സാമന്തപഞ്ചകം 17

സാമന്തപഞ്ചകം

Saamanthapanchakam Author: അൻസാരി മുഹമ്മദ്‌ കെട്ടുങ്ങൽ

 

ചുട്ടെടുത്ത കളിമൺ കട്ടകളിൽ വർണ്ണചിത്രങ്ങളാൽ പണിതീർത്ത പ്രജാപതിയുടെ വീടിന്റെ അകത്തളങ്ങളിലെ മൺചിരാതിൽ നിന്നും രാത്രിയുടെ മൂന്നാം യാമത്തിൽ വെളിച്ചം തെളിഞ്ഞിരിക്കുന്നു….
ദുഃസ്വപ്നം കണ്ട്‌ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നിരിക്കുന്നു വൈശമ്പായനൻ…
മൺകൂജയിലെ തണുത്ത വെള്ളം ആർത്തിയോടെ കുടിക്കുമ്പോഴും ഭാര്യ സുമാദേവിയുടെ ആധിയോടുള്ള ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ വൈശമ്പായനൻ ജനല്പാളിയിൽ കൂടി പുറത്തേക്ക് നോക്കി..
“രാത്രിയുടെ മുന്നാം യാമം കഴിഞ്ഞിരിക്കുന്നു. പുലർകാലത്ത് താൻ കണ്ട ദുഃസ്വപ്നം യാഥാർഥ്യം ആകുമോ?”…
“എന്റെ നാടും എന്റെ പ്രജകളെയും കാത്തുകൊള്ളുക അഷ്ടദിക്കുകൾ
കാക്കും ചാമുണ്ഡി അമ്മേ”…………….
………………………..
ഗോത്ര സംസ്കാരത്തിൽ നിന്നും മനുഷ്യവംശത്തിന്റെ പ്രയാണം ജനപഥങ്ങളിലേക്കും മഹാജനപഥങ്ങളിലേക്കും അവിടെ നിന്നും അധികാരത്തിന്റെ അളവുകോലിന്റെ അവസാന ബിംബമായ സാമ്രാജ്യങ്ങളുടെ ഉദയത്തിലേക്ക് പ്രവേശിക്കുന്ന കാലഘട്ടം..
മഗധ സാമ്രാജ്യത്തിന്റെ വടക്ക്
ചന്ദ്രമുഖി നദിയുടെ തീരത്ത് മായാസുരമലയുടെ അടിവാരത്ത് പരാശരന്റെ പുത്രൻ വൈശമ്പായനൻ പ്രജാപതിയായ പുതിയ ജനപഥമായി ഉയർന്നു വരികയാണ്‌ സാമന്തപഞ്ചകം…
കൃഷിയും കാലിവളർത്തലുമായി ജീവിക്കുന്ന ഗ്രാമീണ ജനസമൂഹം………
…………………………………….
രാശിപ്പലകയിലെ ഗ്രഹസ്ഥാനങ്ങളിൽ മിഴികൾ വെട്ടാതെ ആലോചനയിൽ മുഴുകിയിരിക്കുകയാണ് മുഖ്യ പുരോഹിതനായ “പുരൂരവസ്‌”
ദിർഘ നേരത്തെ നിശബ്ദതയെ ഭേദിച്ചു
പുരൂരവസിന്റെ ശബ്ദമുയർന്നു…..
“അങ്ങയുടെ ദുഃസ്വപ്നം ഒരു നിമിത്തമാണ് രാജൻ”
“സാമന്തപഞ്ചകത്തിന്റെ നാശത്തിന്റെ മുന്നറിയിപ്പാണ് ”
“കറുത്ത് കലങ്ങി രൗദ്രഭാവം പൂണ്ടുനിൽകുന്ന ചന്ദ്രമുഖി. വിരൂപികളായ മെലിഞ്ഞു നിൽക്കുന്ന ഗോക്കൾ,വട്ടമിട്ടു പറക്കുന്ന കഴുകന്മാർ. ചാപിള്ളകളായി പിറക്കുന്ന കുഞ്ഞുങ്ങൾ എല്ലാം വലിയ ദുരന്തത്തിന്റെ മുന്നൊരുക്കമാണ് പ്രജാപതി”…..
ദീർഘമായ നെടുവീർപ്പിന്റെ ഒടുവിൽ
പതറിയ ശബ്ദത്തിൽ
വൈശമ്പായനന്റെ കണ്ഠത്തിൽ നിന്നും…..
“പുരോഹിത ശ്രേഷ്ഠാ എന്താണ് ഇതിന് ഒരു പരിഹാരം”…..
ഒരു നിമിഷത്തെ മൗനത്തിന് ശേഷം പുരൂരവസ്‌ രാശിപ്പലകയിൽ നിന്നും തലയുയർത്തി സാമന്തപഞ്ചകത്തിലെ സഭാനേതൃത്തത്തിനോടായി പറഞ്ഞു
“അഷ്ടദിക്കുകൾ കാക്കും
സാമന്തപഞ്ചകത്തിന്റെ മാതാ ചാമുണ്ഡി ദേവിയെ
പ്രീതിപ്പെടുത്തുക…..
ദിവ്യബലിയും മൃഗബലിയും നൽകി സാമന്തപഞ്ചകത്തിന്റെ രക്ഷക്കായി വിശാഖം നക്ഷത്രത്തിൽ പിറന്ന പുരുഷപ്രജയുടെ രക്താഭിഷേകം
നടക്കണം അതാണ് ദേവിഹിതം”….
“നരബലി, നരബലി!” കേട്ടവർ പരസ്പരം ചോദിച്ചു…
“പുരോഹിത ശ്രേഷ്ഠാ നരബലി അല്ലാതെ മറ്റൊരു പരിഹാരവുമില്ല?”. വൈശമ്പായനന്റെ ചോദ്യത്തിന്……
“സാമന്തപഞ്ചകത്തിന്റെയും പ്രജകളുടെയും രക്ഷയാണോ അതോ ഒരുവന്റെ ജീവനാണോ പ്രാധാന്യം അത് അവിടന്നു തിരുമാനിക്കാം”….
പുരൂരവസ്‌ മറുപടി നൽകി……
അല്പനേരത്തെ മൗനത്തിന് ശേഷം വൈശമ്പായനൻ പീഠത്തിൽ നിന്നും എഴുന്നേറ്റു സഭയോടായി കല്പിച്ചു…