യക്ഷയാമം (ഹൊറർ) – 17 32

“ഞാൻ പറഞ്ഞതാ ആവശ്യമില്ലാത്ത കാര്യങ്ങളിൽപോയി തലയിടരുതെന്ന്.”
ദേഷ്യത്തോടെ തിരുമേനി പറഞ്ഞു.

അംബികചിറ്റ ലോട്ടയിൽ വെള്ളമെടുത്ത് അവളുടെ മുഖത്തേക്ക് തെളിച്ചു.

പതിയെ മിഴികൾ തുറന്നതല്ലാതെ മറുത്തൊന്നും ഗൗരി പറഞ്ഞില്ല.

“ന്താ അച്ഛാ ണ്ടായേ..?”
ലോട്ടയുമായി നിന്ന ചിറ്റ ചോദിച്ചു.

അടഞ്ഞുകിടന്ന ഗൗരിയുടെ കണ്ണുകൾ തിരുമേനി തുറന്നുനോക്കിയിട്ട് പറഞ്ഞു.

“മ്… ന്തോ കണ്ട് പേടിച്ചതാ. ”

അമ്മുവിന്റെ മിഴകൾ നിറഞ്ഞൊഴുകുന്നതുകണ്ട ചിറ്റ അവളെ മാറോട് ചേർത്തുപിടിച്ച് സമാധാനിപ്പിച്ചു.

“മോള് വല്ലതും കഴിച്ചായിരുന്നോ അംബികേ..”
കട്ടിലിൽ ഇരുന്നുകൊണ്ട് തീരുമേനി ചോദിച്ചു.

“ചായയും പലഹാരവും കഴിച്ചു. അത്താഴം കഴിച്ചിട്ടില്ല്യാ.”

“മ് ”

തിരുമേനി ഗൗരിയുടെ നെറ്റിയിൽ പിടിച്ചുകൊണ്ട് സരസ്വതിയെ പ്രാർത്ഥിച്ചു.

യാ കുംദേംദു തുഷാര ഹാരധവളാ
യാ ശുഭ്ര വസ്ത്രാന്വീതാ
യാ വീണ വരദംഡ മാംഡിതകരാ
യാ ശ്വേത പദ്മാസനാ..
യാ ബ്രഹ്മാചൂൃത ശംകര പ്രഭൃതി ഭി:
ദേവൈസ്സദാ പൂജിതാ.
സാ മാം പാതു സരസ്വതി ഭഗവതീ
നിശ്യേഷജാഡ്യാ പാഹാ

പതിയെ ഉറക്കത്തിലേക്ക് വഴുതിവീണ ഗൗരിയെ പുതപ്പുകൊണ്ട് പുതച്ച് കിടത്തി അവർ താഴേക്ക് ഇറങ്ങിപ്പോയി.

രാത്രിയുടെ മഹായമം തുടങ്ങിയനിമിഷം കിഴക്കേ ജാലകത്തിനടുത്ത് ഒരു മൂങ്ങ വന്നിരുന്നു.
കഴുക്കോലിന്റെ മുകളിൽ നിന്ന് ശിൽക്കാരം മീട്ടുന്നശബ്ദം കേട്ട് അമ്മു പെട്ടന്നെഴുന്നേറ്റു നോക്കി. അവിചാരിതമായി ഒന്നുതന്നെ അവൾക്ക് കാണാൻകഴിയാത്തതുകൊണ്ട് അവൾ വീണ്ടും നിദ്രയിലേക്ക് വീണു.