ഖുനൂസിന്റെ സുൽത്താൻ EP-3 [Umar] 334

 

അബു ഏത് കാര്യത്തെയും തമാശയിൽ എടുക്കുന്നവൻ പൊതുവെ ആരും അവനോട് അതുകൊണ്ട് തന്നെ ഗൗരവമുള്ള വിഷയങ്ങളൊന്നും സംസാരിക്കുന്നത് കേട്ടിട്ടില്ല.അവന്റെ ഉള്ളിൽ വിഷയങ്ങളെ അർഹിക്കുന്ന ഗൗരവത്തിൽ എടുക്കാൻ സാധിക്കുന്ന പക്വതയുള്ളൊരു മുഖം ഉണ്ടെന്ന് ആർക്കും അറിയില്ലായിരിക്കും.

 

“നീയിനി അവളേം ആലോചിച്ചു നടന്ന അത് നിനക്കല്ല അവൾക്കാണ് കൂടുതൽ പ്രശ്നം അതോണ്ട് നീ ഒന്ന് ഉഷാറാവ്.”

അബു തന്റെ പ്രബോധനം നിർത്തി ഉമറിനെ നോട്ടീസ്ബോർഡിൽ പരീക്ഷാഫലം നോക്കുന്ന കുട്ടിയുടെ ആവേശത്തിൽ നോക്കി.അവന്റെ നോട്ടം കണ്ട ഉമറിന്റെ മുഖത്തു ചെറിയൊരു ചിരി മിന്നിമാഞ്ഞു.

 

“നത്ത് നോക്കണ പോലെ നോക്കണ്ട എനിക്ക് കൊഴപ്പോന്നുല്ല ഓളെ കണ്ട ഷോക്കിൽ ഒന്ന് ഡെസ്പ് ആയതാ ശരിയായിക്കോളും. നീ വണ്ടിയെടുക്ക് ”

 

“ഓ…മ്ബ്രാ…”

 

അബു കുനിഞ്ഞുനിന്ന് കയ്യ്കൊണ്ട് വായ് മൂടി കളിയാക്കി കൊണ്ട് പറഞ്ഞു.

 

ഏല്പിച്ച ഉത്തരവാദിത്വങ്ങളെല്ലാം തീർത്ത് സഹോദരങ്ങളെല്ലാം വീട്ടിൽ ഒത്തുകൂടി.രാത്രി വൈകുവോളം കഥകളും ചിരിയുമായി ഏഴു കൊല്ലത്തെ പരാതികളും പരിഭവങ്ങളും അവരവിടെ പറഞ്ഞുതീർത്തു.

 

വളരെ വൈകി റൂമിലെത്തിയ ഷാനു കിടക്കും മുന്നേ കുളിക്കാനായി ഡ്രസ്സ് അഴിക്കുന്നതിനിടെ പോക്കറ്റിൽ നിന്ന് മോതിരം നിലത്തു ചാടി. റൂമിലെ ബൾബിന്റെ വെട്ടത്തിൽ മോതിരത്തിൽ പതിപ്പിച്ച പച്ചക്കല്ലു വെട്ടിത്തിളങ്ങി. ഭവാനിയമ്മ പറഞ്ഞ കാര്യം അവന്റെ മനസ്സിലൊരുവട്ടം മിന്നി മറഞ്ഞു.

 

“ഈ മോതിരങ്ങൾ നിങ്ങളെക്കാൾ അർഹരായവരെ കണ്ടുമുട്ടി കൈമാറും വരെ ഏത് സാഹചര്യത്തിലും സംരക്ഷിക്കാം എന്നെനിക് വാക്കുതരണം.”

 

എന്തിനായിരിക്കും അവരങ്ങനെ പറഞ്ഞത് തലപുകഞ്ഞാലോചിട്ടും ഒരുത്തരം അവനു കണ്ടെത്താനായില്ല.

അവൻ അലാവുദ്ധീന് അത്ഭുതവിളക്ക് കിട്ടിയ ചേലിൽ ഒന്ന് രണ്ട് പ്രാവശ്യം അതിൽ തടവിയും ഉരച്ചും എല്ലാം നോക്കി പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത നിരാശയിൽ അവൻ അതിനെ തിരിച് ടേബിളിൽ വെക്കാനൊരുങ്ങി.

 

അവനെന്തോ അതന്നേരം വിരലിലണിയാനാരോ നിർബന്ധിക്കും പോലെ തോന്നി രണ്ടും കല്പിച്ചവനത് മോതിരവിരലിലണിഞ്ഞു.

 

അവനെ തഴുകി തലോടി  ഒരു കുഞ്ഞുകാറ്റ് കടന്നു പോയി. കുഞ്ഞുനാളിൽ ഉറങ്ങാൻ മടികാണിച്ചു കിടക്കുന്നേരം ഉമ്മ അവനെ മടിയിൽ കിടത്തി പാട്ടുപാടി തലോടി ഉറക്കിയിരുന്നത് പോലെയാണവന് തോന്നിയത്.

 

പക്ഷെ അവനോർമ വന്നത് പരിചയമില്ലാത്തൊരു സ്ത്രീമുഖമായിരുന്നു.കരിനീല പട്ടിൽ നെയ്തെടുത്ത വസ്ത്രത്തിൽ സ്വർണത്തിന്റെ മിനുക്കുപണികൾ  ചെയ്ത വസ്ത്രം.

തലയിൽ സ്വർണത്തിന്റെ ചെറിയ കിരീടം.കാതിൽ നീണ്ടു തോളിനൊപ്പം കിടക്കുന്ന സ്വർണത്തിൽ കല്ലുപതിപ്പിച്ച കമ്മൽ.അടയാഭരണങ്ങൾ വളരെ കുറച്ചു പേരിനു മാത്രം.

Updated: July 13, 2024 — 1:19 am

Leave a Reply

Your email address will not be published. Required fields are marked *