45. അടുക്കളയിൽ നോക്കുമ്പോൾ കക്ഷി പണിയിലാണ്, എന്നെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ പണി തുടർന്നു. തലക്ക് ഒരു കനം പോലെ ഡോക്ടറെ കാണണം. ഞാൻ തിരിച്ച് മുറിയിലേക്ക് കയറി ബ്രഷ് എടുത്ത് ബാത്ത് റൂമിലേക്ക് കയറി എല്ലാം കഴിഞ്ഞ് തിരിച്ചിറങ്ങി. ഡ്രസ് മാറി താഴെ വന്നപ്പോൾ 9:15. ഏതായാലും പോകുമ്പോൾ പറയണമല്ലൊ അപ്പോൾ വണ്ടിയുടെ കീയും വാങ്ങാം എന്നു കരുതി.
ഞാൻ: എനിക്ക് തലവേദനയുണ്ട്, ഡോക്ടറെ കാണാൻ പോവുകയാണ്. ആ വണ്ടിയുടെ കീ കിട്ടിയിരുന്നെങ്കിൽ ഉപകാരമായിരുന്നു.
കിളി: ടേബിളിൽ ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്. വിഷം ഒന്നും ചേർത്തിട്ടില്ല.
ഞാൻ: വെറുതെ പറഞ്ഞതാണ്. മനസ്സിൽ ഒന്നും വെയ്ക്കണ്ട.
കിളി: കാര്യത്തിൽ പറഞ്ഞാലും എനിക്കൊന്നുമില്ല. ഈ കണ്ടീഷനിൽ വണ്ടി കൊണ്ടു പോകണ്ട. വല്ല ഓട്ടോറിക്ഷയും വിളിച്ചു പോയാൽ മതി. ആ ഭക്ഷണം കഴിക്കാൻ മറക്കണ്ട.

6 Comments

  1. Super interesting ❤️

  2. ?♥️നർദാൻ?♥️

    ഇത് അവിടെ എഴുതിയ ആള് തന്നെയാണോ?

    എന്നാൽ ദാസൻ എന്ന പേര് തന്നെ മതിയായിരുന്നു

  3. ?????

  4. Nannayittund. Nxt part vegannu tharane….

  5. വിശ്വനാഥ്

    ????????????????

Comments are closed.