അരമത്തിലിനു ചേർന്ന് L ആകൃതിയിൽ ഒരു ചിലലമാരയും ഒരു പഴകിയ പ്ലാവിന്റെ തടിയിൽ തീർത്ത ടേബിളും.
അലമാര നിറഞ്ഞ് പലഹാരങ്ങൾ ഇരിക്കുന്നുണ്ട്.
സമോവറിനടുത്തു പത്തെഴുപത് വയസ് പ്രായം തോന്നുന്ന ഒരു മനുഷ്യൻ തല മുഴുവൻ പറ്റെ വെട്ടി അതേ നീളത്തിൽ തന്നെ താടിയും വൃത്തിയായി ഷേവ് ചെയ്ത് വച്ച് നിൽക്കുന്നുണ്ട്.
ഒരു വെള്ള ഹാഫ് കൈ ബനിയനും വെള്ള കള്ളിമുണ്ടും ആണ് വേഷം.
അങ്ങിങായി ചായകറകളും ചെറിയ ഓട്ടകളും വീണ ആ ബനിയനിൽ അദ്ദേഹത്തിന്റെ ബലിഷ്ഠമായ ശരീരം ഒട്ടി നിൽക്കുന്നുണ്ട്.
കയ്യിലും മുഖത്തും കാലങ്ങൾക് മുന്നേ എന്നോ വന്നു പോയ വസൂരികലകൾ ഉണ്ടായിരുന്നു.
“ശംസുക്കാ… രണ്ട് ചായ”
ആ മനുഷ്യനെ നോക്കി ചുറ്റും കണ്ണോടിച്ച് ഷാനു വിളിച്ച് പറഞ്ഞു.
അയാളവരെ ഒന്ന് സൂക്ഷിച്ചുനോക്കി.
രണ്ട് ഗ്ലാസിലും ആവശ്യത്തിന് പഞ്ചസാര നിറച്ചു സമോവാറിന് മുകളിലെ തിളക്കുന്ന പാൽപാത്രത്തിൽ നിന്ന് രണ്ട് തവി പാൽ രണ്ട് ഗ്ലാസ്സിലേക്കും പകർന്നു.
ശേഷം സമോവറിന്റെ മുകളിലെ ചായില കഷായത്തിൽ മുങ്ങിയ അരിപ്പഗ്ലാസിൽ നിന്ന് ചായില കഷായം ഗ്ലാസ്സിലെ പാലിലേക് ഷംസുക്ക പകർന്നു. പാൽ പതിയെ വെള്ളയിൽ നിന്ന് തവിട്ടു നിറത്തിലേക് മാറി.ആവശ്യത്തിന് കടുപ്പം ആയി എന്ന് ഉറപ്പ് വരുത്തി അരിപ്പഗ്ലാസ്സ് തിരികെ വച്ച് അടുത്തിരുന്ന അലൂമിനിയത്തിന്റെ വലിയൊരു കപ്പ് എടുത്ത് ചില്ലുഗ്ലാസ്സിലെ ചായ അതിലോട്ടും തിരിച്ചും മാറി മാറി നീട്ടിയടിച്ചു.
ഒരു കലാകാരന്റെ പ്രകടനം കാണുന്ന ചേലിൽ ഷാനും ഖാലിതും അത് നോക്കി ആസ്വദിച്ചു.
രണ്ട് ഗ്ലാസിൽ ആവി പറക്കുന്ന ചൂട് ചായ ഷംസുക്ക അവർക്ക് മുൻപിലേക് വെച്ചുകൊടുത്തു. ഗ്ലാസ്സ് ഒന്ന് മൂക്കിനടുത്തേക് കൊണ്ടുവന്ന് ശ്വാസം ഷാനു ഉള്ളിലേക്കു വലിച്ചു തേയിലയുടെയും പാലിന്റെയും കലർന്ന മണം ആസ്വദിച്ച് അവൻ ഗ്ലാസിന്റെ വക്കിൽ അങ്ങിങായി പട്ടിപിടിച്ചിരിക്കുന്ന പഞ്ചസാര തരികളിൽ വായ വെച്ച് ഒരിറക് കുടിച്ച് കണ്ണടച്ചാസ്വദിച്ചു.
അവന്റെ പ്രവർത്തി കണ്ട ഷംസുക്കയും ഖാലിദും ചിരിച്ചു.
ചായകുടിക്കുന്ന അവരെയും പുറത്ത് കിടക്കുന്ന വണ്ടിയും മാറിമാറി നോക്കി ഷംസുക്ക ചോദിച്ചു.
“നാലാളും എത്തിയോടാ മക്കളെ…”
തങ്ങളെ തിരിച്ചറിഞ്ഞ ഒരു ചാരുഥാർഥ്യത്തിൽ അവർ എത്തി എന്ന് മറുപടി കൊടുത്തു. അവരുടെ സംസാരം കേട്ട് തൊട്ടടുത്തു ഇരുന്ന സച്ചി ഉറക്കെ ഷാനുവിനെ വിളിച്ചു.
വിളികേട്ട ഷാനുവിനാദ്യം ആളെ മനസിലായില്ല.കുറച്ചു നേരത്തെ പരിചയപ്പെടുത്തലിനു ശേഷം സച്ചിൻ എന്ന സച്ചിയെ രണ്ടാളും ഓർത്തെടുത്തു.ഒരുവിധം അവൻ ഓര്മിപ്പിച്ചെടുത്തു എന്നതാണ് സത്യം.