ഒറ്റക്കൊലുസ്‌ 18

രേണു ഒരു പകപ്പോടെ അവളെ നോക്കി.. വീണ്ടും തലതാഴ്ത്തി. തലയാട്ടി, വിറയലോടെ പറഞ്ഞു
“ഇല്ല..”

മുറിയിൽ മണ്ടി നടന്ന വണ്ടിലൊരെണ്ണം ഫാനിൽ തട്ടി തലയടിച്ചു രേണുവിന്റെ മടിയിൽ വീണു. അവളതിനെ ജനലിലൂടെ വലിച്ചു പുറത്തേക്കു കളഞ്ഞു.

പുറത്ത് ഒരു വണ്ടി വന്നു ഹോണ് മുഴക്കി. അതിന്റെ സ്വരം കെട്ടിട്ടാവണം മുറിയിൽ നിന്നും ഒരു തല പുറത്തു വന്നത്… രേണുവിന്റെ ചേച്ചി!
വാരാന്ത്യപതിപ്പിന്റെ മുഖചിത്രത്തിൽ ഒരുകാലത്തു ചിരി തൂകി നിന്നവൾ.. ചൊവ്വയുടെ അപഹാരത്തിൽ മങ്ങിപ്പോയ മുഖവും പേറി..

ഏഴു വയസ്സുകാരൻ കുട്ടി കഴുത്തിൽ വാട്ടർബോട്ടിലും തൂക്കി അകത്തേക്കു കയറിവന്നു..

“ഇതേ എന്റെ ക്ലാസ്‌മേറ്റാ..അടുത്തു തന്നെയാ ആന്റി താമസിക്കുന്നേ.”അവനെ ചേർത്തു പിടിച്ചു ഉമ്മ വെച്ചു രേണു പറഞ്ഞു..

രേണുവിന്റെ കയ്യിൽ നിന്നും കുതറിയോടി അവൻ രേണുവിന്റെ ചേച്ചിയുടെ അരികിൽ പോയി കഥ പറയാൻ തുടങ്ങി.

സംഗീത പതിയെ എഴുന്നേറ്റു.. അവന്റെ അടുത്തു ചെന്നു. കവിളിൽ ഉമ്മ വെച്ചു..
തന്റെ രേണുവിന്റെ മോൻ..!

രേണുവിനോട് യാത്ര പറഞ്ഞിറങ്ങാൻ നേരം സംഗീതയുടെ കാലിലെ പാദസരങ്ങൾ വെറുതെ ഒച്ചയുണ്ടാക്കി..
“നീയും ..ഇട്ടോ? “ഒരു ചിരിയോടെ രേണു അവളുടെ കാലിലേക്ക് നോക്കി ചോദിച്ചു.

“എനിക്കിഷ്ടമല്ലായിരുന്നു. പിന്നെ സേതുവിന് വല്ലാത്ത ഭ്രമമാണ് ഈ കിലുക്കത്തിനോട്..”കാലിൽ ചെരുപ്പുകൾ തിരുകി അവൾ പറഞ്ഞു.

യാത്ര പറഞ്ഞിറങ്ങാൻ നേരം പഴയ ആ വീടിന്റെ ചുമരിലെ ഒരാണിയിൽ തട്ടി അവളുടെ വലതുകൈ കോറിയത് വീട്ടിൽ ചെന്ന് കേറിയപ്പോഴാണ് അവൾ കണ്ടത്..

അന്ന് രാത്രി അവളുടെയും സേതുവിന്റെയും ഇടയിൽ മൂന്നാമതൊരാൾ കടന്നു വന്നു .രേണു!
അയാളുടെ നെഞ്ചിൽ തല വെച്ചു അവൾ പറഞ്ഞു കൊണ്ടേയിരുന്നു..
കൂട്ടുകാരിയുടെ പഴയ കഥകൾ, നിഴൽ പോലെ കൂടെ നടന്നിട്ടും തന്നെ ഒളിപ്പിച്ചു വെച്ച പ്രണയം, ഭ്രൂണം, സൗഹൃദം എന്ന വാക്കിനോട് വെറുപ്പ് തോന്നിയ നാളുകൾ, എന്നിട്ടും തനിക്ക് അവളോട്‌ തോന്നിയ മമത.. സ്നേഹം…
അവളുടെ സംസാരത്തിനു മുഴുവൻ അയാൾ ചെവിയോർത്തു.ഇടക്ക് മൂളി..