ലിസയുടെ സ്വന്തം…!! 98

Views : 31828

ആകെയൊരു പരവേശം… അമ്മച്ചിയെ ഓർമ്മ വന്നു..ഞാൻ പ്രാർത്ഥനാ മുറിയിലേക്ക് നടന്നു..
അവിടെ മാതാവിന്റെ തിരുസ്വരൂപത്തിന് മുന്നിൽ കണ്ണീരോടെ പ്രാർത്ഥിച്ചു..

“കൊച്ചേ ജീവിതത്തിൽ എന്തു പ്രശ്നമുണ്ടായാലും ആ മുമ്പിൽ അങ്ങനെ മനസുരുരുകി പറഞ്ഞാൽ മതി..
കൈവിടത്തില്ല..നമുക്ക് വിധിച്ചതാണെങ്കിൽ അതു സാധിച്ചു തരും..അല്ലെങ്കിൽ ആ നഷ്ടം സഹിക്കാനുള്ള ക്ഷമയും ധൈര്യവും തരും തീർച്ച… ”

പ്രതിസന്ധി ഘട്ടങ്ങളിലും വിഷമപ്പെടുത്തുന്ന സന്ദർഭങ്ങളിലും അമ്മച്ചി മണിക്കൂറുകളോളം മാതാവിനു മുമ്പിൽ പോയി കൈവിരിച്ചു പ്രാർത്ഥിക്കും..

ഞാൻ പക്ഷേ, ഈശോയുടെ ആളായിരുന്നു ചെറുപ്പം മുതൽ..സന്തോഷമായാലും സങ്കടമായാലും ആ ക്രൂശിതരൂപത്തിന് മുമ്പിൽ പോയി പങ്കു വയ്ക്കും…എന്തു വന്നാലും നാവിൻ തുമ്പിൽ ആദ്യം വരുന്ന വാക്കും അതായിരുന്നു “എന്റെ ഈശോയെ..”എന്ന്..

ഇപ്പോൾ പക്ഷേ, അമ്മച്ചിയെ അനുകരിക്കണമെന്നു തോന്നി..കുറെ നേരം അങ്ങനെ നിന്നു വിഷമങ്ങൾ ഒക്കെ ആ കൈകളിൽ ഏല്പിച്ചപ്പോൾ വല്ലാത്ത ഒരു ആശ്വാസം തോന്നി…മനസിന് ഒരു ധൈര്യം വന്നത് പോലെ..

അമ്മച്ചിയുടെ സ്വരം ഒന്നു കേൾക്കണമെന്നു തോന്നി…ആദ്യത്തെ ബെല്ലിന് തന്നെ അമ്മച്ചി ഫോൺ എടുത്തു..”ഇതെന്നാ…ഞാൻ വിളിക്കുന്നത് കാത്തിരിക്കുവായിരുന്നോ അമ്മച്ചി..”

“അത് എന്നതാന്നറിയാൻ മേല കൊച്ചേ..ഒന്നു രണ്ടു ദിവസങ്ങളായി നിന്നേക്കുറിച്ചു എന്തോ ഒരു ചിന്ത..നിനക്കു എന്തോ ഒരു വല്ലായ്‌മ ഉണ്ടെന്നൊരു തോന്നൽ..നിന്നെ വിളിച്ചു ചോദിക്കാൻ ഒരു മടി..എന്നതാണേലും നീ ഇങ്ങോട്ടു വിളിക്കുമല്ലോ എന്നു കരുതി നോക്കിയിരിക്കുവായിരുന്നു ഞാൻ..”

അമ്മച്ചിയുടെ സംസാരം കേട്ടപ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ…

“എന്നതേലും പ്രശ്നമുണ്ടോ കൊച്ചേ…”

“എന്നാ പ്രശ്നമാ അമ്മച്ചി,അതൊക്കെ അമ്മച്ചിക്ക് തോന്നുന്നതാ..എനിക്കൊരു പ്രശ്നവുമില്ല…അമ്മച്ചി സന്തോഷമായി ഇരുന്നാൽ മതി…ചേച്ചി എന്നാടുക്കുവാ..ചേട്ടായി ജോലിക്കു പോയോ…”

ഒറ്റ ശ്വാസത്തിൽ എല്ലാം ഒരുമിച്ചു ചോദിച്ചു…അമ്മച്ചിയുടെ മറുപടി വരും മുന്നേ ഞാൻ പറഞ്ഞു…”അമ്മച്ചി കുറച്ചു കഴിഞ്ഞു ഞാൻ അങ്ങോട്ടു വിളിക്കാവേ…പിള്ളേര് എണീറ്റു അവർക്ക് കഴിക്കാൻ കൊടുക്കട്ടെ…”

ഇനിയും അമ്മച്ചിയോട് സംസാരിച്ചാൽ സങ്കടം പൊട്ടിപ്പോവും…എല്ലാം തുറന്നു പറഞ്ഞു പോവും..വേണ്ട.അമ്മച്ചി സന്തോഷമായിരിക്കട്ടെ.
അല്ലെങ്കിൽ തന്നെ ജീവിതത്തിൽ സന്തോഷം എന്തെന്നറിഞ്ഞിട്ടില്ല അമ്മച്ചി… ഇനി ഞാനായിക്കൂടെ…വേണ്ട…ആരെയും ഒന്നും അറിയിക്കണ്ട….

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com