“എന്റെ തന്നെ ജീവനെയാണ് ദേവിക്ക് നൽകുന്നത് നാഥാ ഈ അവസാന യാമവും കഴിഞ്ഞാൽ എന്നെ തനിച്ചാക്കി നീ യാത്രയാക്കുകയാണ്”…
“നാളത്തെ സൂര്യോദയം കഴിഞ്ഞാൽ നിന്നിൽ എനിക്കുള്ള അവസാന അവകാശവും നഷ്ടപ്പെടുകയാണ്…. നാടിനും പ്രജകൾക്കും വേണ്ടി ജീവത്യാഗം ചെയ്യ്ത വീരനായകന്റെ വീരചരിതം സാമന്തപഞ്ചകത്തിലെ വരും തലമുറയിലെ ഓരോ പിഞ്ചു പൈതലും പാടി പുകഴ്ത്തും….അത് കേട്ട്
സാമന്തപഞ്ചകത്തിലെ ഓരോ മണൽത്തരിയും കോരിത്തരിക്കും..
പക്ഷേ എന്റെ ജീവന്റെ തുടിപ്പും ചൈതന്യവുമാണ് കരളുപറിക്കുന്ന വേദനയോടെ എന്നിൽ നിന്നും പറിച്ചെടുക്കുന്നതെന്ന സത്യം ഈ ലോകമറഞ്ഞിട്ടും അറിഞ്ഞില്ല എന്ന് ധരിക്കുകയാണ് നാഥാ”…
യോഗിതയുടെ കണ്ണീരിനാൽ കുതിർന്ന വാക്കുകൾക്ക് മുന്നിൽ എന്ത് പറയണമെന്നറിയാതെ ശതാനീകന്റെ നെഞ്ച് തകർന്നു പോയി…
“നീ എനിക്ക് നൽകിയ കളങ്കമില്ലാത്ത സ്നേഹത്തിന് പകരമായി എന്റെ ജീവൻ പോലും നൽകാൻ അവകാശമില്ലാത്ത അടിമയായി മാറിയിരിക്കുന്നു ഞാൻ.. എങ്കിലും പ്രിയേ എന്താണ് അവസാനമായി ഞാൻ നിനക്കായി നൽകേണ്ടത്?”…..
തേങ്ങി കരയുന്ന ഇടറിയ ശബ്ദത്തിൽ യോഗിത ശതാനീകന്റെ ചെവിയിൽ മന്ത്രിച്ചു…
“നിന്റെ പാതി എന്റെ ഉദരത്തിൽ നിക്ഷേപിക്കുക..ഈ ജന്മം മുഴുവൻ ഓർത്തിരിക്കാൻ എനിക്ക്
മറ്റൊന്നും വേണ്ട”……………
രാത്രിയുടെ യാമങ്ങൾ പോയതറിയാതെ പ്രകൃതിയുടെ ലിഖിത നിയമങ്ങളിൽ ഇനിയൊരു കുടിച്ചേരലുകൾ ഉണ്ടാകില്ല എന്ന ഉത്തമ ബോധ്യത്തോടെ അവസാന യാമത്തിന്റെ മടിത്തട്ടിലേക്ക് ഒരു മെയ്യോടെ അവർ ആഴ്ന്നിറങ്ങി…
അതെ യാമത്തിൽ
ചന്ദ്രമുഖിയുടെ അടിത്തട്ടിൽ ചില അപശബ്ദങ്ങളും ഭാവമാറ്റവും പ്രകടമായിരിക്കുന്നു…
ഏതോ ദുരന്തത്തിന്റെ മുന്നൊരുക്കം പോലെ കുറുനരികളുടെയും കാട്ടുനായകളുടെയും നിർത്താതെയുള്ള ഓരിയിടൽ മായാസുരന്റെ മാറിൽ തട്ടി പ്രേതിധ്വനിച്ചു കൊണ്ടിരുന്നു ………
…………………………….
ഹോമകുണ്ഡത്തിൽ നിന്നും ഉയരുന്ന അഗ്‌നിയിലേക്ക് നെയ്യും മലരും നിവേദ്യവും അർപ്പിച്ചു പുരൂരവസ് ഉച്ചത്തിൽ മന്ത്രങ്ങൾ ഉരുവിടുകയാണ്………
നെറ്റിയിൽ കുങ്കുമം ചാർത്തി നിരനിരയായി നിർത്തിയിരിക്കുന്ന നൂറ്റിയൊന്ന് കാളക്കുട്ടന്മാർ…..
അന്തരീക്ഷത്തിൽ ഉയർന്നു കേൾക്കുന്ന മന്ത്രധ്വനികൾക്ക് കൊഴുപ്പുകൂടാൻ ശിവതാളലയമായ ഡമരുവും കൂടെ വലംപിരി ശംഖിന്റെ ഭേരിമുഴക്കവും. ബലിപീഠത്തിന്റെ അരികിൽ സൂര്യന്റെ പൊൻകിരണങ്ങൾ ഏറ്റു വെട്ടിത്തിളങ്ങുന്ന ഇരുതല മൂർച്ചയുള്ള കൊടുവാൾ….
ദേവിപ്രസാദത്തിനായി ദിവ്യബലി കഴിഞ്ഞിരിക്കുന്നു ഇനി മൃഗബലി……