പ്രവാസിയുടെ പെട്ടിയുടെ മാറ്റം 22

പ്രവാസികൾ കറവപ്പശുക്കളെ പോലെയാണ്. കിട്ടാവുന്ന പാൽ മുഴുവൻ കറന്നെടുക്കും, ചോര വരുന്നത് വരെ. ആ സമയത്തൊക്കെ നല്ല സ്നേഹമൊക്കെ കാണിക്കും. അത് കഴിഞ്ഞു പാൽ ഇനി കിട്ടില്ല എന്ന് ഉറപ്പാവുമ്പോൾ അതിനെ കശാപ്പുകാർക്ക് അറക്കാൻ കൊടുക്കും. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു മെഴുകുതിരി പോലെ എന്നും പറയാം. ജീവനാഡി കത്തിച്ചു മറ്റുള്ളവർക്ക് വെളിച്ചം നൽകി മരിച്ചു പോകുന്ന മെഴുകുതിരി.
‘ഷുക്കൂറെ ഈ പെട്ടി ഞാനെടുത്തോട്ടെ.. അളിയന് ഇതിന്റെ ആവശ്യമുണ്ട്. നീ തിരിച്ചു പോകുമ്പോൾ കാർട്ടൂണ്‍ പെട്ടി മതിയല്ലോ?’ മൂത്ത സഹോദരി പറഞ്ഞപ്പോൾ മനമില്ലാമനസ്സോടെ ഷുക്കൂർ സമ്മതിച്ചു.
‘മോനെ, മോന്റെ വിഷമം എനിക്കറിയാം. ഉമ്മ എന്താ ചെയ്യാ?’ എന്ന് ഞാൻ പറഞ്ഞപ്പോൾ ‘ഇല്ല, എനിക്കൊരു വിഷമവുമില്ലുമ്മ’എന്ന അവന്റെ വാക്ക് കേട്ടപ്പോൾ മനസ്സിലൊരു നെരിപ്പോട് പോലെ.
സുലു അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുകയാണ്. സഹോദരിമാർ ഒന്ന് സഹായിക്കുന്നു പോലുമില്ല. അവർ ഷുക്കൂർ കൊടുത്ത (അതോ അവർ എടുത്തതോ) സാധനങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ സംസാരിക്കുകയാണ്.
ഭക്ഷണം കഴിച്ചു കഴിഞ്ഞ് എന്റെ മുന്നിൽ വെച്ച് ഷുക്കൂർ സുലുവിനോട് ചോദിച്ചു.
‘സുലൂ .. നീ എന്റെ ഭാര്യയായത് നിന്റെ കഷ്ടകാലം അല്ലെ?’
‘ഇല്ല. ഇക്ക ഇതൊന്നും സാരമാക്കേണ്ട’ അവളുടെ മറുപടി കേട്ടപ്പോൾ ഷുക്കൂർ കരയുന്നത് ഞാൻ കണ്ടു. എനിക്കും നിയന്ത്രിക്കാനായില്ല.
പിന്നെ, ഇടയ്ക്കിടെ പെണ്‍ മക്കൾ വന്ന് ഷുക്കൂറിനോടും എന്നോടും അവരുടെ പരാതികളും ആവശ്യങ്ങളും പറഞ്ഞു തുടങ്ങി. കുറെയൊക്കെ അവൻ സഹായിച്ചു. എന്നിട്ടും പരാതികൾ തന്നെ ബാക്കി. ഗൾഫുകാരെ കാണുമ്പോഴാണോ പരാതികൾ പൊട്ടിമുളക്കുന്നതെന്ന് പോലും തോന്നിയിട്ടുണ്ട്.
രണ്ടു മാസം പെട്ടെന്ന് തീർന്ന പോലെ. ഇന്ന് എന്റെ മോൻ പെര്ഷ്യക്ക് പോകയാണ്. പോകുന്ന കാര്യം ആലോചിക്കുമ്പോൾ വരുമ്പോഴുണ്ടാകുന്ന സന്തോഷം ഇല്ലാതാവുന്നു.
അവന് പോകാനുള്ള കാർ വന്നു. എല്ലാവരോടും അവൻ യാത്ര പറഞ്ഞു. ഇനി രണ്ടു കൊല്ലം കഴിഞ്ഞേ അവൻ വരികയുള്ളൂ. എന്റെ അടുത്ത് വന്ന് അവൻ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. ‘ഉമ്മാ, എനിക്കും കൂടി പ്രാർഥിക്കണം’ അവൻ പറഞ്ഞു
‘മോനെ ഉമ്മ എപ്പോഴും നിങ്ങൾക്കൊക്കെ വേണ്ടി പ്രാർഥിക്കും’.

1 Comment

  1. പ്രവാസിയുടെ വേദന ആരും കാണില്യടോ

Comments are closed.