ഒറ്റക്കൊലുസ്‌ 18

പിന്നീടെപ്പോഴോ ഉറക്കത്തിലേക്ക്..
ഉറക്കത്തിൽ അവളാ ചിത്രം വീണ്ടും കണ്ടു. രേണുവിന്റെ വീട്ടിലെ ചുമരിലെ ചിത്രം .
ഒറ്റക്കൊലുസിട്ട ഒരു പെണ്കുട്ടിയുടെ ചിത്രം… ആ ചിത്രത്തിൽ നിന്നും ആ പെണ്കുട്ടി ഇറങ്ങി വന്നു അവളെ നോക്കി പുഞ്ചിരിച്ചു.. ചിരിച്ചു കൊണ്ട് അവളുടെ തലയിൽ തടവി കൊണ്ടിരുന്നു. പിന്നെ പതിയെ അവളുടെ കാലിലെ ഒരു കൊലുസൂരി ഓടിയകന്നു. .പിന്നാലെ അവളും ഓടി.. ഓടിയോടി തളർന്നവളെ താങ്ങാൻ രണ്ടു കൈകൾ നീണ്ടു വന്നു ..അയാൾക്കും പഴയ പൂച്ചക്കണ്ണന്റെ മുഖമായിരുന്നു. തന്റെ സേതുവിന്റെ മുഖം..അയാളുടെ ഇടം കയ്യിൽ ആരോ ഉണ്ടായിരുന്നു.. അതൊരു കുട്ടിയായിരുന്നു… അവരെല്ലാം കൂടി അവൾക്കു ചുറ്റും നിന്നു പൊട്ടിച്ചിരിച്ചു..

ചെവി പൊത്തികൊണ്ടു സംഗീത കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റു.. അവളുടെ കൊലുസിന്‌ വേണ്ടി , മിഴികൾ കാലുകളിലേക്ക് നീണ്ടുചെന്നു.
നീണ്ടു , വിളർത്ത കാൽവണ്ണയിൽ ഒന്നിൽ മാത്രം , ഒരെണ്ണം ചേർന്നു കിടന്നിരുന്നു..ഒന്നെവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.. രേണുവിന്റെ വീട്ടിൽ നിന്നുള്ള വഴിയിലെവിടെയോ..