സാമന്തപഞ്ചകം 17

ബലിയാഗത്തറയിലെ വാദ്യമേളഘോഷങ്ങൾ ചെവിയിലേക്ക് അടുക്കും തോറും യോഗിതയുടെ ഇടനെഞ്ചിന്റെ പിടപ്പും വേദനയും കൂടി വന്നു…
അവസാനത്തെ കാളകുട്ടനെയും ബലി നൽകി അതിന്റെ മാംസം പ്രജകൾക്ക് വീതിച്ചു നൽകിയ ശേഷം വൈശമ്പായനൻ നരബലിക്കുള്ള ആജ്ഞ നൽകാൻ ബലിപീഠ തറയിലേക്ക് കയറി നിന്നു..
ഇടംകണ്ണിനാൽ പുരൂരവസിനെ നോക്കി
വൈശമ്പായനൻ ഒന്ന് പുഞ്ചിരിച്ചു…………
ക്രൂരമായ ചതിയിലൂടെ ജയം നേടിയ വിജയിയുടെ പുഞ്ചിരിയായിരുന്നു ആ മുഖത്ത് ആ നിമിഷം പ്രത്യക്ഷപ്പെട്ടത്..
തന്റെ കണ്ണുകൾക്ക് ആനന്ദം നൽകി കൊണ്ട് വാടി തളർന്ന താമരമൊട്ട് പോലെ ബലധാരയുടെ മാറിൽ തളർന്ന് കിടക്കുന്ന യോഗിതയുടെ അംഗലാവ്യണം വൈശമ്പായനനെ കൂടുതൽ ഉന്മാദനും ആവേശഭരിതനുമാക്കി…
താൻ രചിച്ച നാടകത്തിന്റെ പരിസമാപ്തി ആയിരിക്കുന്നു.. പുരൂരവസിന് താൻ വാഗ്ദാനം നൽകിയ സമ്പത്തിന് മുന്നിൽ
രാശിപ്പലകയിലെ ഗ്രഹനിലകളിൽ നരബലിയിൽ സമർപ്പിച്ച രക്താഭിഷേകത്തിന്റെ ചിത്രം താൻ വരച്ചു വെപ്പിച്ചു………………
സാമന്തപഞ്ചകത്തിന്റെ ദുരന്തം എന്ന ദുഃസ്വപ്നത്തിന്റെ കള്ളക്കഥ സുമാദേവിയെ പോലെ സഭ നേതൃത്വവും പ്രജകളും വിശ്വസിച്ചു.. അല്ലെങ്കിൽ അവരെ വിശ്വസിപ്പിക്കാൻ മതനിയമങ്ങളും പേടിപ്പെടുത്തുന്ന അന്ധവിശ്വാസങ്ങളും കൊണ്ട് തനിക്കും പുരൂരവസിനും കഴിഞ്ഞിരിക്കുന്നു………
ശതാനീകന്റെ ഭാര്യയായി യോഗിത സുബലദേശത്തു നിന്നും സാമന്തപഞ്ചകത്തിൽ എത്തിയ നിമിഷം ആ അപ്സര സുന്ദരിയിൽ തന്റെ മിഴികൾ ആകൃഷ്ടനായി……
താൻ മോഹിച്ചവൾ തന്നെ മോഹിപ്പിച്ച സുന്ദരി അവൾ തനിക്ക് മാത്രം സ്വന്തം…….
അതിന് ഏക തടസ്സം ശതാനീകൻ……
ആ തടസ്സം ഒഴിവാക്കാൻ ഇതിലും നല്ല മാർഗം വേറെയില്ല…….
“നരബലി അർപ്പിക്കപ്പെട്ടവന്റെ ഭാര്യയുടെ സംരക്ഷണവും അവകാശവും പ്രജാപതിക്ക് സ്വന്തം എന്ന അലിഖിത നിയമം പുരൂരവസിന്റെ പുരോഹിത നാവിനാൽ സഥാപിച്ചെടുക്കാൻ അധികം പ്രയാസം വേണ്ടി വരില്ല”…..
താളമേളം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരിക്കുന്നു. ഹോമകുണ്ഡത്തിൽ അവസാന നിവേദ്യവും അർപ്പിച്ച ശേഷം
പുരൂരവസ്‌ തന്റെ വലതു കൈ ആകാശത്തിലേക്ക് ഉയർത്തി.. ഒരു നിമിഷം താളമേളങ്ങളും മന്ത്രോച്ചാരണവും ആർപ്പുവിളികളും എല്ലാം അവസാനിച്ചിരിക്കുന്നു..
എങ്ങും കനത്ത നിശബ്ദത…
ആ നിശബ്ദതയിൽ പ്രകൃതിക്ക് മാത്രം കേൾക്കാൻ കഴിയുന്ന രണ്ടേരണ്ടു ശബ്ദം മാത്രം.
“യോഗിതയുടെ വിങ്ങിപൊട്ടുന്ന ഹൃദയത്തിൽ നിന്നും ഉയരുന്ന തേങ്ങലുകളും.
ചതിയിലൂടെ പെണ്ണിന്റെ മനസ്സ് കിഴടക്കാം എന്ന മിഥ്യധാരണയിൽ അട്ടഹസിക്കുന്ന വൈശമ്പായനന്റെ ക്രൂരമായ ഹൃദയത്തിന്റെ താളവും……..
“പെണ്ണിനും പൊന്നിനും മണ്ണിനും അധികാരത്തിനും വേണ്ടി മനുഷ്യന്റെ ചതിയുടെയും
വഞ്ചനയുടെയും
ചരിത്രത്തിന് കാലാന്തരത്തോളം പഴക്കമുണ്ട് “………………….
പൂജിച്ച ഇരുതല മൂർച്ചയുള്ള കൊടുവാൾ പുരൂരവസ്‌ വൈശമ്പായനന് കൈമാറി…….
ബലിപീഠ തറയിലെ ബലിക്കല്ലിലേക്ക് ശതാനീകനെ ആനയിച്ചു കൊണ്ട് വന്നു..