ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 4 119

“ഇല്ലുമ്മ, ഉമ്മയുടെ മനസ്സ് കാണാഞ്ഞിട്ടോ ആ സ്നേഹം അറിയാഞ്ഞിട്ടോ അല്ല. ഈ രണ്ടു വർഷം ഉമ്മയെനിക്ക് തരണം, ഒരു വിജയിയായി നാട്ടിലേക്ക് തിരിച്ചു വരണമെന്നത് എന്റെ വാശിയാണ്. എന്റെ ഈ വാശി ഉമ്മ സമ്മതിച്ചു തരണം”

 

 

“ശരി, നിന്റെ വാശി നടക്കട്ടെ, പക്ഷെ ഒരു കാര്യം മോൻ ഓർത്തോ, ഈ വാശി കൊണ്ട് ഉണ്ടാകുന്ന നഷ്ടം ഒരുപക്ഷെ, ഒരിക്കലും നികത്താനാവാത്തതായിരിക്കും.”

 

 

“ഉം ശരി. ” ഇജാസ് ഫോൺ വെച്ചു..

 

 

പിന്നത്തെ രണ്ടു വർഷം ഐ ഐ എം . പഠനവും പ്രോജെക്റ്റും  അസൈന്മെന്റും ഓൺസൈറ്റും ഒക്കെയായി വളരെ വേഗം കടന്നു പോയി. പഠനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും കൂടുതൽ ശ്രദ്ധ നൽകിയത് കൊണ്ട് വീട്ടിലേക്കുള്ള വിളികൾ മാസത്തിലോ രണ്ടുമാസത്തിലൊരിക്കലോ മാത്രമായി ചുരുങ്ങി. എല്ലാവരെയും കാണുകയും സംസാരിക്കുകയും ചെയ്യുന്നു  എന്നതിനപ്പുറത്തേക്ക്  ഐഐഎമ്മിൽ ഒരു സുഹൃദ് വലയം ഉണ്ടാക്കാൻ പോലും ഇജാസ് ശ്രമിച്ചില്ല. തന്റെ സൗഹൃദവും അടുപ്പവും ദീപ്തിയിലും സുദീപിലും മാത്രമായി അവൻ ഒതുക്കി.

 

 

ഫൈനൽ  എക്സാമിനു മുമ്പായി കാമ്പസ് ഇന്റർവ്യൂ നടക്കുന്ന സമയം. ആ സമയത്താണ് ദീപ്തി അവനെ വിളിക്കുന്നത്. റസിയ അവളെ വിളിച്ചിട്ടുണ്ടായിരുന്നുന്നെന്നും തിരികെ വിളിക്കാൻ പറഞ്ഞുവെന്നും. അവൻ ആ നമ്പർ വാങ്ങി തിരിച്ചു വിളിച്ചു.

 

“ഹലോ…”

 

“ഞാൻ ഇജാസാണ്…”

 

“മോനെ ഇജു, നീയെവിടെയായിരുന്നു…”

 

“എന്താ റസിയ… ”

 

“ഉമ്മ പോയെടാ മോനെ…”

 

ഒരു നിമിഷം ലോകം തന്റെ ചുറ്റും നിശ്ചലമായതു പോലെ അവനു തോന്നി. ഇതുവരെ അവന്റെ ലക്‌ഷ്യം മുഴുവനും ഒരു  വിജയിയായി നാട്ടിലേക്ക് തിരിച്ചു ചെന്ന് ഉമ്മയെ കാണണമെന്നായിരുന്നു. ആ തിരിനാളം ഇതാ പൊലിഞ്ഞിരിക്കുന്നു.  ഇനി എന്തിന് ഞാൻ പഠിക്കണം ?…… എന്തിന് ഞാൻ ……?

 

“ഇജു…”

 

അവൻ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല.

 

“ഇജൂ… ” അവൾ വീണ്ടും വിളിച്ചു.

 

“ഉം …”

 

“രണ്ടാഴ്ചയായി, ഒരു ദിവസം ബാത്‌റൂമിൽ കുളിക്കാൻ കയറിയ സമയത്ത് തല കറങ്ങി വീണു. കുറെ സമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ ഫാത്തിമത്ത ചെന്ന് നോക്കിയപ്പോൾ വിളിച്ചിട്ടു വിളി കേൾക്കുന്നില്ല. വാതിൽ തല്ലിപ്പൊളിച്ചു കടന്നപ്പോൾ വീണു കിടക്കുന്നു. വേഗം തന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്ട്രോക്ക് ആയിരുന്നു. ”

5 Comments

  1. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. Super

  3. ആൽക്കെമിസ്റ്റ്

    വാൽക്കഷ്ണത്തിനു മുമ്പ് ഒരു പാർട്ടീഷ്യൻ ഇടാൻ മറന്നു പോയിട്ടുണ്ട്. ക്ഷമിക്കുമല്ലോ.

  4. ? നിതീഷേട്ടൻ ?

    ????

Comments are closed.