പ്രവാസിയുടെ പെട്ടിയുടെ മാറ്റം 22

അവൻ കാറിൽ കയറി ഇരുന്നു. അവൻ പോകുന്നത് കാണാൻ വിഷമമുണ്ടെങ്കിലും പോകുന്നത് നോക്കി നിൽക്കുകയാണ്. പെട്ടെന്നാണ് അവൻ കാറിൽ നിന്നും ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നത്. എന്താണെന്നറിയാതെ ഞങ്ങൾ നിൽക്കുമ്പോൾ ഷുക്കൂർ എന്റടുത്ത് വന്ന് കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു ‘ഉമ്മാ, ഉമ്മ സുലുവിനേയും മോനെയും നോക്കണം…’ അവൻ കരയാൻ തുടങ്ങി. ‘മോനെ അവളെ ഞാൻ സ്വന്തം മോളായാണ് കരുതിയിട്ടുള്ളത്‌. എന്റെ മരണം വരെ അങ്ങിനെ ആയിരിക്കും’.
അവൻ കാറിൽ കയറി യാത്രയായി.
രണ്ട് മാസം കഴിഞ്ഞിട്ടുണ്ടാവും ഒരു ദിവസം രാത്രി ഉറക്കം തീരെ വരുന്നില്ല. നെഞ്ചത്തൊരു വേദന പോലെ.. എന്റെ ഞരക്കം കേട്ട് അടുത്ത കട്ടിലിൽ കിടന്നിരുന്ന സുലു എഴുന്നേറ്റ് വന്ന് കുഴമ്പ് എടുത്ത് തടവി. കുറച്ചു ആശ്വാസം കിട്ടി. എന്നിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല.
എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല.
ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടാണ് ഉണർന്നത്. സുലുവാണ് ഫോണ്‍ എടുത്തത്. എന്റെ ഇക്കാക്ക് എന്ത് പറ്റി എന്ന് ചോദിച്ചു കൊണ്ട് അവളുറക്കെ കരയാൻ തുടങ്ങി.
സുലുവിന്റെ കരച്ചിൽ കേട്ട് അടുത്ത വീട്ടിലെ സലാം ഓടിയെത്തി. ഫോണ്‍ അറ്റൻഡ് ചെയ്തു. അവന്റെ സംസാരത്തിൽ നിന്നും എന്തോ പ്രശ്നമുള്ളത് പോലെ തോന്നി. എന്റെ അടുത്ത് സലാം വന്ന് പറഞ്ഞു. ‘ഉമ്മാ, നമ്മുടെ ഷുക്കൂറിന് വയ്യാതെ ആയി ഇന്നലെ രാത്രി ആശുപത്രിയിൽ കൊണ്ട് പോയി. പേടിക്കേണ്ട ഉമ്മ. അല്ലാഹുവിനോട് പ്രാർഥിക്കുക’. പിന്നെയും എന്തൊക്കെയോ അവൻ പറയുന്നുണ്ടായിരുന്നു. ആളുകൾ വരികയും ഫോണ്‍ ചെയ്യുകയും ചെയ്യുന്നത് കണ്ടപ്പോൾ എന്റെ മോന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് തോന്നി. ഒടുവിൽ ആ സത്യം കുറേശ്ശേയായി മനസ്സിലായി… എനിക്കൊന്നും ഓർമയില്ല.
എന്റെ മോന്റെ കാര്യം ആലോചിക്കുമ്പോൾ ആൽമഹത്യ ചെയ്യാൻ തോന്നി. പിന്നീട് മനസ്സ് പറഞ്ഞു, അത് ചെകുത്താന്റെ പണിയാണെന്ന്. എന്തിന് നരകം വാങ്ങണം? എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിച്ചു. അപ്പോൾ മനസ്സിനൊരു സമാധാനം വന്നത് പോലെ. അല്ലെങ്കിലും ഇതൊക്കെ അല്ലാഹുവിന്റെ പരീക്ഷണമല്ലേ? ഇതിന്നാണോ അവൻ ഇപ്രാവശ്യം പോകുമ്പോൾ കാറിൽ നിന്ന് ഇറങ്ങി വന്ന് എന്നോട് രണ്ടാമതും യാത്ര ചോദിച്ചത്? അവന്റെ മരണസമയത്ത് എനിക്ക് നെഞ്ഞു വേദന വന്നത്?

1 Comment

  1. പ്രവാസിയുടെ വേദന ആരും കാണില്യടോ

Comments are closed.