തർപ്പണം 18

തർപ്പണം | Tharppanam

Author : Sajeev Sundaran‎

 

പ്രവാസജീവിതത്തിലേയ്ക് കടന്നിട്ടു ഇന്നേക്ക് ഒരു വർഷവും ഒരു മാസവും ആകുന്നു.. ആർഭാടലോകത്തെ ആർഭാട ജീവിതം സ്വപ്നം കണ്ടെത്തിയ തനിക്ക് വിധി വേറൊന്നായിരുന്നു.. ഒരിക്കലും ഇത്തരം ഏകാന്തതടവ് പ്രതീക്ഷിച്ചിരുന്നില്ല.. മറ്റുജോലിക്കൊന്നും പോകുകയോ അതിനു ശ്രമിക്കാതെയോ രാഷ്ട്രീയം കളിച്ചു നടന്നു എക മകനായിട്ടുകൂടി ആകെയുള്ള അമ്പതുസെന്റിൽ അഞ്ചുസെന്റ് വിറ്റു വീണ്ടും വിൽക്കേണ്ട ഗതികേടിൽ നിൽകുമ്പോൾ ഭക്ഷണവും താമസവും കഴിഞ്ഞു നാട്ടിലെ മുപ്പതിനായിരം രൂപ മാസശമ്പളവും തന്നെ മോഹിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.. അതും വിസയ്ക്ക് പണമൊന്നും കൊടുക്കേണ്ട വിമാനക്കൂലിയും ഏജന്റിന് പതിനായിരം രൂപയും കൊടുത്താൽ മതി. ഒരു കൈത്തൊഴിലും പഠിച്ചിട്ടില്ലാത്ത തനിക്ക് ഗൾഫിൽ ഒരു ജോലി. അതും സുൽത്താന്റെ വീട്ടിൽ അതും ഒരു ഭാഗ്യമായി തന്നെ എല്ലാവരും കരുതി…. നാട്ടിലാണെങ്കിൽ പണ്ടൊക്കെ കുറേതെങ്ങാ കിട്ടുന്നത് കൊണ്ട് കാര്യങ്ങൾ നടന്നുപോകുമായിരുന്നു ഇപ്പോളാണെങ്കിൽ കായ്‌ഫലം തീരെകുറഞ്ഞു കിട്ടുന്നതുകൊണ്ടു ഒന്നിനും ഒക്കാത്ത അവസ്ഥ.. ഭാര്യയ്കു ഒരു ചെറിയ കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലിയുള്ളതുകൊണ്ടു പട്ടിണിയില്ലാതെ പോകുന്നു.. രണ്ടു കുട്ടികൾ ഉള്ളത് ചെറിയ ക്ലാസ്സിൽ പഠിക്കുന്നു എങ്കിലും ചിലവ് കൂടിക്കൂടി വരുന്നു..
ഒരു പണിക്കും പോകാതെ രാഷ്ട്രീയം കളിച്ചുനടക്കുന്നതു കൊണ്ടും ഭാര്യ വീട്ടുചെലവ് നടത്തുന്നതുകൊണ്ടും അവളുടെ ദേഷ്യം കൂടിക്കൂടി വരുന്നു ചിലപ്പോളൊക്കെ ചെറിയകാര്യങ്ങൾ വീട്ടിൽ വലിയ വാഴക്കായിത്തീരുന്നു.. രാത്രിയിൽ കുട്ടികൾ ഉറങ്ങിക്കഴിഞ്ഞു വലിയ ആഗ്രഹം ഉണ്ടെങ്കിലും അവളെ ഒന്ന് തൊടാൻ പോലും പേടിച്ചു അവൾ പൊട്ടിത്തെറിക്കുമോ എന്നു പേടിച്ചു ആഴ്ചകളോളം ആഗ്രഹമടക്കിപിടിച്ചു കിടന്നുറങ്ങിയിരിക്കുന്നു.. അങ്ങനെ എന്തെല്ലാം ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയി…
ചിലസമയത്തു അവളെ മനസിലാകാതെയും പോകാറുണ്ട്.. രാഷ്ട്രീയത്തിൽ പാർട്ടിയുടെ ലോക്കൽ നേതാവായതുകൊണ്ടു പലകാര്യങ്ങളും സാധിക്കുന്നതിനായി ഞാൻ അറിയുന്നതും അറിയാത്തതുമായ ഒത്തിരി ആളുകൾ വീട്ടിൽ വരാറുണ്ട്.. പലപ്പോളും ദേ.. ഒരാൾ കാണാൻ വന്നിരിക്കുന്നു എന്ന് പറഞ്ഞു അവൾ രാവിലെ വിളിച്ചെഴുന്നേല്പിക്കുമ്പോൾ പല ദിവസവും അവൾക്കു പല ഭാവമാണ്..
ചില ദിവസങ്ങളിൽ അവളുടെ മുഖത്ത് അഭിമാനമാണ് കാണുന്നതെങ്കിൽ ചില ദിവസം. ദേ.. ആരാണ്ടും കാണാൻ വന്നിരിക്കുന്നു. എന്ന് പറഞ്ഞു പുശ്ച്ചഭാവം ആയിരിക്കും. ചില ദിവസങ്ങളിൽ ദേഷ്യത്തോടെ ആയിരിക്കും..
ഖത്തർ എയർപോർട്ടിൽ വിമാനമിറങ്ങുമ്പോൾ പറഞ്ഞിരുന്നപോലെ തന്നെയും കാത്തു ആളും വണ്ടിയും ഉണ്ടായിരുന്നു.. ആള് മലയാളിയാണെങ്കിലും പേരെന്താ നാടെവിടെയാ എന്ന് ചോദിച്ചപ്പോൾ തീരെ തപര്യമില്ലാത്ത മട്ടിൽ ഖാദർ എന്നാണെന്നും തൃശൂർ ആണെന്നും പറഞ്ഞു.. ആളുടെ മുഖഭാവം കണ്ടിട്ട് കൂടുതലൊന്നും ചോദിക്കാൻ തോന്നിയില്ല
അംബരചുംബികളായ കോൺക്രീറ്റ് കെട്ടിടങ്ങളുടെ വർണ്ണ ക്കാഴ്ചകൾക്കിടയിലൂടെ എട്ടുവരിയും പത്തുവരിയും ഒക്കെ നീങ്ങുന്ന ആഡംബര വാഹനങ്ങൾ.. അതോടൊപ്പം തന്റെ മനസ്സും ചലിച്ചു തുടങ്ങി..

1 Comment

  1. വായിച്ചു സുഹൃത്തെ നല്ല കഥ ആണ്
    ദയവായി ഇനിയും എഴുതുക

Comments are closed.