The Shadows – 1 (Investigation Thriller) 47

അയാൾ തിരിച്ചും ഒരു സന്ദേശമയച്ചു.
ശേഷം ഭക്ഷണം കഴിച്ച് ബെഡിലേക്ക് വീഴുമ്പോൾ സമയം പുലർച്ച മൂന്നുമണി കഴിഞ്ഞിരുന്നു

തൃക്കാക്കര ജനമൈത്രി പോലീസ് സ്റ്റേഷൻ.
സമയം രാവിലെ 6 മണി

കോൺസ്റ്റബിൾ രവി സ്റ്റേഷനിൽ വന്നുകയറി ഫ്ലാസ്കിൽ നിന്നും ഒരുകപ്പ് ചായയെടുത്തു കുടിക്കാൻ നിൽക്കുമ്പോഴാണ് ഓഫീസ് ഫോൺ നിറുത്താതെ ബെല്ലടിക്കുന്നത്.

ഫോണെടുത്ത കോൺസ്റ്റബിൾ രവിയുടെ മുഖഭാവം മാറാൻ നിമിഷങ്ങൾ മാത്രമേ വേണ്ടിവന്നൊള്ളൂ.

റെസീവർ താഴെ വച്ചിട്ട് അയാളുടെ പോക്കെറ്റിൽ നിന്നും മൊബൈൽ ഫോണെടുത്ത് എസ് ഐ ജയശങ്കറിനെ വിളിച്ചു.

“സർ, ഗുഡ് മോർണിംഗ്.”

“എന്താടോ രവി രാവിലെതന്നെ?”
മറുവശത്ത് നിന്ന് ചോദ്യം ഉയർന്നു.

“സർ, സീ പോർട്ട് എയർപോർട്ട് റോഡിലെ ഇന്ദിരാ വിമൻസ് ഹോസ്റ്റലിലെ മെസ്സിൽ ഒരു പെൺകുട്ടി തൂങ്ങിമരിച്ചനിലയിൽ കണ്ടു.”

“ഓഹ്..രാവിലെതന്നെ പണിയണല്ലോ രവി. ശരി താൻ ജീപ്പ് അയക്ക് ഞാൻ അപ്പോഴേക്കും റെഡിയാവട്ടെ.”

“ഉവ്വ് സർ,”
ഫോൺ വച്ചിട്ട് കോൺസ്റ്റബിൾ രവി എസ് ഐ ജയശങ്കറിന്റെ വീട്ടിലേക്ക് പോസ്‌ലീസ്‌ ജീപ്പ് അയച്ചു.

അരമണിക്കൂറിനകം എസ് ഐ ജയശങ്കറും സംഘവും ഇന്ദിരാ വിമൻസ് ഹോസ്റ്റലിൽ എത്തി.

അപ്പോഴേക്കും ഹോസ്റ്റലിനുചുറ്റും ജനങ്ങൾ തിങ്ങിക്കൂടിയിരുന്നു.
ജീപ്പിൽ നിന്നിറങ്ങിയ ജയശങ്കർ ചുറ്റിലും ഒന്നുനോക്കി.

“രവി, എവിടെയാണ് ബോഡി.?”

ചുറ്റിലും കണ്ണോടിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.