രക്ത ചിലമ്പ് – 2 33

Rakthachilambu Part 2 by Dhileesh Edathara

Previous Parts

കൂരിരുട്ടില്‍ അടച്ചിട്ട തേങ്ങാ പുരയില്‍ ആയിരുന്നു കാളിയെ ബന്ധിച്ചു വെച്ചിരിക്കുനത്. ചുറ്റും ചിരട്ടയും,ചകിരിയും നിറഞ്ഞു കിടക്കുന്നുണ്ട്.വായ് മൂടികെട്ടിയാ കാരണം ഒന്നു നിലവിളിക്കാന്‍ പോലും സാധിക്കുന്നില്ല.

കഞ്ഞി കുടിച്ചു പാത്രം കഴുകാനായി പുറത്ത് വാഴതടത്തിന്നരികെ ഇരിക്കുമ്പോഴാണ് പിന്നില്‍ നിന്നും രണ്ടു കൈകള്‍ കഴുത്തിലൂടെ ചുറ്റുകയും,വായ് പൊത്തുകയും ചെയ്തത്.ശക്തിയായി ഒന്നു കുതറും മുന്പേ വേറൊരാള്‍ കാലുകള്‍ കൂട്ടിപിടിച്ചു കൊണ്ടു പൊക്കി കാളവണ്ടിയില്‍ കയറ്റുകയായിരുന്നു…..

ഒന്നു നിലവിളിക്കാന്‍ പോലും കഴിയാതെ കാളവണ്ടിയില്‍ കിടക്കുമ്പോള്‍ ദൂരെ വയ്യാത്ത കാലുമായി കാളീ എന്നുവിളിച്ചു ഓടിവരുന്ന തന്റെ ചെറുമന്‍ ചിണ്ടനെ ഒരു നിഴലുപോലെ കാണുന്നുണ്ടായിരുന്നു.അദ്ദേഹം‍ എവിടെ…..എന്ത് സംഭവിച്ചു…ആലോചിക്കുമ്പോള്‍ നെഞ്ചു കിടന്ന്‌ പിടക്കുന്നത്‌ കാളീ അറിഞ്ഞു…..

കലശം കഴിഞ്ഞു തന്റെ് പൊന്നോമന മണി വരുമ്പോള്‍ എന്താണ് സംഭവിക്കുക എന്ന് ആലോചിക്കാനേ കാളിക്ക് കഴിയുന്നില്ല…
തന്റെ ശരീരം മോഹിച്ചു ആയിരിക്കില്ല ദേവന്‍ തന്നെ പിടിച്ചുകൊണ്ട് വന്നിരിക്കുന്നത്….ഒന്നുമില്ലെങ്കിലും രണ്ടുപേരുടെയും ഞരമ്പുകളില്‍ ഓടുന്ന ചോര ഒന്നു തന്നെ അല്ലെ…….വേറെന്തോ ഗൂഡ ലക്ഷ്യം ഉണ്ട്….എത്ര ആലോചിച്ചിട്ടും കാളിക്ക് പിടികിട്ടുന്നില്ല……….തന്റെ് ചിണ്ടനും,മണിക്കും ഒരാപത്തും വരുത്തല്ലേ എന്ന് പറഞ്ഞുകൊണ്ട് ഇഷ്ട്ട ദൈവമായ മുത്തിയെ മനസ്സില്‍ പ്രാര്ഥിച്ചു…………………….

നാട്ടുവഴിയിലൂടെ കൈയ്യില്‍ അരിവാളും പിടിച്ചു മണി തെക്കുംപാട്ട് തറവാട് ലക്ഷ്യമാക്കി ഓടികൊണ്ടിരുന്നു. ചാമിമൂപ്പന്‍ പറയാറുള്ള കഥകളിലെ കരിങ്കുട്ടിയും,മറുതയും,കുട്ടിച്ചാത്തനും ഒന്നും മനസ്സിലേക്ക് വന്നില്ല.അതുകൊണ്ട് തന്നെ കൂരാ കൂരിരുട്ടിലൂടെ ഓടുമ്പോഴും മണിക്ക് പേടി തോന്നിയില്ല അമ്മയെയും,അച്ഛനെയും കാണണം അത് മാത്രമായിരുന്നു മനസ്സില്‍…..

ഓടികൊണ്ടിരുന്ന മണി പെട്ടെന്ന് കിതച്ചുകൊണ്ട് നിന്നു…ഇടത്തോട്ടുള്ള വഴിയിലൂടെ പോയാല്‍ തെക്കുംപാട്ടെ ദേവി ക്ഷേത്രം.അത് കഴിഞ്ഞാല്‍ തെക്കുംപാട്ടെ തറവാടിന്റെ പഠിപ്പുരയായി….പക്ഷെ അത് വഴി നടക്കാന്‍ പോലും തങ്ങള്ക്കു അവകാശമില്ല…..

വലത്തോട്ടുള്ള വഴിയിലൂടെ പോയാല്‍ കാണുന്നത് പുഴയാണ്.പുഴയുടെ തീരം പിടിച്ചു നടന്നാല്‍ വയലിലേക്ക് ചെന്നെത്താം.ആ വയലിലൂടെ നടന്നാണ് തെക്കുംപാട്ടെ തറവാട്ടിലെ പറമ്പിലെ പണിക്ക് പണിക്കാരെല്ലാം പോകാറുള്ളത്.
പരന്നുകിടക്കുന്ന വയലിലൂടെ ഓടിയെത്താന്‍ സമയം എടുക്കും….എത്രയുംവേഗം തറവാട്ടില്‍ എത്തണം അതിനു ഇടത്തോട്ടു നടക്കുക മാത്രമേ വഴിയുള്ളൂ….

മണി രണ്ടും കല്പ്പിച്ചു ഇടത്തോട്ടുള്ള വഴിയിലൂടെ നടന്നു.ഇപ്പോള്‍ ഉള്ളില്‍ പേടി തോന്നുന്നുണ്ട്..അമ്മ ഒരിക്കല്‍ പറഞ്ഞു തന്നത് ഓര്മ്മ യില്‍ വന്നു…നമ്മള്‍ ഈ വഴി വന്നാല്‍ ദേവി അശുദ്ധി ആവും….നമുക്കും നമ്മുടെ കുലത്തിനും ശാപം കിട്ടും…..താന്‍ ചെയ്യുന്നത് തെറ്റാണല്ലോ എന്നോര്ത്തു് മണിയുടെ നെഞ്ചിടിപ്പ് കൂടി….