അഭിരാമി Part 9 274

അഭിരാമി

Part 9

 

അന്ന് പരിപാടികൾ ഒക്കെ കഴിഞ്ഞപ്പോഴേക്കും രാത്രി ആയിരുന്നു. അതിഥിയുടെ നിശ്ചയം അടുത്ത ആഴ്ച ചെറിയ രീതിയില്‍ വീട്ടില്‍ വച്ച് നടത്താൻ തീരുമാനമായി. കല്യാണം രണ്ട് മാസങ്ങള്‍ക്കുള്ളില്‍ നടത്താനും. പിന്നെ വീട്ടില്‍ എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ ഞങ്ങൾ അന്നവിടെ നിന്നു…

കുറേ നാള്‍ കൂടി വീട്ടില്‍ നില്‍ക്കുന്നത്‌ അല്ലെ… അതിന്റെ ഒരു സന്തോഷം എനിക്കും ഉണ്ടായിരുന്നു… പിറ്റേന്ന്‌ സിദ്ധുവേട്ടന് ഓഫീസില്‍ പോകേണ്ടത് കൊണ്ട്‌ ഞങ്ങൾ രാവിലെ നേരത്തെ പോന്നു…

പിന്നെ ഒരാഴ്ച പെട്ടെന്ന് തന്നെ കടന്നു പോയി. നിശ്ചയത്തിനു രണ്ട് ദിവസം മുന്നേ ഞാനും മോളും വീട്ടിലേക്ക് വന്നു. സിദ്ധുവേട്ടൻ നിശ്ചയതിന്റെ തലേന്ന്‌ വൈകുന്നേരം ആണ് വന്നത്. ഞാൻ നിര്‍ബന്ധം പിടിച്ചത് കൊണ്ട്‌ അമ്മയും അച്ഛനും സിദ്ധുവേട്ടന്ടെ കൂടെ വന്നിരുന്നു.

അന്ന് എല്ലാരും അവിടെ എന്റെ വീട്ടില്‍ കൂടി.. പാട്ടും കൂത്തും സംസാരവും ഒക്കെയായി ഒരു ബഹളം തന്നെ ആയിരുന്നു അന്ന് . രാത്രി ഏറെ വൈകിയാണ് കിടന്നത് പോലും…

 

രാവിലെ നേരത്തെ തന്നെ എണീറ്റു. ചെറിയ പരിപാടി ആയത് കൊണ്ട് തന്നെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങ്. നല്ല beads വർക്ക് ഉള്ള കടും പച്ച ബ്ലൗസും  സെറ്റ് സാരിയും ആയിരുന്നു എന്റെ അതിഥിയുടെ വേഷം… സുന്ദരി ആയിരുന്നു ആ വേഷത്തിൽ കാണാൻ എന്റെ അതിഥിയെ.

സിദ്ധുവേട്ടൻ ഏട്ടന്റെ കൂടെ നിന്ന് നിശ്ചയത്തിനു വേണ്ട ഒരുക്കങ്ങള്‍ ഒക്കെയും ചെയ്യുന്നുണ്ട്. മോളും ഇപ്പൊ ഇവിടെ എല്ലാവരോടും നല്ല അടുപ്പം ആണ്. പ്രത്യേകിച്ച് ഏട്ടനോട്. മാമാ എന്ന് വിളിച്ച് നടക്കുന്ന കാണാം. എത്ര തിരക്കില്‍ ആണെങ്കിലും ആ വിളി കേള്‍ക്കുമ്പോള്‍ തന്നെ ഏട്ടൻ ഹാജർ വെക്കും അവളുടെ മുന്നില്‍….

നിശ്ചയം ഒക്കെ നല്ല ഭംഗി ആയി തന്നെ നടന്നു. അതിഥി യെയും നിഷാന്ത് നെയും ചേര്‍ത്തു നിർത്തി  ഫോട്ടോ എടുപ്പ് ഒക്കെ കഴിഞ്ഞ് ഭക്ഷണവും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു. അച്ഛനും അമ്മയും അന്ന് തന്നെ പോയിരുന്നു. ഞാനും സിദ്ധുവേട്ടനും മോളും പിറ്റേന്ന് രാവിലെയാണ് തിരികെ പോയത്.

 

ദിവസങ്ങൾ വലിയ മാറ്റങ്ങൾ ഇല്ലാതെ കടന്നു പോയി. ഇടയില്‍ അതിഥിയുടെ കല്യാണ purchasing ഒക്കെയും കഴിഞ്ഞു. എന്നെയും മോളെയും അഭി ഏട്ടന്‍ അവിടെ വന്നു കൂട്ടും, തിരികെ കൊണ്ട്‌ വിടും. സിദ്ധുവേട്ടൻ തിരക്കിലായിരുന്നു. കല്യാണ സമയത്ത്‌ leave എടുക്കേണ്ടത് കൊണ്ട്‌… അതുകൊണ്ട്‌ സിദ്ധുവേട്ടൻ വന്നില്ല.

കല്യാണത്തിനു ഒരാഴ്ച മുന്നേ ഞാനും മോളും വീട്ടിലേക്ക് പോയി. ഈ ഒരാഴ്ചക്ക് ഇടയില്‍ സിദ്ധുവേട്ടൻ മോളെ കാണേണ്ടത്‌ കൊണ്ട്‌ പലതവണ വന്നു. നിന്നില്ല…. ഓഫീസ് ലേക്ക് ഇവിടുന്നു ഇത്തിരി ദൂരം കൂടുതലാണ്.

അങ്ങനെ ഇരിക്കെ മോൾക്ക് ഒരു ദിവസം പനിച്ചു… എനിക്ക് ആകെ പേടിയായി… ഇടയില്‍ കുഞ്ഞ് പനി വരാറുണ്ട് എങ്കിലും ഇതിപ്പോള്‍ കൂടുതലാണ്. സിദ്ധുവേട്ടൻ വരാം എന്ന് പറഞ്ഞെങ്കിലും ഏട്ടന്‍ തടഞ്ഞു. ഞാനും ഏട്ടനും കൂടെ പോയി ഡോക്ടർനേ കാണിച്ചു മോളെ. ചെറിയ ജലദോഷം കൂടി ഉണ്ടായിരുന്നു.

ഡോക്ടർ മൂന്നു ദിവസത്തേക്ക് മരുന്ന് കുറിച്ച് തന്നു. കുഴപ്പം ഒന്നും ഇല്ലെന്നും മൂന്നു ദിവസം കഴിഞ്ഞ് വരാനും പറഞ്ഞു. എനിക്ക് ആകെ സങ്കടം വന്നു. മോളുടെ ക്ഷീണിച്ച മുഖം ഒക്കെയും കണ്ടിട്ട്….

വീട്ടില്‍ തിരികെ എത്തുമ്പോഴേക്കും സിദ്ധുവേട്ടൻ എത്തിയിരുന്നു. മോളെ കൈയിൽ വാങ്ങി നെറ്റി ഒക്കെ തൊട്ട് നോക്കി…. മോളെ തലോടി കൊണ്ട്‌ തന്നെ എന്നോടും ഡോക്ടർ പറഞ്ഞത് എന്താണെന്ന് ഒക്കെ ചോദിച്ചു. ഞാനും മോളെ തൊട്ട് കൊണ്ട്‌ തന്നെ മറുപടിയും പറഞ്ഞു. അപ്പോഴാണ് എന്ന് തോന്നുന്നു ആള്‌ എന്റെ മുഖത്തേക്ക് ശ്രദ്ധിക്കുന്നത്. കുറച്ച് നേരം എന്നെ കണ്ണ് ചിമ്മാതെ നോക്കുന്നത് കണ്ടു. ഞാൻ എന്തേ എന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന് പറഞ്ഞ്‌ കണ്ണ് ചിമ്മി അകത്തേക്ക് പോയി. വേഗം Bathroom ഇല്‍ പോയി ഒന്ന് മുഖം കഴുകാൻ. അപ്പോഴാ ഞാനും എന്റെ മുഖം ശ്രദ്ധിക്കുന്നത്. കരഞ്ഞ് കണ്ണൊക്കെ ചെറുതായി വീർത്തിട്ടുണ്ട്. ഇനി ഇത് കണ്ടിട്ടാകുമോ സിദ്ധുവേട്ടൻ നോക്കിയത്? ആവോ… എന്തെങ്കിലും ആകട്ടെ….

ഞാൻ വേഗം തന്നെ മുഖം കഴുകി പുറത്തിറങ്ങി. വേഗം മോൾക്ക് കഞ്ഞി ഉണ്ടാക്കി കൊടുത്തു. ആകെ ക്ഷീണിച്ചു എന്റെ മോള്…. പാവം…. ഇവിടെ കല്യാണത്തിന്റെ പണികള്‍ ഒക്കെ നടക്കുന്നുണ്ട്. പൊടി ഒക്കെ അല്ലെ… അതിന്റെ ആകും മോള്ക്ക് അസുഖം…. സിദ്ധുവേട്ടൻ അന്ന് പോയില്ല. മോളെ സിദ്ധുവേട്ടൻ ആണ് അന്ന് ഉറക്കിയത്. പിറ്റേന്ന് രാവിലെ സിദ്ധുവേട്ടൻ പോയി.

 

മൂന്ന് ദിവസം കൊണ്ട്‌ മോളുടെ പനി മാറിയിരുന്നു. എന്നാലും ജലദോഷം പൂര്‍ണ്ണമായും വിട്ട് പോയിരുന്നില്ല. അന്ന് അതിഥി യെ കൂട്ടിയാണ് ഞാൻ ഹോസ്പിറ്റലിലെക്ക് പോയത് മോളെ കാണിക്കാൻ.

ഡോക്ടർ നേ കാണിക്കാൻ tocken എടുത്ത് ഡോക്ടർ ടെ ക്യാബിനു മുന്നിൽ എത്തിയപ്പോൾ അവിടെ ശ്രീയുടെ അമ്മയും ഭാര്യയും ഇരിക്കുന്നുണ്ടായിരുന്നു. ശ്രീയുടെ ഭാര്യയുടെ കൈയിൽ ആണ് കുഞ്ഞ് ഉള്ളത്. അമ്മ കുറച്ച് മാറി ഇരുന്ന് ആരോടോ സംസാരിക്കുന്നു. ആരോടൊ അല്ല…അമ്മായി ആണ്.

അമ്മായിയുടെ കൂടെ അവരുടെ മകനും മകന്റെ മകനും ഉണ്ട്. ആ കുട്ടിയെ കാണിക്കാൻ വന്നതാണ് എന്ന് തോന്നുന്നു. കുറച്ച് അപ്പുറത്ത് മാറി ശ്രീയും നില്‍ക്കുന്നത് കണ്ടു. അവർ ഞങ്ങളെയും കണ്ടു. അതിഥി യുടെ മുഖത്തെ ഭാവം കണ്ടാല്‍ അറിയാം അവളും കണ്ടിട്ടുണ്ട് അവരെ. ഞങ്ങൾ അവിടെ ഒരു കസേര യില്‍ ഇരുന്നു. മോളെ അതിഥി മടിയില്‍ വച്ചു.

എന്നെ കണ്ടതോടെ അമ്മായിയുടെ കുശുകുശുപ്പ് ഒന്നുകൂടെ കൂടി….. പെട്ടെന്ന് ശ്രീയുടെ അമ്മ ശ്രീയുടെ ഭാര്യയുടെ അടുത്ത് ചെന്ന് കുഞ്ഞിന്റെ തൂവാല കൊണ്ട്‌ കുഞ്ഞിനെ ഒന്നുകൂടെ പൊതിഞ്ഞു.

എന്നിട്ട് എനിക്ക് കേൾക്കാൻ പാകത്തിന് ശ്രീയുടെ ഭാര്യയോട് പറഞ്ഞു.
“കുഞ്ഞിനെ ശരിക്ക് പൊതിഞ്ഞു പിടിക്ക് ശരണ്യേ… കുഞ്ഞിന് വല്ലവരുടേയും കണ്ണ് തട്ടിയാൽ കുഞ്ഞിന് ദോഷമാണ്…”

ആരോ എന്നെ കത്തി എടുത്ത് കുത്തുന്ന പോലെയാണ് ആ വാക്കുകൾ എനിക്ക് തോന്നിയത്‌. അതിന്റെ ആഴം കൂട്ടാൻ എന്ന വണ്ണം അമ്മായിയുടെ വാക്കുകളും പിറകെ എത്തി..

“അത് ചേച്ചി പറഞ്ഞത് ശരിയാണ്‌ കേട്ടോ… കണ്ണ് തട്ടിയാൽ വല്യ ദോഷം ആണ്. കുഞ്ഞിന്റെ ആയുസ്സ്നേ വരെ ബാധിക്കാം. പ്രത്യേകിച്ച് മച്ചികളുടെ…. ചിലരൊക്കെ സ്വന്തം കുഞ്ഞ് എന്നൊക്കെ പറഞ്ഞ്‌ ഓരോരുത്തരുടെ മക്കളെയും കൊണ്ട്‌ നടക്കുന്നുണ്ട്. അതിന്റെ ഒക്കെ ആയുസ്സ് കുറക്കാന്‍ വേണ്ടി… അല്ലാതെ എന്തിനാ….” എന്നെ നോക്കാതെ ഒരു പ്രത്യേക ഭാവത്തില്‍ അമ്മായി പറഞ്ഞു നിർത്തി….

എനിക്ക് ഭൂമി പിളര്‍ന്ന്‌ അതിലേക്ക് താഴ്ന്നു പോയാല്‍ മതി എന്ന് തോന്നിപ്പോയി…. അതിഥി ദേഷ്യത്തോടെ എന്തോ തിരികെ പറയാന്‍ വേണ്ടി എഴുന്നേൽക്കാൻ പോയി. ഞാൻ കൈയിൽ പിടിച്ചു വച്ചു….

അപ്പോഴേക്കും അവര്‍ tocken വിളിച്ച് അകത്തേക്ക് കയറിയിരുന്നു…
മോളെയും കാണിച്ചു വേഗം തിരികെ ഇറങ്ങി ഞാനും . എന്റെ മനസ്സ് വേറെ എവിടെയോ ആയിരുന്നു… അതിഥി പലതും പറഞ്ഞ്‌ എന്നെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട്. ഒന്നും കേട്ടില്ല….. മനസ്സ് വേറെ എന്തൊക്കയോ ചിന്തകളില്‍ ആയിരുന്നു…. പിടി വിട്ടു പോകുന്നു….

വീട്ടില്‍ കയറുമ്പോള്‍ പുറത്ത്‌ സിദ്ധുവേട്ടൻ ഇരിക്കുന്നത് കണ്ടു. ആരെയും നോക്കാൻ പോലും നിന്നില്ല. വേഗം മുറിയില്‍ കയറി. അതിഥി കൂടെ കയറാൻ പോയപ്പോള്‍ തനിച്ച് ഇരിക്കണം എന്ന് ഇത്തിരി കടുപ്പിച്ച് തന്നെ പറഞ്ഞു. തനിയെ മുറിയില്‍ കതകടച്ചു ഇരുന്നു….

ചിന്തകൾ കെട്ട് പൊട്ടിച്ച് വരുന്നു…. കുറച്ച് നേരം കിടന്നു. അപ്പോഴേക്ക് പുറത്ത്‌ വാതിലിലെ മുട്ട് കേട്ടു. സിദ്ധുവേട്ടൻ ആണ്. കുറേ നേരം മുട്ടിയപ്പോൾ മുറി തുറന്നു.

 

വാതിൽ അടച്ചിട്ട് സിദ്ധുവേട്ടൻ അടുത്തേക്ക് വന്നു. മുഖം പിടിച്ചുയര്‍ത്തി….. നിറഞ്ഞ കണ്ണുകൾ തുടച്ചു തന്നു…

“എന്താ ആമി ഇത്…. വല്ലവരും പറയുന്ന കേട്ട് എന്തിനാ ഇങ്ങനെ കരയുന്നത്…..”
ഇത്രയും കേട്ടപ്പോഴേക്കും എന്തോ ഒരു ഉള്‍പ്രേരണയിൽ പിടിച്ചു വച്ച കരച്ചില്‍ അണപൊട്ടി ഒഴുകി…

സിദ്ധുവേട്ടൻടെ നെഞ്ചിലേക്ക് വീണു കരഞ്ഞു ഞാൻ… ആ നെഞ്ചില്‍ മുഖം പൂഴ്ത്തി ആര്‍ത്തു കരഞ്ഞു…. എന്തൊക്കെയോ ഞാൻ പതം പറഞ്ഞു….

” എന്തിനാണ് എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത് അവരൊക്കെ? അറിഞ്ഞു കൊണ്ട്‌ ഒരു തെറ്റും ഞാൻ അവരോട് ചെയ്തിട്ടില്ല. പിന്നെയും എന്നെ ഇങ്ങനെ കുത്തി നോവിക്കുന്നത് എന്തിനാണ്.? എന്ത് സുഖം ആണ് കിട്ടുന്നത് എല്ലാര്‍ക്കും… ഞാൻ ആരെയും ദ്രോഹിച്ചിട്ടില്ല…. ഒഴിഞ്ഞ് പോകാൻ പറഞ്ഞപ്പോ തന്നെ ഞാൻ മാറി കൊടുത്തില്ലേ….. ഇനിയും എന്തിനാ എന്നോട് ഇങ്ങനെ…. ഞാൻ നോക്കിയാ കുഞ്ഞിന്റെ ആയുസ്സ് കുറയുമോ സിദ്ധുവേട്ടാ…. അവർ പറഞ്ഞ പോലെ നമ്മുടെ മോൾക്കും ദോഷം വരുമോ….. ഞാൻ കാരണം അവള്‍ക്കു വല്ലതും പറ്റുമോ…. പറയ്…. ”

സിദ്ധുവേട്ടനെ കോളറിൽ പിടിച്ചുകുലുക്കി കൊണ്ട്‌ ചോദിച്ചു കൊണ്ടേ ഇരുന്നു…. വീണ്ടും ആ നെഞ്ചില്‍ വീണു കരഞ്ഞു…

” എന്താ ആമീ ഇങ്ങനെ ഒക്കെ പറയുന്നേ…. ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് കരുതി ഇങ്ങനെ ഒക്കെ ചിന്തിക്കാമോ… നിന്നോട് പറഞ്ഞിട്ടില്ലേ ഞാൻ ഇങ്ങനെ വല്ലവരും പറയുന്ന കേട്ട് മിണ്ടാതെ തലയും കുനിച്ച് വരരുത് എന്ന്…. നമ്മുടെ മോൾക്ക് എങ്ങനെയാ നിന്റെ കണ്ണ് ഏൽക്കുന്നേ… നീ അവളുടെ അമ്മയല്ലേ ആമീ… അമ്മമാരുടെ കണ്ണ് മക്കള്‍ക്ക് ഏൽക്കില്ലെടീ പൊട്ടീ…. ”

സിദ്ധുവേട്ടൻ പറഞ്ഞ ആ ഒരൊറ്റ കാര്യത്തിന് കരഞ്ഞ് കൊണ്ടിരുന്ന എന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ത്താന്‍ കഴിഞ്ഞു…

 

ആശ്വാസത്തോടെ, സന്തോഷത്തോടെ ഞാൻ ഒന്ന് പുഞ്ചിരിച്ചു. പക്ഷേ,അപ്പോഴാ മറ്റൊരു കാര്യം ഞാൻ ശ്രദ്ധിച്ചത്…. ഇത്രയും നേരം സിദ്ധുവേട്ടൻടെ നെഞ്ചില്‍ കിടന്നു കൊണ്ടാണ് ഈ കണ്ട പ്രകടനം ഒക്കെയും നടത്തിയത്.ആളുടെ കൈകളും എന്നെ ചുറ്റി പിടിച്ചിട്ടുണ്ട്. ഒരു കൈ കൊണ്ട്‌ ഇടക്ക് എന്നെ ആശ്വസിപ്പിച്ച് കൊണ്ട്‌ എന്റെ തലയില്‍ തലോടുന്നുണ്ട്. പെട്ടെന്ന് തന്നെ അകന്നു മാറി… മുഖത്തേക്ക് നോക്കാന്‍ തന്നെ ഒരു വല്ലായ്മ തോന്നി… എന്തോ തെറ്റ് ചെയ്ത പോലെ ഒരു തോന്നല്‍….

പക്ഷേ അടുത്ത നിമിഷം എന്നെ ഞെട്ടിച്ചു കൊണ്ട്‌ സിദ്ധുവേട്ടൻ എന്നെ വീണ്ടും വലിച്ച് ആ നെഞ്ചിലേക്ക് ചേര്‍ത്തു.

കുതറി മാറാനും ആ കൈകളിൽ നിന്നും അകന്ന് മാറാനും മനസ്സ് പറയുന്നുണ്ട്. പക്ഷേ മനസിനൊത്ത് ശരീരം പ്രവർത്തിക്കുന്നില്ല. പ്രതികരിക്കാൻ ആവാതെ നിന്നു പോയി ഞാൻ….

“ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ കരഞ്ഞ് കുളമാക്കാതെ മറുപടി പറയാന്‍ നീ എപ്പോഴാ പഠിക്കുന്നെ എന്റെ ഭാര്യേ…”

ഇതും പറഞ്ഞ്‌ സിദ്ധുവേട്ടൻ എന്നെ ചേര്‍ത്ത് പിടിച്ചു കൊണ്ട്‌ തന്നെ എന്റെ താടി പിടിച്ചു മുഖം ഉയർത്തിച്ചു.

“ആമി സിദ്ധാര്‍ത്ഥന്റെ ഭാര്യയാണ്. എന്റെ ഭാര്യ ആരുടെ മുന്നിലും തല കുനിക്കുന്നത്  എനിക്ക് ഇഷ്ടമല്ല. ”

ഇത്രയും പറഞ്ഞ്‌ എന്റെ നെറുകയില്‍ മൃദുവായി ചുംബിച്ചു.

കൈകൾ മെല്ലെ അയച്ച് എന്നില്‍ നിന്നും വിട്ടുനിന്നു.

മെല്ലെ എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ച് പുറത്തേക്ക്‌ പോയി….

തറഞ്ഞ് നിന്നു പോയി ഞാൻ….!!!

 

 

സിദ്ധുവേട്ടൻ മുറിയില്‍ നിന്ന് പോയി കുറച്ച് കഴിഞ്ഞ ഉടനെ അതിഥി മുറിയിലേക്ക് വന്നു…. എന്തൊക്കെയോ അടുത്തിരുന്നു പറയുന്നുണ്ട്. പക്ഷേ ഒന്നും എന്റെ ചെവിയില്‍ കയറുന്നില്ല. കുറച്ച് മുമ്പേ നടന്ന കാര്യങ്ങളില്‍ ആണ് ഇപ്പോഴും എന്റെ മനസ്സ്….

സിദ്ധുവേട്ടൻ ചുംബിച്ച നെറ്റിത്തടം ചുട്ടു പൊള്ളുന്ന പോലെ ഒരു തോന്നല്‍…. ഒരു മരവിച്ച അവസ്ഥ….

അതിഥി കുലുക്കി വിളിച്ചപ്പോഴാണ് സ്വബോധത്തിലേക്ക് വന്നത്…… ഞെട്ടി എന്താ എന്ന് ചോദിച്ചു അവളോട്…..

“ചേച്ചി ഇത് ഏത് ലോകത്താ?”

“അത്….. ഞാൻ…. സിദ്ധുവേട്ടൻ…..”

“ചേട്ടായി പോയി…. നാളെ വരാന്ന് പറഞ്ഞു….”
അവൾ മറുപടി പറഞ്ഞു. അലസമായി ഒന്ന് മൂളി അതിന്…

 

_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _  _ _ _ _ _ _ _

സിദ്ധാര്‍ത്ഥ് സ്വന്തം മുറിയില്‍ ചിന്തകളില്‍ ആയിരുന്നു……

അറിയില്ല… അഭിരാമി തന്റെ മനസില്‍ സ്ഥാനം ഉറപ്പിച്ചത് എപ്പോഴാണ് എന്ന്‌…. മനസ്സ് കൊണ്ട്‌ സ്വീകരിച്ച് കൊണ്ടല്ല അവളെ കല്യാണം കഴിച്ചതും ജീവിതത്തിലേക്ക് കൂട്ടിയതും… പൊടി മോളെ ഓര്‍ത്തു മാത്രമാണ്…. അതും അമ്മയുടെ നിര്‍ബന്ധം കൊണ്ട്‌….

അമ്മയുടെ കരച്ചിലും ആധിയും സഹിക്കാൻ കഴിയാതെ ആയപ്പോ… അപ്പോൾ മാത്രം…. തന്റെ മകള്‍ക്ക് ഒരു അമ്മയെ കൊടുക്കാൻ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ള ഒരു പെണ്ണിന്റെ ജീവിതം കളയാന്‍ തനിക്ക് സാധിക്കുമായിരുന്നില്ല….

കാരണം ഒന്നേ ഉള്ളൂ…തിരിച്ച് വരാൻ പറ്റുന്ന ഇടത്തില്‍ അല്ല വിദ്യ ഉള്ളത്…. എങ്കിലും വിദ്യ യുടെ സ്ഥാനത്ത് മറ്റൊരാളെ ഉള്‍ക്കൊള്ളാനുള്ള പ്രയാസം…. പക്ഷേ… ഇപ്പോൾ……

അമ്മയ്ക്ക് പ്രായത്തിന്റെ പ്രശ്‌നങ്ങളും അസുഖങ്ങളും ഉണ്ട്… പൊടി മോളെ പോന്നു പോലെയാണ് നോക്കിയത്‌ അമ്മ… അപ്പോഴും അമ്മയ്ക്ക് ആധി ആയിരുന്നു…

പെട്ടെന്ന് വയ്യാതെ ആയാൽ മോളുടെ കാര്യങ്ങൾ ഓര്‍ത്തു…. അവൾ ഒരു പെണ്‍കുഞ്ഞല്ലേ… അച്ഛന്റെ കൈ പിടിയില്‍ ഒതുങ്ങാത്ത…. ഒരു അമ്മയ്ക്ക് മാത്രം കൈകാര്യം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ അവളുടെ ഭാവിയില്‍ വരും…. അതിനു പുറമേ ഒരു അമ്മയുടെ സ്നേഹം അനുഭവിച്ച് വളരേണ്ട പ്രായവും….

ഇതൊക്കെയാണ് അമ്മയുടെ ന്യായീകരണങ്ങള്‍…..

കൂടാതെ വിദ്യ അവസാന നിമിഷം പറഞ്ഞതും താന്‍ തനിയെ ജീവിക്കരുത് എന്നും മോള്ക്ക് ഒരു അമ്മയെ കൊടുക്കണം എന്നും ആണ്. അതും അമ്മ പറഞ്ഞു തുടങ്ങി…

ഒടുവില്‍ നിര്‍ബന്ധം സഹിക്കാൻ വയ്യാതെ മകള്‍ക്ക് ഒരു അമ്മയെ മാത്രം മതി, അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അമ്മയോട് കൊണ്ട്‌ വരാൻ പറഞ്ഞു… അങ്ങനെ ഒരാളെ കിട്ടില്ല എന്ന വിശ്വസം കൊണ്ട്‌….

കുറച്ച്‌ നാള്‍ വരെ അനക്കം ഒന്നും കേട്ടില്ല. പക്ഷേ പിന്നീടാണ് മനസ്സിലായത്. അമ്മ ഞാൻ അറിയാതെ ഓരോ ആളെയും നോക്കുന്നുണ്ട് എനിക്ക് എന്ന്…

ആദ്യമാദ്യം നല്ലോണം ദേഷ്യം വന്നെങ്കിലും അമ്മയുടെ കരച്ചില്‍ കാണാൻ വയ്യാതെ സഹിച്ച് നിന്നു… പതിയെ ഒഴിവാക്കാം എന്ന് കരുതി.. അങ്ങനെ ഇരിക്കെ ആണ് അച്ഛന്റെ സുഹൃത്ത് വഴി ആമിയുടെ ആലോചന വരുന്നത്…. കാര്യങ്ങൾ ഒക്കെ അവർ തന്നെ പറഞ്ഞു…

അമ്മ ആകാൻ ഇനിയൊരു സാധ്യത കാണുന്നില്ല എന്നത് ഉള്‍പ്പെടെ.
പക്ഷേ, അവളുടെ ഇഷ്ടക്കേട് പറഞ്ഞില്ല.
അമ്മ തന്നെയാണ് അതൊന്നും സാരമില്ല എന്ന രീതിയില്‍ അത് മുന്നോട്ട് കൊണ്ട്‌ പോയത്.

പക്ഷേ, പിന്നെ ഒരിക്കല്‍ അവളുടെ അച്ഛനെയും കൂട്ടി അച്ഛന്റെ സുഹൃത്ത് നേരിട്ട് വന്നപ്പോൾ അവളുടെ അച്ഛൻ തന്നെ നേരിട്ട് അവളുടെ ഇഷ്ടക്കേടിനെ കുറിച്ച് പറഞ്ഞു… ഒരു കുഞ്ഞിന്റെ അമ്മ മാത്രം ആയാൽ മതിയെന്നും ആരുടെയും ഭാര്യ ആവണ്ട എന്നും അവൾ പറഞ്ഞ കാര്യം ഉള്‍പ്പെടെ…

അത് കേട്ട് അമ്മയുടെ മുഖം വാടി… ആലോചന വേണ്ടെന്ന് വെക്കാം എന്ന് അമ്മ കരുതി നിന്ന ഇടത്ത് നിന്നാണ് ഞാൻ കേറി സമ്മതം പറഞ്ഞത്….

എനിക്കും ആവശ്യം അങ്ങനെ ഒരാളെ ആയിരുന്നു. മനസ്സ് കൊണ്ട്‌ ഒരു അമ്മയാകാന്‍ അവൾ എത്ര മാത്രം ആഗ്രഹിക്കുന്നുണ്ടകും എന്ന് അവളുടെ അച്ഛന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു…. എന്റെ മകളെ പോന്നു പോലെ നോക്കാന്‍ കഴിയുന്ന ആൾ ആയിരിക്കും എന്നും എനിക്ക് തോന്നി…

നേരിട്ട് കണ്ടപ്പോൾ തന്നെ എന്നോടുള്ള താല്‍പര്യക്കേടും മോളോടുള്ള താല്‍പര്യവും കണ്ടപ്പോൾ എനിക്കും ഏകദേശം സമാധാനം ആയെന്ന് തന്നെ പറയാം… അവളോട് തന്നെ കാര്യങ്ങൾ തുറന്ന് പറഞ്ഞ് കല്യാണവും നടന്നു…

 

ഉള്ളില്‍ അപ്പോഴും ഒരു ആശങ്ക ഉണ്ടായിരുന്നു…. പെറ്റമ്മ അല്ലല്ലോ… അത് പോലെ തന്റെ മകളെ സ്നേഹിക്കാന്‍ അവള്‍ക്ക് ആകുമോ എന്ന്…. പക്ഷേ പൊടി മോളോട് ഉള്ള അവളുടെ സ്നേഹം…. ഓരോ നിമിഷവും എന്നെ മാറ്റി ചിന്തിപ്പിച്ചു… പ്രസവിച്ചില്ലെൻകിലും അമ്മയാകാന്‍ പറ്റും എന്ന് തോന്നി…..
വിദ്യയുടെ ഫോട്ടോ നോക്കി ഓരോ ദിവസവും മകളുടെ കാര്യങ്ങൾ പറയും….. പിന്നെ പിന്നെ മോളുടെ കൂടെ ആമി യും കടന്ന് വരാൻ തുടങ്ങി….

. ഭാര്യയായി കണ്ടില്ലെങ്കിലും ഒരിക്കലും അവഗണിക്കാനോ വിഷമിപ്പിക്കുവാനോ തോന്നിയിരുന്നില്ല….എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ…… പക്ഷേ, ഞാൻ മിണ്ടുന്നതും മിണ്ടാത്തതും ഒന്നും അവള്‍ക്ക് വിഷയം അല്ലായിരുന്നു…. പൊടി മോള് മാത്രം ആയിരുന്നു അവളുടെ ലോകം…. അത്ഭുതം  തോന്നി….
പക്ഷേ ഒരുപാട് വിഷമങ്ങള്‍ ഉള്ളില്‍ ഉണ്ടെന്ന് തോന്നി…. ഒറ്റപ്പെടുത്താൻ കഴിഞ്ഞില്ല…. നല്ലൊരു സൗഹൃദം എങ്കിലും കൊടുക്കണമെന്ന് തോന്നി…. സുഹൃത്ത് ആക്കി… വിദ്യ യോട് മോളെ കുറിച്ച് പറയുന്ന കൂട്ടത്തിൽ പുതിയ സൗഹൃദത്തിന്റെ കഥകളും പറഞ്ഞു തുടങ്ങി….
സൗഹൃദം വച്ച് നീട്ടിയപ്പോഴും എപ്പോഴും ഒരു അകലം വച്ചിരുന്നു അവൾ തന്നെ….. പതിയെ പതിയെ പൊടി മോള്ക്ക് നല്ലോരു അമ്മയായി…. ഇവിടെ അച്ഛനും അമ്മയ്ക്കും നല്ലൊരു മകളായി…. ചേച്ചിക്ക് നല്ലൊരു അനിയത്തി ആയി…… ഓരോ ദിവസവും അടുപ്പം കൂടി കൂടി വന്നു…. അല്ലെങ്കിലും ആര്‍ക്കും സ്നേഹിക്കാതിരിക്കാനാവില്ല അവളെ… അടുത്ത് അറിയുന്ന ആര്‍ക്കും….. അത്രയും പാവമാണ്….. അമ്മയുടെ മുഖത്തും ഇപ്പോൾ പണ്ടത്തെക്കാളും തെളിച്ചം ഉണ്ട്….

എല്ലാവരോടും ഉള്ള സ്നേഹവും കരുതലും കാണുമ്പോൾ വല്ലാത്തൊരു ബഹുമാനം ആയിരുന്നു തോന്നിയത്… അവളുടെ വീട്ടിലും അവൾ തന്നെയാണ് താരം… പ്രത്യേകിച്ച് അനിയത്തി കുട്ടിക്ക്….. ചേച്ചി യെ കുറിച്ച് പറയാന്‍ നൂറു നാവാണ്…

ആദ്യമായി അവളെ കണ്ണു ചിമ്മാതെ നോക്കി നിന്നത് മോള് അമ്മേ എന്ന് ആദ്യമായി വിളിച്ച നിമിഷം അവളുടെ പ്രവര്‍ത്തികൾ കണ്ടപ്പോഴാണ്…… സന്തോഷം എങ്ങനെ പ്രകടിപ്പിക്കും എന്ന് മനസ്സിലാവാതെ ഓരോന്ന് കാട്ടി കൂട്ടുക ആയിരുന്നു….വല്ലാതെ മനസ്സ് നിറച്ച കാഴ്ച ആയിരുന്നു…. പിന്നീട് പല തവണ……

ഇടയില്‍ എപ്പോഴോ മനസ്സിൽ പതിഞ്ഞു…. പുതിയൊരു ജീവിതം വേണമെന്ന് തോന്നി തുടങ്ങി……

ഇപ്പോൾ അവൾ വീട്ടില്‍ പോയി നിന്ന സമയത്താണ് ഏറ്റവും ശൂന്യത തോന്നി തുടങ്ങിയത്‌…. കൂടെ മോളും ഇല്ല…. അമ്മയും മോളും കൂടിയാല്‍ തന്നെ വീട് ഉണര്‍ന്നു… രണ്ട് പേരും ഇല്ലാതെ വല്ലാത്തൊരു വീര്‍പ്പുമുട്ടുന്ന അവസ്ഥയാണ്…. അത് കൊണ്ടാണ് രണ്ട് പേരെയും കാണാൻ ഇടയ്ക്കിടെ പോകുന്നത്….

മോള്ക്ക് ഒരു പനി വന്നപ്പോൾ കണ്ടതാണ് അവളുടെ മുഖം…. കര്‍മ്മം കൊണ്ട്‌ പൊടി മോള്ക്ക് സ്വന്തം അമ്മ തന്നെയാണ് അവൾ…

വിദ്യ യ്ക്കും ഒരുപാട്‌ സന്തോഷം ആയിക്കാണും…. ഇത്രയും നല്ലോരു അമ്മയെ ഞങ്ങളുടെ മകള്‍ക്ക് കിട്ടിയതിൽ….

അവളുടെ വീട്ടില്‍ ഇന്ന്‌ ചെന്നപ്പോൾ അവൾ വരുമ്പോഴുള്ള മുഖഭാവം കണ്ടപ്പോഴേ എന്തോ പ്രശ്നം ഉള്ളതായി തോന്നിയതാണ്…

അതിഥി പറഞ്ഞപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്….നല്ല ദേഷ്യം തോന്നി, വല്ലവരും പറയുന്ന കേട്ട് തല കുനിച്ച് വന്നതിന്….

ഇതിന് മുമ്പും ഒരിക്കല്‍ ഉപദേശിച്ചത് ആണ്‌. എന്നിട്ടും…. ഒരു സുഹൃത്ത് ആയി തന്നെയാണ് ആശ്വസിപ്പിക്കാൻ ചെന്നത്…

പക്ഷേ എന്റെ നെഞ്ചില്‍ വീണു കരഞ്ഞപ്പോ….. അറിയാതെ തന്നെ അവളുടെ ഭര്‍ത്താവ് ആയിപ്പോയി…..

എന്തോ… ആ സമയത്ത്‌ അങ്ങനെ തന്നെ പറയാന്‍ തോന്നി…. ഉള്‍ക്കൊള്ളുമോ എന്ന് അറിയില്ല…..

ഇപ്പോഴും ആ ഹൃദയത്തിലെ മുറിവുകള്‍ മാഞ്ഞിട്ടില്ല…. ഒരു തരത്തിൽ ശ്രീഹരി നഷ്ടപ്പെടുത്തിയത് ഒരു നിധി തന്നെയാണ്…. അത് തന്റെ കൈയിൽ എത്തിപ്പെട്ടത് ഒരു തരത്തിൽ നന്നായി…..

പക്ഷേ….. ആ മനസില്‍ തന്റെ മകള്‍ക്ക് ഒപ്പം തനിക്കൊരു സ്ഥാനം കിട്ടുമോ എന്നാണ് സംശയം….. സിദ്ധാര്‍ത്ഥ് ചിരിയോടെ ഓര്‍ത്തു…..
_ _ _ _ _ _ __ _ _ __ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _ _
ഇതേ സമയം ആമി യുടെ മനസ്സും മറ്റെന്തൊക്കെയോ ചിന്തകളില്‍ ആയിരുന്നു….. കഴിഞ്ഞ കാലത്തെ വല്ലാതെ ഓര്‍മ്മിപ്പിച്ചു….
സിദ്ധുവേട്ടൻ എന്തായിരിക്കും അങ്ങനെ ഒക്കെ പറഞ്ഞത്? ചിലപ്പോൾ തന്നെ ആശ്വസിപ്പിക്കുവാൻ വേണ്ടി ആകാം…. പക്ഷേ……. എന്തായാലും ഇനിയൊരു പരീക്ഷണം ജീവിതത്തിൽ ഇല്ല. ഹൃദയം കൊടുത്തു സ്നേഹിച്ചവര്‍ പാതി വഴിയില്‍ കൈവിട്ടതാണു. വയ്യാ… ഇനിയും…. മോളുടെ അമ്മയായാണ് ആ വീട്ടിലേക്ക് കയറിയത്…. അങ്ങനെ തന്നെ ആയിരിക്കും ഇനി അങ്ങോട്ടും…..

മോളുടെ വിളിയാണ് ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്. വേഗം തന്നെ മോള്ക്ക് ഭക്ഷണവും മരുന്നും കൊടുത്തു….. മാമന്‍മാരുടെ കുട്ടികൾ ഒക്കെ വന്നിട്ടുണ്ട്. അവരുടെ കൂടെയാണ് കളി.. കല്യാണത്തിനു ഇനി രണ്ട് ദിവസം അല്ലെ ഉള്ളൂ… നാളെ സിദ്ധുവേട്ടൻ അച്ഛനെയും അമ്മയെയും കൂട്ടി തന്നെ വരാം എന്നാണ് നേരത്തേ തന്നെ പറഞ്ഞിരുന്നത്…

 

അന്നത്തെ ദിവസം ഓരോരോ കാര്യങ്ങളില്‍ ആയി കടന്നു പോയി.
പിറ്റേന്ന്‌ രാവിലെ തന്നെ സിദ്ധുവേട്ടനും അച്ഛനും അമ്മയും വന്നു…. സിദ്ധുവേട്ടനെ നോക്കാന്‍ എന്തോ ഒരു മടി പോലെ…. കൂടുതലും മുമ്പില്‍ പെടാതെ മാറി നിന്നു. പക്ഷേ ആളുടെ പെരുമാറ്റത്തില്‍ പ്രത്യേകം ഭാവവ്യത്യാസം ഒന്നും ഇല്ല… ഇനി ഇന്നലെ അങ്ങനെ ഒക്കെ എനിക്ക് തോന്നിയതാണോ… ?
ഏയ്…..തോന്നിയത്‌ ഒന്നുമല്ല…..
ഇതേ സമയം ആമി യുടെ മുഖത്തെ ഭാവ വ്യത്യാസങ്ങൾ നോക്കി, മറഞ്ഞ് നിന്ന് ചിരി അടക്കുകയായിരുന്നു സിദ്ധു….

 

 

കല്യാണ ദിവസം അതിഥി യെ വളരെ ഭംഗിയായി തന്നെ അണിയിച്ചൊരുക്കി. ചുവപ്പ് നിറത്തില്‍ ഉള്ള പട്ട് സാരി യില്‍ കല്യാണ വേഷത്തിൽ അതിഥിയെ കണ്ടു എല്ലാവരുടെയും കണ്ണ് നിറഞ്ഞു…. ഇനി വീട്ടിലെ അതിഥി ആയി മാറുകയല്ലേ…. എല്ലാവരോടും നിറകണ്ണുകളോടെ അനുഗ്രഹം വാങ്ങി. ആമി യുടെ മുന്നില്‍ എത്തിയപ്പോൾ പിടിച്ചു നിൽക്കാൻ ആയില്ല. ചേച്ചിയും അനിയത്തിയും കരഞ്ഞു, കൂടെ മറ്റുള്ളവരെയും കരയിച്ചു . സിദ്ധു ചേര്‍ത്തു പിടിച്ചു അതിഥിയെ…..
അഭിയുടെ കൂടെ സ്വന്തം ചേട്ടൻ ആയി സിദ്ധുവും ഉണ്ടായിരുന്നു എല്ലാറ്റിനും…. ഇതിനിടയിൽ സിദ്ധുവിന്റെ കണ്ണുകൾ പല തവണ ആമി യെ തേടി എത്തി…. ഇത്തവണ വളരെ കൃത്യമായി ആമി അത് കാണുകയും ചെയ്തു…. പക്ഷേ, ആമിക്ക് എന്തോ ഒരു തരം അസ്വസ്ഥതയാണ് തോന്നിയത്‌…. ഒന്നും അംഗീകരിക്കാന്‍ പറ്റുന്നില്ല…. കല്യാണം കഴിഞ്ഞ് ഇത്രയും മാസങ്ങൾ ആയിട്ടും ഒരിക്കല്‍ പോലും സിദ്ധുവേട്ടൻടെ ജീവിതത്തിൽ ഒരു സ്ഥാനം ഉണ്ടാക്കി എടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലും ഇല്ല…. എന്നും  മോളെ കുറിച്ച് മാത്രമേ ചിന്തിച്ചിട്ടുള്ളൂ… ഇനിയും അങ്ങനെ തന്നെ മതി…. പലതും തീരുമാനിച്ച് ഉറപ്പിച്ചു മനസ്സിൽ….

യാത്ര പറച്ചിലും കരച്ചിലും ഒക്കെ കഴിഞ്ഞ് അതിഥി പോയി…
വീട്ടിലോട്ടു പോയി… വല്ലാത്തൊരു ശൂന്യത….. ഇനിയിപ്പോൾ രാത്രി നിഷാന്ത് ന്റെ വീട്ടിലേക്ക് പോകണം….. ഞാനും അതിഥി യും ഒന്നിച്ച് കിടന്നിരുന്ന മുറിയിലേക്ക് പോയി….. വല്ലാതെ സങ്കടം വരുന്നു….. വീട്ടില്‍ മറ്റാരെക്കാളും അടുപ്പം അവളോട് ആണ്…. വീട്ടില്‍ ഇനി അമ്മ തനിയെ ആണല്ലോ ദൈവമേ….. അത് ആലോചിക്കുംപോൾ…….
അഭിയേട്ടനും പെട്ടെന്ന് തന്നെ ഒരു പെണ്ണിനെ കണ്ടു പിടിക്കണം. അമ്മയ്ക്ക് ഒരു കൂട്ടെൻകിലും ആകുമല്ലോ…. ഇങ്ങനെ ഓരോന്ന് ചിന്തിച്ച് നെടുവീര്‍പ്പിടുമ്പോഴാണ് സിദ്ധുവേട്ടൻ മോളെയും കൊണ്ട്‌ മുറിയിലേക്ക് വന്നത്…..
“എന്താണ് ഒരു ആലോചന…..?”
“അത്…. അത് ഒന്നുമില്ല…. ഞാൻ വെറുതെ….അതിഥി…..”
മുഖത്ത് നോക്കാതെ ഇങ്ങനെ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു….
“ആമി മുഖത്ത് നോക്കി സംസാരിക്കൂ…. എന്തിനാണ് മടിക്കുന്നത്..?”
സിദ്ധുവേട്ടൻ മുഖത്തോട് നോക്കി തന്നെ പറഞ്ഞു…. എനിക്ക് പറയാന്‍ ഒന്നും ഇല്ലായിരുന്നു….. മറുപടി പറയാതെ തലയും കുനിച്ച് നിന്നു….
” ആമിയുടെ മനസില്‍ എന്താണെന്ന് എനിക്ക് അറിയാം…. മോളുടെ അമ്മയായി പിന്നീട് എപ്പോഴോ എന്റെ മനസില്‍ താന്‍ കയറിയിട്ടുണ്ട്…. പക്ഷേ ഞാൻ നിര്‍ബന്ധിക്കില്ല… Take your time….. Accept ചെയ്യാൻ സമയം വേണം എന്ന് അറിയാം…. പക്ഷേ…. ശ്രമിക്കണം… ശ്രമിക്കാതെ നില്‍ക്കരുത്…. ”
ഇത്രയും പറഞ്ഞു കൊണ്ട്‌
സിദ്ധുവേട്ടൻ പുറത്തേക്ക്‌ പോയി…. എന്തു വേണം എന്നറിയാതെ ഞാൻ അവിടെ കട്ടിലില്‍ ഇരുന്നു….

 

 

(തുടരും)

 

21 Comments

  1. നല്ല സ്റ്റോറി, ഒരുപാട് പേജ് ഇല്ലെങ്കിലും ഒരുപാട് ഇഷ്ട്ടമാണ് ഇത് വായിക്കുവാൻ ???

    1. ഒത്തിരി നന്ദി ❤️❤️❤️

  2. ഈ സൈറ്റിലെ ഏറ്റവും മനോഹരമായ കഥകളിൽ ഒന്നാണ് ഈ ചെറു കഥ , പേജുകളുടെ അഭാവം മൂലം ശ്രദ്ധിക്കപ്പെടാതെ പോകുന്നു…. ?
    എന്ത് തന്നെയായാലും കഥാകൃത്തിന് അഭിനന്ദനങ്ങൾ ???

    1. ഒത്തിരി നന്ദി ❤️❤️❤️

  3. “Most underrated story in this site”

    നല്ല എഴുത്ത്, നല്ല കഥ, ബെസ്റ്റ് കഥാപാത്രങ്ങൾ എന്ത്കൊണ്ടും ഇ സൈറ്റിലെ ഒരു മികച്ച കഥ…

    1. ഒരുപാട് നന്ദി ❤️❤️❤️

  4. കോഴിക്കള്ളൻ

    ഉറപ്പായിട്ടും ഈ കഥ ഈ സൈറ്റിലെ മറ്റൊരു അണ്ടർ റേറ്റഡ് സ്റ്റോറി ആയിട്ട് ഇരിക്കും………..സെയിം ഒതെറിന്റെ “കഥാപാത്രം” എന്ന കഥപോലെ…….ലൈക് ഉം കമന്റും ഇല്ലാതെ ഇതും ഒരു മൂലയ്ക്ക് ഇരിക്കും………വലിയ കഥകൾക്ക് മാത്രം കമന്റ് ഇടുന്നവർ ഈ കഥയ്ക്കും നല്ല സപ്പോർട്ട് കൊടുക്കണം

    ഒറ്റ പേജ് ഇടുന്നതിനു പകരം പേജുകളായി ഇട്ടാൽ കുറച്ചുകൂടി റീച് കിട്ടും…….പോപ്പുലർ സ്റ്റോറിസിൽ കയറാൻ പറ്റും………..അതിലുള്ള സ്റ്റോറീസ് മാത്രം വായിക്കുന്ന കുറച്ചുപേരുണ്ടിവിടെ

    റീച് കുറവാണെന്ന് കരുതി നിർത്തിപോവരുത്

    1. ഒരുപാട് നന്ദി …… പേജുകളുടെ എണ്ണം എങ്ങനെയാണ് കൂട്ടുക ? ഞാൻ ഇവിടെ അധിക നാൾ ആയിട്ടില്ല എഴുതാൻ തുടങ്ങിയിട്ട് …. അതിന്റെതായ പ്രശ്നങ്ങൾ ഉണ്ട്‌ ….? പേജുകളുടെ എണ്ണം എങ്ങനെ കൂട്ടാം എന്ന് പറഞ്ഞു തരാമോ ?

      1. കോഴിക്കള്ളൻ

        ഡിയർ സഫു എനിക്കത് ശെരിക്കും അറിയില്ല എങ്കിലും കേട്ടറിവ് വെച്ചിട്ട് പറയാം

        നമ്മൾ കഥ കോപ്പി പേസ്റ്റ് ചെയ്യുന്ന wall ന് മുകളിൽ ഒരു ഓപ്ഷൻ ഉണ്ടെന്ന് കേട്ടിട്ടുണ്ട്…… നമുക്ക് എവിടെയാണോ പേജ് ബ്രേക്ക്‌ ഇടേണ്ടത് അവിടെ പോയിന്റ് ചെയ്തിട്ട് മുകളിലെ പേജ് ബ്രേക്കർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്‌താൽ അവിടെ ഒരു പേജ് ബ്രേക്ക്‌ വരും… അങ്ങനെ ഒരുപാട് ബ്രേക്ക്‌ ഇടുന്നതിലൂടെ കൂടുതൽ പേജ്അ ആവും പോസ്സിബിൾ ആവും

        ഇവിടെ പരിജയം ഉള്ള ഓഥേഴ്‌സ് ഉണ്ടെങ്കിൽ അവരോട് ചോദിച്ചു നോക്ക്…… ഇല്ലെങ്കിൽ കുട്ടൻ ഡോക്ടറോട് ചോദിച്ചു നോക്ക്

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. ❤️❤️❤️

  6. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ❤️❤️❤️

    1. ❤️❤️❤️

    1. ❤️❤️❤️

  7. ഭീഷമർ

    നന്നായിട്ടുണ്ട് ബ്രോ ❤️❤️❤️❤️???

    1. Thanks bro ❤️❤️❤️

  8. രൂദ്ര

    1. ❤️❤️❤️

Comments are closed.