പിച്ചകപ്പൂക്കള്‍ 2132

Views : 2432

“ഡിയർ മനിയാ ഈ വാക്കുകൾ വല്ലാതെ നിരാശപ്പെടുത്തുന്നു. ആരു പറഞ്ഞു മനിയ തോൽക്കാൻ ജനിച്ചവളാണെന്ന്? ഇനിയുമെത്രയോ ജീവിതം ബാക്കി നിൽക്കുന്നു. തോൽക്കുവാനല്ല തോറ്റുകൊടുക്കില്ല എന്ന ധൈര്യമാണ് ആദ്യമാർജ്ജിക്കേണ്ടത്. ഞങ്ങളൊക്കെയുണ്ടല്ലോ അടുത്ത്. എല്ലാത്തിനുമുപരിയായി പ്രാർത്ഥന എന്നൊന്നില്ലേ. ഈ കണ്ണുകൾ നിറയുന്നത് ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട് കേട്ടോ”

ഇല്ല ദീദി. ഇത് സന്തോഷത്തിന്റെ കണ്ണുനീരാണ്. ഏറ്റവും സ്നേഹം നിറഞ്ഞ രണ്ടുപേരുമായി ഒരു സായാഹ്നം ചെലവിട്ടതിന്റെ നല്ല ഓർമ്മകളുമായാണ് ഞാൻ യു. എസിലേക്ക് പോകുന്നത്. എനിക്കുവേണ്ടി മാറ്റിവച്ച സമയത്തിനായി നന്ദി പറയുന്നു. ആ വലിയ മനസ്സുകൾക്കും. ദൈവം അനുഗ്രഹിക്കട്ടെ” ബ്ലാങ്കറ്റ് പുതച്ചുകൊണ്ട്  സുനിതാ ദീദിയുടെ കൈയും പിടിച്ച് വില്ലയിലേക്ക് നടക്കുമ്പോൾ മനീഷാ ജി പറഞ്ഞു.

* *     * *       * *      * *

“ഹ്യുമിഡിറ്റി കാരണം ഒരു പക്ഷെ നീലാകാശം കാണാൻ പറ്റിയെന്ന് വരില്ല”

പൂക്കൾ നിറച്ച ഫ്ലവർ ബാസ്ക്കറ്റുമായി വാർഡിലേക്ക് വരുമ്പോൾ ആശുപത്രിയിലെ മലയാളിയായ നഴ്സ് പറഞ്ഞു.

“ട്രീറ്റ്മെന്റിനു ശേഷം ആരോഗ്യം വീണ്ടെടുത്തു കഴിയുമ്പോൾ ഞങ്ങളുടെ കേരളത്തിലോട്ടൊക്കെയൊന്ന് വരില്ലേ മനീഷാ മാഡം?”

“തീർച്ചയായും സഞ്ജനാ . ഗുരുവായൂരും  മൂന്നാറുമൊന്നും എനിക്കന്യമല്ലല്ലോ”

പിച്ചകപ്പൂക്കളുടെ സൗരഭ്യം ഡോക്ടറിനും ഇഷ്ടപ്പെട്ടു.

“ഇറ്റ്സ് റിയലി അമേസിംഗ്. ഞങ്ങളുടെ മനസ്സിലും ഇവ സുഗന്ധം പകരുകയാണ്”

“ഡോ. ചാങ്ങ് , അങ്ങ് സാന്ത്വനവാക്കുകൾ പറയുകയാണെന്ന് എനിക്കറിയാം. സത്യത്തിൽ ഉള്ളിൽ മൗനമല്ലേ? ഏതാനും മണിക്കൂറുകൾ അല്ലെങ്കിൽ ഏതാനും ദിവസങ്ങൾ. ആയുസ്സിന്റെ ദൈർഘ്യം ഇതിനോടകം തീരുമാനിക്കപ്പെട്ട ഒരു രോഗിയോട് പറയുന്ന ആശ്വാസ വാക്കുകൾ. പരിമിതികൾക്ക് വിധേയം, മുറിപ്പെടുത്തലുകൾക്ക് വിധേയം എന്ന് മനസ്സിൽ രേഖപ്പെടുത്തിയ പിൻകുറിപ്പുകളുമായി”

“നോക്കൂ മിസ് മനീഷാ. മെഡിക്കൽ സയൻസിനും ഞങ്ങൾക്കും പരിമിതികളുണ്ടെന്നറിയാഞ്ഞിട്ടല്ല. എങ്കിലും ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. ഓരോ പ്രാവശ്യവും ഞാൻ ഓപ്പറേഷൻ തിയേറ്ററിലേക്ക് പോകുന്നതും പ്രാർത്ഥനയിൽ മുഴുകിയിട്ടാണ്. അത് ആത്മശക്തി നൽകുന്നു. ഭാര്യയുടെ പ്രാർത്ഥനയും ഉണ്ടെന്ന് കൂട്ടിക്കോളൂ. അവർ താങ്കളുടെ സിനിമകൾ കാണാറുണ്ട്”

“അതെയൊ. എന്റെ അന്വേഷണങ്ങൾ അറിയിക്കു. വളരെ നന്ദി”

“ഒഫ്കോഴ്സ് ഐ വിൽ ഡു”

സമാശ്വാസം പകരുന്ന മുഖങ്ങൾക്കുമപ്പുറം മൗനമാണ് അനുഭവിക്കുന്നത്. തന്റെ മനസ്സിൽ, പ്രകൃതിയിൽ, ദൈവം പോലും അകലം നിർണ്ണയിച്ച് മൗനം പൂകുന്നു. സർജറിക്ക് തലേന്ന് രാത്രി അനിൽ ജി വിളിച്ചപ്പോഴും കഠിനമായ ഒരു മൗനത്തിന്റെ ഭീതി മനസ്സിനെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു.

Recent Stories

The Author

Hareesh Babu

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com