മുഖത്തു ചായങ്ങളോ ചമയങ്ങളോ ഇല്ലാതെ തന്നെ അവരൊരുപാട് സുന്ദരിയായിരുന്നു.
ആ കണ്ണുകൾക്കു വല്ലാത്തൊരു തീഷ്ണത നിറഞ്ഞു നിൽക്കുന്നുണ്ട്.
അവനൊരിക്കലും കണ്ടിട്ടില്ലാത്ത എന്നാൽ കാണുംതോറും അവനെ വലിച്ചടുപ്പിക്കുന്നൊരു മുഖം.
അവനെ പ്രസവിച്ച അവനിതുവരെ കാണാത്ത സ്വന്തം ഉമ്മയുടെ മുഖം.
അന്നേരം അവനിലൊരു വല്ലാത്ത നഷ്ടബോധം ഉടലെടുത്തു മനസെല്ലാം വിങ്ങി പൊട്ടും പോലെ. അവനവിടെ നിലത്തിരുന്ന് കാലിൽ തലവെച്ചു കൈ കൊണ്ട് മുഖം പൊത്തി കരഞ്ഞു.
കണ്ണുനീർ അവന്റെ കയ്യിലെ മോതിരത്തിലൂടെ ചാലിട്ടൊഴുകി തറയിൽ വീണു പൊട്ടിച്ചിതറി കൊണ്ടിരുന്നു.
കുറച്ചു നേരം കഴിഞ്ഞാണ് ഷാന് ബോധം വന്നത് കണ്ണുനീരൊഴുകിയ വഴികൾ വരണ്ടുണങ്ങിയ പാടം പോലെ തോന്നിപ്പിച്ചു.
ആരാണാ സ്ത്രീ താനിതുവരെ കണ്ടതിൽ വെച്ചേറ്റവും സുന്ദരിയായവൾ.
അവനൊരുപാടാലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല.
താൻ എന്തിനിങ്ങനെ കരഞ്ഞു എന്ന കാര്യം അവനും ആശ്ചര്യമായിരുന്നു.
തുറന്നു കിടന്നിരുന്ന ജനൽ പാളികളിലൂടെ അവൻ പുറത്തേക് നോക്കി നിലാവിന്റെ നീലവെളിച്ചം ഇരുട്ടത്തും എല്ലാം പകല്പോലെ കാണാൻ പറ്റുന്നുണ്ട്.പുറത്തു തൊടിയിൽ മൂവാണ്ടൻ മാവിൽ ഒരു രാപുള്ള് അവനെ നോക്കി ഇരുന്ന് കരഞ്ഞു.
അവനതിനെ സൂക്ഷിച്ചു നോക്കി പെട്ടെന്നാണ് ജനലിനടുത്തുകൂടി ഒരു കടവാവൽ താഴ്ന്ന് പറന്നത്. പെട്ടെന്നുള്ള കാഴ്ച്ചയിൽ ഭയന്ന് അല്ലാഹ് … എന്ന് വിളിച്ചുകൊണ്ടവൻ പുറകോട്ട് ചാടി. ബെഡ് ടേബിളിനുമുകളിൽ വെച്ചിരുന്ന വെള്ളത്തിന്റെ ജഗ് അവന്റെ കൈ തട്ടി താഴെ വീണുപൊട്ടി. അവനതിന്റെ മുകളിലൂടെയാണ് വീണത്.
കൈ ചില്ലിൽ കുത്തിക്കീറി ചോരയൊഴുകാൻ തുടങ്ങി.
ചോരയൊഴുകുന്നത് കണ്ടവൻ ഒന്ന് പേടിച്ചു ഉള്ളങ്കയ്യിൽ കുറച്ചാഴത്തിൽ ഒരു ചില്ലിന്റെ കഷ്ണം കേറിയിട്ടുണ്ട്.കയ്യാകെ മൊത്തം ചോരയിൽ കുളിച്ചിട്ടുണ്ട് അടുത്തിരുന്ന ഉടുക്കാൻ വെച്ചിരുന്ന കള്ളിമുണ്ടിന്റെ കോന്തല കീറി അതുമായവൻ ബാത്റൂമിലേക്കോടി.
കയ്യിൽ കയറിയ ചില്ലിന്റെ കഷ്ണം വലിച്ചൂരിയവൻ ചോര കഴുകിക്കളഞ്ഞു.
അത്ര വലിയ മുറിവല്ല പക്ഷെ നല്ല നീറ്റലുണ്ട് അവൻ നല്ലവണ്ണം മുറികഴുകി കീറിയ തുണികഷ്ണം കൊണ്ട് മുറി കെട്ടി താഴെ അടുക്കളയിൽ ചെന്നു.
കുറെ നേരത്തെ ശ്രമത്തിനൊടുവിൽ അവൻ മഞ്ഞപൊടിയിട്ടു വെക്കുന്ന പാത്രം കണ്ടുപിടിച്ചു മുറികെട്ടിയ തുണി അഴിച് മഞ്ഞള്പൊടിയിൽ നിന്ന് കുറച്ചെടുത്തവൻ മുറിവിൽ നേരെ പൊത്തി.
ഹൂ…ഹൂ…അവനൊന്ന് ഒച്ചയിട്ടു.
നീറ്റം കുറഞ്ഞശേഷം അവൻ തിരികെ ആ തുണികൊണ്ട് തന്നെ കയ്യൊന്നു മുറുക്കി കെട്ടി പല്ലുകൊണ്ട് കടിച്ചുവലിച്ചു കെട്ട് ഒന്നുകൂടി ഭദ്രപെടുത്തി.