ലിസയുടെ സ്വന്തം…!! 98

വരട്ടെ നോക്കാം… ആ നമ്പർ എടുത്ത് ഞാൻ എന്റെ മൊബൈലിൽ സേവ് ചെയ്തു ട്രൂ കോളറിൽ ഇട്ടു നോക്കി..,ജോണിന് പകരം ആനി എന്ന്‌ പേര് തെളിഞ്ഞു വന്നു…

എന്റെ ഉള്ളിൽ സംശയം മുള പൊട്ടി..അതു കണ്ടപ്പോൾ ..എന്തിനാണ് ആനിയുടെ പേര് ജോൺ എന്നു സേവ് ചെയ്തു വച്ചിരിക്കുന്നത്..
മറ്റാരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാനാണെങ്കിൽ അത് എന്നെയല്ലേ…ആളുമായി ദിവസവും ചാറ്റ് ചെയ്യാറുണ്ട് എന്നുറപ്പാണ്,പക്ഷേ ഒറ്റ മെസ്സേജ് പോലുമില്ല…

നേരിട്ടു ചോദിക്കാൻ ഒരു മടി,ഇനി ഇതൊക്കെ എന്റെ സംശയങ്ങളും തോന്നലുകളും മാത്രമാണെങ്കിലോ..ഇച്ചായനെ സംശയിക്കാൻ ഒരു മടി,,അതാണ് സത്യം..

എന്റെ സംശയം സത്യമാണെങ്കിൽ ….,,
തകരുന്നത് എന്റെ ജീവിതമാണ്,എന്റെ കുഞ്ഞുങ്ങളുടെ ഭാവിയാണ്,നഷ്ടപ്പെടുന്നത് എന്റെ ഇച്ചായനെയാണ്,,പതിനൊന്ന് വർഷങ്ങളായുള്ള ഞങ്ങളുടെ സ്വർഗ്ഗമാണ്..!!

ഞാൻ രണ്ടും കല്പിച്ചു ചോദിക്കാൻ തീരുമാനിച്ചു

“ആരാ ഇച്ചായാ…ഈ ജോൺ,ഇന്ന് വരെ അങ്ങനെയൊരാളെക്കുറിച്ച്‌ ഇച്ചായൻ പറഞ്ഞു കേട്ടിട്ടില്ലല്ലോ അതു കൊണ്ടു ചോദിച്ചതാ…”
അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് ഞാൻ ചോദിച്ചത് ,എന്റെ നോട്ടം ആ കണ്ണുകളിൽ തന്നെയായിരുന്നു..

പെട്ടെന്നൊരു ഞെട്ടൽ ഞാൻ വ്യക്തമായി കണ്ടതാണ്…വേഗം തന്നെ അതിവിദഗ്ധമായി ആ ഭാവം മറച്ചു കൊണ്ടു വളരെ നിസ്സാരമായി എന്നോട് മറുചോദ്യം ചോദിച്ചു…”ഏതു ജോൺ..”

പിള്ളേരെ ഒന്നു നോക്കിക്കൊണ്ടാണ് ഞാൻ സാവധാനം പറഞ്ഞത്.. “ഇച്ചായന്റെ ഫോണിൽ പുതിയതായി ആഡ് ചെയ്തിരിക്കുന്ന നമ്പർ..
വാട്‌സ്ആപ്പിലും ഉണ്ടെന്നു തോന്നുന്നു…”

“ഓ അതോ..അത് എന്റെ ക്ലാസ് മേറ്റായിരുന്നു പത്താം ക്ലാസ് വരെ..പത്ത് കഴിഞ്ഞു ഇവിടുത്തെ വീടും സ്ഥലവും വിറ്റു പോയി…
കുറേനാളത്തെക്കു ഒരറിവുമില്ലായിരുന്നു..
ഈയിടയ്ക്കാണ് നമ്പർ കിട്ടിയത്…”

എത്ര സമർഥമായാണ് ഇച്ചായൻ നുണകൾ പറയുന്നത്…

“എന്നിട്ടു നിങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഒന്നും കണ്ടില്ലല്ലോ ഈ ജോണിനെ..”