കണ്ണീരണിഞ്ഞ ഇഷ്ടദാനം 19

Views : 4848

“സൃഹൃത്തേ നിങ്ങള്‍ തന്നെ പറയൂ ഞാനാരേയാ കുറ്റപ്പെടുത്തേണ്ടത് എന്റെ വിധിയേയോ…”?

ബാറിലെ അരണ്ട വെളിച്ചത്തിൽ ചുവന്നു കലങ്ങിയ കണ്ണുകളുമായ് തലയും കുനിച്ചിരിക്കുന്ന ആ ചെറുപ്പക്കാരനെ എന്ത് പറഞ്ഞാശ്വസിപ്പിക്കണമെന്നെനിക്കറിയില്ലായിരുന്നു. ചോദ്യങ്ങൾ ചോദിച്ച് അയാളെ ബുദ്ധിമുട്ടിക്കാൻ എനിക്കാവില്ലായിരുന്നു.

അയാൾക്ക് മുൻപിൽ നിറച്ചു വെച്ച ഗ്ലാസ് ഒഴിയുന്നതും വീണ്ടും നിറയുന്നതും നോക്കി നിശബ്ദനായ് ഞാനിരുന്നു.എന്റെ മുൻപിൽ ഗ്ലാസിൽ നിറച്ച് വെച്ച ബിയർ തണുപ്പ് നഷ്ടപ്പെട്ട് ചവർപ്പ് രൂചിയായ് മാറിയത് ഞാനറിഞ്ഞതേയില്ല… അൽപ്പം മുൻപ് പരിചയപ്പെട്ട ആനന്ദ് എന്ന ചെറുപ്പക്കാരന്റെ ഉള്ളിലെരിയുന്ന തീക്കനൽ എന്നെയും ചുട്ടുപൊള്ളിക്കാൻ തുടങ്ങിയിരുന്നു.

പാതിയോളം കാലിയായ ഗ്ലാസ് മേശപ്പുറത്ത് വച്ച് ആ ചെറുപ്പക്കാരൻ എന്നെ ഒന്നു നോക്കി. പതിയെ ചോദിച്ചു .

“എന്റെ അവസ്ഥ നിങ്ങൾക്കായിരുന്നുവെങ്കിൽ നിങ്ങളെന്തു ചെയ്യുമായിരുന്നു. “?

എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. ഒരു മറുപടി അയാൾ ആഗ്രഹിച്ചിരുന്നില്ലെന്ന് തോന്നി. എന്തായിരിക്കും അയാളെടുത്ത തീരുമാനമെന്നറിയാൻ ആകാംക്ഷയോടെ ഞാനയാളത്തന്നെ നോക്കിയിരുന്നു…

” എനിക്കു വേണമെങ്കിൽ ആ രാത്രിയിൽ എല്ലാം അവസാനിപ്പിക്കാമായിരുന്നു. ചെയ്തില്ല. നിധി കാക്കുന്ന ഭൂതത്തെപ്പോലെ കാവലിരുന്നു. കടല് കടന്നെത്തുന്ന പ്രിയപ്പെട്ടവന്റെ കൈ പിടിച്ചേൽപ്പിക്കാൻ താലി കെട്ടിയവൾക്ക് കാവലിരുന്ന പടു വിഡ്ഡിയാണ് ഞാൻ … ഒരു പുച്ഛച്ചിരിയോടെ മേശപ്പുറത്തിരുന്ന് ഗ്ലാസിലെ മദ്യം ഒറ്റ വലിക്ക് കുടിച്ച് കാലിയായ ഗ്ലാസ് വലിയ ശബ്ദത്തിൽ മേശയിൽ വച്ചു..

“അവളൊരിക്കലും എന്നെ സ്നേഹിക്കില്ലെന്ന് മനസ്സിനെ ബോധ്യപ്പെടുത്താൻ എങ്ങനെയൊക്കെ ശ്രമിച്ചിട്ടും എനിക്കതിന് കഴിഞ്ഞില്ല.”

“ഓരോ ദിവസം ചെല്ലുന്തോറും സ്നേഹം കൂടുകയല്ലാതെ അവളെ വെറുക്കാൻ എനിക്കായില്ല.. നിർവികാരമായ ആ മുഖത്ത് സ്നേഹത്തിന്റെ ചെറു കണികകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോൾ അവളുടെ മനസിൽ എന്റെ സ്നേഹം ചലനങ്ങൾ സൃഷ്ടിച്ചു തുടങ്ങിയപ്പോൾ എന്റെ മോഹങ്ങൾക്ക് ചിതയൊരുക്കിയ ആ വാർത്ത ഞങ്ങളെ തേടിയെത്തി.”

” അവളുടെ പ്രിയപ്പെട്ടവൻ നാട്ടിലെത്തിയിരിക്കുന്നു. ഏത് നിമിഷവും അവളെ കൂട്ടിക്കൊണ്ടു പോകാൻ അയാൾ വരും.”

“എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ആരെ ഉപേക്ഷിക്കണമെന്നറിയാതെ ഒന്നു പൊട്ടിക്കരയാൻ പോലുമാവാതെ ദൈന്യതയോടെ എന്നെ നോക്കുന്ന ആ കണ്ണുകളായിരുന്നു. അയാൾ ഞങ്ങളേത്തേടി വരാതിരുന്നെങ്കിൽ എന്നാശിച്ചു പോവുകയാ.. “

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com