കറുത്ത മനുഷ്യർ [Thanseer Hashim] 51

അങ്ങകലെ ഉള്ള പർവ്വതം ചൂണ്ടി കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു..
നീ… പോ… ഇരുട്ടി തുടങ്ങിയിരിക്കുന്നു..
ആ പർവ്വതത്തിനപ്പുറം ഐബർ നദി ഒഴുകുന്നുണ്ട്.. ആ നദി നീന്തി കടക്കണം..
പിന്നെ പടിഞ്ഞാറു ദിശ നോക്കി സഞ്ചരിക്കണം.. അവിടെ ഒരു രാജ്യം ഉണ്ട്.. അവർ അഭയം നൽകാതിരിക്കില്ല…

അമ്മയുടെ അരികിൽ നിന്ന് പോകാൻ വിസമ്മതിച്ചെങ്കിലും, റൈദ അവനെ നിർബന്ധിച്ചു പറഞ്ഞയച്ചു..

തിരിഞ്ഞു നോക്കരുതെന്ന് അമ്മയുടെ ശാസന ഉള്ളതിനാൽ അവൻ നേരെ നോക്കി തന്നെ നടന്നു തുടങ്ങി..

എങ്കിലും അവൻറെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു..
വളരെ ദൂരെ ചെന്നപ്പോൾ ഒന്നു തിരിഞ്ഞു നോക്കി..
അമ്മ ഉണ്ടായിരുന്ന കുതിരവണ്ടി ആളിക്കത്തുന്നുണ്ടായിരു‌ന്നു..

നിലവിളിച്ചു കരയുക അല്ലാതെ അവന് ഒന്നും ചെയ്യാൻ സാധ്യമല്ല..
കണ്ണുകൾ തുടച്ചു… പിന്നെ മുന്നോട്ടു നടന്നു നീങ്ങി.

കുഞ്ഞഅനുജത്തി കരഞ്ഞപ്പോൾ തോൽ സഞ്ചിയിൽ നിന്നും പാൽ നൽകാൻ അവൻ മറന്നില്ല..
അവൾക്കൊരു പേര്കൂടി നൽകണം. അമ്മയുടെ പേര് തന്നെ വിളിച്ചു …റൈദാ…….

ഈ യാത്ര തനിച്ചാണെങ്കിലും അവൻ ആദ്യമായിട്ടല്ല പലായനം ചെയ്യുന്നത്..
ശത്രുക്കളെ ഭയന്ന് അവനും കുടുംബവും പലതവണ പലായനം ചെയ്യപ്പെട്ടിരുന്നു..

പലായന സമയങ്ങളിൽ തൗൾ ചെടിയുടെ ഇലകൾ ഭക്ഷിക്കാറുണ്ട്….
അതിൽ പോഷകവും ധാരാളം ജലാംശവും ഉണ്ടെന്ന് അച്ഛൻ പറഞ്ഞത് അവന് ഓർമ്മയുണ്ട്…
വിഷാംശമുള്ള മറ്റു ചെടികളും പഴങ്ങളും തിരിച്ചറിയാൻ പ്രയാസമാണ്,
അതിനാൽ യാത്രയിലുടനീളം അവൻ, തൗൾ ചെടിയുടെ ഇലകൾ ശേഖരിച്ചു വച്ചു…

പർവ്വതത്തോട് അടുക്കുംതോറും തണുപ്പ് അധികരിക്കുന്നുണ്ടായിരുന്നു..
അതിനെ വകവയ്ക്കാതെ അവൻ മുന്നോട്ടു നടന്നു…

പർവ്വതം കയറി തുടങ്ങിയപ്പോഴേക്കും തണുത്തു വിറക്കാൻ ആരംഭിച്ചു..

മുകളിൽ കൊടും ശൈത്യമാണ്..

മഞ്ഞുവീഴ്ചയുടെ കാഠിന്യത്തിൽ കാഴ്ചകൾ മങ്ങി തുടങ്ങിയിരിക്കുന്നു….
ശക്തമായി വീശുന്ന തണുത്ത കാറ്റിനാൽ, മുന്നോട്ടുള്ള ഓരോ ചുവടും പ്രയാസകരമാണ്…
പെട്ടെന്ന് കുഞ്ഞ് കരയാൻ ആരംഭിച്ചു…
തോൽ സഞ്ചിയിലെ പാൽ നൽകാൻ ശ്രമിച്ചപ്പോഴാണ്… പാൽ തണുത്തുറച്ചു പോയ കാര്യം അവൻ അറിയുന്നത്..

തിരികെ നടക്കുന്നത് ബുദ്ധിയില്ലെന്ന് അവനറിയാം..
എത്രയും പെട്ടെന്ന് തണുപ്പിനെ അതിജീവിച്ച് പർവ്വതം ഇറങ്ങണം..
വിറക്കുന്ന സ്വരത്താൽ താരാട്ടുപാടി നോക്കി..
പക്ഷേ റൈദ.. തണുപ്പും വിശപ്പും കാരണം കരഞ്ഞുകൊണ്ടേയിരുന്നു.

3 Comments

  1. സൂര്യൻ

    കൊള്ളാം. പക്ഷെ നമ്മൾ എന്ത് ചെയ്യു൦

  2. ഓരോ സീനുകളും നല്ല രീതിക്ക് അവതരിപ്പിച്ചിട്ടുണ്ട്…
    നിങ്ങള് പറഞ്ഞത് പോലെ നൂറിൽ ഒരംശം മാത്രമാണിത്.. പക്ഷെ ഇതിൽ നിന്നും മനസിലാക്കാം അതിന്റെ കാഠിന്യം…
    ഒരു കഥ മാത്രമാണെന്നു കരുതിയാണ് ഞാൻ വായിച്ചത്.. എന്നാൽ ഇത് കഥയ്ക്ക് അപ്പുറം എന്തോ ഉണ്ട്..
    ഒരു ഫാന്റസി പോലെ റൂത്തിന്റെ ഉയർത്തെഴുന്നേൽപ്പും.. വർഗ്ഗ വിവേചനത്തിനെതിരെയുള്ള പോരാട്ടവും കൂടി എഴുതികൂടെ..

Comments are closed.